ആപ്പുകള്‍ക്ക് പണം നല്‍കേണ്ടിവരും എന്ന സൂചന നല്‍കി ഗൂഗിള്‍

Published : Oct 21, 2018, 10:53 AM IST
ആപ്പുകള്‍ക്ക് പണം നല്‍കേണ്ടിവരും എന്ന സൂചന നല്‍കി ഗൂഗിള്‍

Synopsis

ഫോൺ ഉപയോഗിച്ചു തുടങ്ങുന്ന ഒരാൾക്ക് വേണ്ടതെല്ലാം ഒരുക്കിയാണ് ഗൂഗിൾ പ്ലേ സ്റ്റോർ, ക്രോം, ആൻഡ്രോയ്ഡ് മെസ്സേജസ്, ഗൂഗിൾ പ്ലേ മ്യൂസിക്, പ്ലേ മൂവീസ്, പ്ലേ ബുക്സ് എന്നിങ്ങനെയുള്ള ആപ്പുകളെല്ലാം എത്തുന്നത്

യൂറോപ്പില്‍ ഗൂഗിള്‍ ആപ്പുകള്‍ക്ക് പണം നല്‍കേണ്ടിവരും എന്ന സൂചന നല്‍കി ഗൂഗിള്‍. തീര്‍ത്തും സൗജന്യമായിരുന്ന പ്ലേ സ്റ്റോറും അതിലെ ഒരു ഡസനിലേറെ ഗൂഗിൾ ആപ്പുകളുമാണ് ഗൂഗിൾ ഫോൺ നിർമാതാക്കൾക്ക് വിൽ‌ക്കാൻ‌ തീരുമാനിച്ചിരിക്കുന്നത്. ലോകമെങ്ങും വിറ്റഴിക്കപ്പെടുന്ന ആൻഡ്രോയ്ഡ് ഫോണുകളിൽ ജിആപ്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഗൂഗിൾ ആപ്പുകൾ ആണ് ഉപയോക്താവിനെ വഴി നടത്തുന്ന പ്രധാന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകൾ. 

ഫോൺ ഉപയോഗിച്ചു തുടങ്ങുന്ന ഒരാൾക്ക് വേണ്ടതെല്ലാം ഒരുക്കിയാണ് ഗൂഗിൾ പ്ലേ സ്റ്റോർ, ക്രോം, ആൻഡ്രോയ്ഡ് മെസ്സേജസ്, ഗൂഗിൾ പ്ലേ മ്യൂസിക്, പ്ലേ മൂവീസ്, പ്ലേ ബുക്സ് എന്നിങ്ങനെയുള്ള ആപ്പുകളെല്ലാം എത്തുന്നത്. എന്നാൽ, അടുത്തിടെ യൂറോപ്യൻ കമ്മിഷൻ ഗൂഗിളിന് 5 കോടി ഡോളർ പിഴയിടുകയും ആൻഡ്രോയ്ഡ് ഫോണുകളിൽ ഇത്തരത്തിൽ ഗൂഗിൾ ആപ്പുകൾ നൽകുന്നത് ഉപയോക്താവിന്റെ തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത്തരത്തിൽ ആപ്പുകൾ അടിച്ചേൽപിക്കുന്നത് അവസാനിപ്പിക്കണമെന്നും നിർദേശിക്കുകയും ചെയ്തിരുന്നു. 

ഈ സാഹചര്യത്തിലാണ് ആപ്പുകൾ ഒന്നാകെ സൗജന്യമായി നൽകുന്നത് അവസാനിപ്പിച്ച് നിർമാതാക്കളുടെ ആവശ്യപ്രകാരം വേണ്ട ആപ്പുകൾ മാത്രം വിലയ്ക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നിർമാതാക്കൾക്ക് ആവശ്യമെങ്കിൽ ഗൂഗിൾ ആപ്പുകൾ ഇല്ലാതെ ആൻഡ്രോയ്ഡ് മാത്രം വാങ്ങാനും സാധിക്കും. പുതിയ നിയമപ്രകാരം ഓരോ ഗൂഗിൾ ആപ്പിനും വെവ്വേറെ ലൈസൻസും ആവശ്യമായി വരും. ഇതോടെ മൊത്തം സ്മാർട്ഫോണിന്‍റെ വിലയും വർധിക്കും.

PREV
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?