രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്‍റർ ആന്ധ്രയിൽ! 88000 കോടി നിക്ഷേപിക്കാൻ ഗൂഗിൾ, 188000 തൊഴിലവസരം

Published : Oct 10, 2025, 09:33 AM IST
google logo

Synopsis

ആന്ധ്രാപ്രദേശില്‍ 88000 കോടി നിക്ഷേപിക്കാൻ ഗൂഗിൾ ഒരുങ്ങുന്നു, ഗൂഗിള്‍ നിര്‍മ്മിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്‍റര്‍. ഇന്ത്യയില്‍ ഗൂഗിള്‍ നേരിട്ട് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. 

വിശാഖപട്ടണം: വിശാഖപട്ടണത്ത് ഒരു ജിഗാവാട്ട് (GW) ശേഷിയുള്ള ഡാറ്റാ സെന്‍റർ ക്ലസ്റ്റർ സ്ഥാപിക്കുന്നതിനായി അമേരിക്കന്‍ ടെക് ഭീമനായ ഗൂഗിൾ 10 ബില്യൺ ഡോളര്‍ (88000 കോടി രൂപ) നിക്ഷേപിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ നിക്ഷേപമാണ് ഗൂഗിൾ നടത്തുന്നത്. ഈ പദ്ധതി ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെയും ഏറ്റവും വലിയ ഡാറ്റാ ഹബ്ബായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. വിശാഖപട്ടത്തെ ഗൂഗിള്‍ ഡാറ്റാ സെന്‍റര്‍ ക്ലസ്റ്റര്‍ 188,000 തൊഴിലവസരം സൃഷ്‌ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഗൂഗിളിന്‍റെ വക മൂന്ന് കാമ്പസുകൾ

1 GW ശേഷിയുള്ള ഈ ഡാറ്റാ സെന്‍റർ ഹബ്ബിൽ വിശാഖപട്ടണം ജില്ലയിലെ അദവിവാരം, തർലുവാഡ ഗ്രാമങ്ങളിലും അനകപ്പള്ളി ജില്ലയിലെ റാമ്പിള്ളി ഗ്രാമത്തിലുമായി വ്യാപിച്ചുകിടക്കുന്ന മൂന്ന് കാമ്പസുകൾ ഉൾപ്പെടും എന്നാണ് റിപ്പോർട്ട്. ഗൂഗിളിന്‍റെ മെഗാ ഡാറ്റാ ഹബ് 2028 ജൂലൈയോടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

10 ബില്യൺ ഡോളറിന്‍റെ മെഗാ പ്രോജക്റ്റ്

ഡാറ്റാ സെന്‍ററിൽ മാത്രം ഒതുങ്ങുന്നതല്ല ഗൂഗിളിന്‍റെ നിക്ഷേപം. മൂന്ന് ഉയർന്ന ശേഷിയുള്ള സബ്‍മറൈൻ കേബിളുകൾ, കേബിൾ ലാൻഡിംഗ് സ്റ്റേഷനുകൾ, ഒരു മെട്രോ ഫൈബർ നെറ്റ്‌വർക്ക്, അത്യാധുനിക ടെലികോം ഇൻഫ്രാസ്‌ട്രക്‌ചര്‍ എന്നിവയുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടും. ആന്ധ്രാപ്രദേശിനെ ഒരു ഡാറ്റ ഇൻഫ്രാസ്‌ട്രക്‌ചര്‍ ഹബ്ബ് ആക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്‍റെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി. 2024 ഡിസംബറിൽ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും ഗൂഗിളും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തെത്തുടർന്നാണ് ഡാറ്റ സിറ്റി വികസനം ത്വരിതപ്പെടുത്തുന്നതിനായി ഐടി, പകർപ്പവകാശ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള പ്രക്രിയ സംസ്ഥാന സർക്കാർ ആരംഭിച്ചത്.

സർക്കാർ അനുമതി ഉടൻ

ആന്ധ്രാ മുഖ്യമന്ത്രി നായിഡു അധ്യക്ഷനായ സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡ് ഉടൻ തന്നെ ഈ നിർദ്ദേശത്തിന് അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിനായി ഗൂഗിളിന്റെ ഉന്നത നേതൃത്വവും ആന്ധ്രാപ്രദേശിന്‍റെ ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രി നര ലോകേഷും തമ്മിലുള്ള കൂടിക്കാഴ്‌ച ഒക്‌ടോബര്‍ 14ന് ദില്ലിയിൽ നടക്കും.

ഇന്ത്യയിൽ ആദ്യം

ഗൂഗിളിന്‍റെ ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്രാസ്‌ട്രക്‌ചര്‍ നിക്ഷേപമാണിത്. ആഗോളതലത്തിൽ ഗൂഗിളിനും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങൾക്കും നിരവധി ഡാറ്റാ സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്. അമേരിക്ക, ജപ്പാൻ, സിംഗപ്പൂർ, അയർലൻഡ്, ജർമ്മനി എന്നിവയുൾപ്പെടെ 11 രാജ്യങ്ങളിൽ ആണ് ഈ ഡാറ്റാ സെന്‍ററുകൾ പ്രവർത്തിക്കുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍