ജിഎസ്ടി: ചൈനീസ് ഫോണ്‍ നിര്‍മ്മാതക്കള്‍ക്ക് പണികിട്ടും

By Web DeskFirst Published Jun 29, 2017, 10:35 AM IST
Highlights

ദില്ലി: ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി രാജ്യത്തെ സ്മാര്‍ട്ട് ഫോണുകളുടെ വിലയില്‍ വന്‍മാറ്റങ്ങളുണ്ടാക്കും. ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ ജിഎസ്ടി നിരക്ക് 15 ശതമാനമാണ്. ഇതിനാല്‍ തന്നെ വിദേശ നിര്‍മ്മിതമായ ഐഫോണ്‍ , പിക്‌സല്‍ തുടങ്ങിയ ഫോണുകളുടെ വില കുത്തനെ കൂടും. 

മേയ്ക്ക് ഇന്‍ പദ്ധതി പ്രകാരം ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട് ഫോണുകള്‍ക്ക് നാലുമുതല്‍ അഞ്ചു ശതമാനം വരെ വിലകൂടും. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനീസ് നിര്‍മ്മാതാക്കളാണ്. ജിഎസ്ടി നിലവില്‍ വരുന്നതോടുകൂടി സ്മാര്‍ട്ട് ഫോണ്‍ ഇറക്കുമതിയിലൂടെ ചൈനയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനത്തില്‍ വന്‍ ഇടിവ് നേരിടുമെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളെ ഇന്ത്യയില്‍ നിര്‍മ്മാണകേന്ദ്രങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ് ജിഎസ്ടി എന്നും ചില കേന്ദ്രങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ആപ്പിളും ചില ചൈനീസ് കമ്പിനികളും ഇന്ത്യയില്‍ ഇതിനകം നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുടങ്ങുകയോ, തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമേ ലാപ്‌ടോപ്പുകള്‍ , കംപ്യൂട്ടറുകള്‍,യുഎസ്ബി,മോണിറ്റര്‍,പ്രിന്‍റര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി 18 ശതമാനമാണ്.മുന്‍പ് 14-15 ശതമാനം നികുതിയായിരുന്നു ഇവയ്ക്ക ഈടാക്കിയിരുന്നത്.
 
ജിഎസ്ടി നടപ്പിലാകുന്നതോടെ ടെലികോം കമ്പിനികളുടെ സേവനങ്ങള്‍ക്കും കൂടുതല്‍ തുക നല്‍കണം. കോള്‍ നിരക്കുകള്‍ മൂന്ന് ശതമാനം വര്‍ധിക്കും.  കോള്‍ നിരക്കുകളില്‍ 18 ശതമാനം സേവന നികുതി ജൂലൈ ഒന്നുമുതല്‍ ഈടാക്കും. നിലവില്‍ 15 ശതമാനം സേവന നികുതിയാണുള്ളത്.

click me!