യുപിഐ ട്രാൻസ്‌ഫറിൽ പിഴവ് സംഭവിച്ചോ? പണം തിരികെ കിട്ടാൻ എന്തുചെയ്യണം?

Published : Jun 12, 2025, 02:32 PM ISTUpdated : Jun 12, 2025, 02:35 PM IST
upi

Synopsis

നിങ്ങള്‍ക്ക് യുപിഐ ഇടപാടില്‍ പണം നഷ്ടമായാല്‍ .  എന്തൊക്കെയാണ് ഉടനടി ചെയ്യേണ്ടത് എന്ന് വിശദമായി

ഏകീകൃത പേയ്‌മെന്‍റ് ഇന്‍റർഫേസ് (UPI) മുഖേനയാണ് ഇന്ത്യയിൽ ഓണ്‍ലൈന്‍ പണമിടപാടുകൾ നടക്കുന്നത്. യുപിഐ ഇടപാടുകള്‍ക്കിടെ അക്ഷരത്തെറ്റോ ക്യുആർ കോഡ് പിശകോ കാരണം തെറ്റായ യുപിഐ ഐഡിയിലേക്ക് ഉപഭോക്താക്കള്‍ പണം അയയ്ക്കാനുള്ള സാധ്യതയും ഉണ്ട്. നിങ്ങൾക്ക് അത്തരമൊരു അബദ്ധം പറ്റിയെങ്കിൽ എന്തൊക്കെയാണ് ഉടനടി ചെയ്യേണ്ടത് എന്ന് മനസിലാക്കിയിരിക്കണം.

1. സ്വീകർത്താവിനെ നേരിട്ട് ബന്ധപ്പെടുക

സ്വീകർത്താവിന്‍റെ ഫോൺ നമ്പർ UPI ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, അവരെ കോള്‍ മുഖേനയോ മെസേജ് മുഖാന്തരമോ ബന്ധപ്പെടുക. പിഴവ് സംഭവിച്ച സാഹചര്യം വിശദീകരിച്ച് അവരോട് പണം തിരികെ നൽകാൻ അഭ്യർഥിക്കുക. ചിലപ്പോൾ, ആളുകൾ സഹകരിക്കുകയും ഔപചാരികമായ പരാതികളോ നടപടിക്രമങ്ങളോ ഇല്ലാതെതന്നെ നിങ്ങള്‍ക്ക് ആ പണം തിരികെ നൽകിയേക്കാം.

2. യുപിഐ ആപ്പ് വഴി പ്രശ്നം റിപ്പോർട്ട് ചെയ്യുക

ഗൂഗിൾ പേ, ഫോൺപേ, പേടിഎം, ഭീം പോലുള്ള എല്ലാ പ്രധാന യുപിഐ ആപ്പുകളും ഇടപാടുകാര്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങള്‍ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയില്‍ പ്രവേശിച്ച്,തെറ്റായ ട്രാൻസ്‍ക്ഷൻ ഏതാണോ അത് തിരഞ്ഞെടുക്കുക. തുടർന്ന് 'റെയിസ് എ ഡിസ്‍പ്യൂട്ടിൽ' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ 'ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യുക' എന്ന ഓപ്ഷനും തെരഞ്ഞെടുക്കാവുന്നതാണ്. ഇടപാട് ഐഡി, യുപിഐ ഐഡി, തുക, പണം അയച്ച തീയതി തുടങ്ങിയ വിശദാംശങ്ങൾ പരാമർശിച്ച് പരാതി സമര്‍പ്പിക്കാം.

3. നിങ്ങളുടെ ബാങ്കിനെ ഉടൻ അറിയിക്കുക

ഒരു തെറ്റായ യുപിഐ ഇടപാട് നടന്നാല്‍ നിങ്ങളുടെ ബാങ്കിന്‍റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെട്ട് പിശക് റിപ്പോർട്ട് ചെയ്യുക എന്നൊരു ഓപ്ഷനും നിങ്ങള്‍ക്ക് മുന്നിലുണ്ട്. ബാങ്കുകൾക്ക് സാധാരണയായി യുപിഐ തർക്ക പരിഹാര സംവിധാനങ്ങളുണ്ട്. അവയ്ക്ക് പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കഴിയും. എന്നാല്‍ ഇതിനായി ബാങ്ക് അധികൃതര്‍ നിങ്ങളോട് അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കാനും രേഖാമൂലമുള്ള പരാതി സമര്‍പ്പിക്കാനും ആവശ്യപ്പെട്ടേക്കാം. ഇതുമായി ഇടപാടുകാര്‍ സഹകരിക്കേണ്ടത് അന്വേഷണത്തിനും പണം തിരികെ ലഭിക്കുന്നതിനും നിര്‍ണായകമാണ്.

4. എൻപിസിഐയെ അറിയിക്കുക

ആപ്പോ ബാങ്ക് പിന്തുണയോ സഹായിച്ചില്ലെങ്കിൽ, പണം നഷ്ടമായ കാര്യം നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ (NPCI) അറിയിക്കുക. www.npci.org.in സന്ദർശിച്ച് തർക്ക പരിഹാര വിഭാഗത്തിന് (Dispute Redressal section) കീഴിൽ ഇടപാട് വിശദാംശങ്ങളും സ്‌ക്രീൻഷോട്ടുകൾ അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ പോലുള്ള അനുബന്ധ രേഖകളും ഉപയോഗിച്ച് പരാതി നൽകുക.

5. ആർ‌ബി‌ഐ ഓംബുഡ്‌സ്‍മാനെ സമീപിക്കുക

30 ദിവസത്തിനു ശേഷവും പരിഹാരമില്ലെങ്കിൽ, ആർ‌ബി‌ഐ സി‌എം‌എസ് പോർട്ടൽ വഴി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ഇടപാടുകൾക്കായുള്ള ഓംബുഡ്‌സ്മാനിൽ നിങ്ങൾക്ക് പരാതി നൽകാനും ഇടപാടുകാര്‍ക്ക് അവസരമുണ്ട്. തെറ്റായ യുപിഐ ഇടപാടിലൂടെ നഷ്ടമായ തുക വളരെ ഉയര്‍ന്ന സംഖ്യയാണെങ്കില്‍ ഈ പരാതി സൗകര്യം ഉപയോഗപ്രദമാണ്.

ഭാവിയിൽ യുപിഐ തെറ്റുകൾ ഒഴിവാക്കാൻ

പണം അയക്കുമ്പോള്‍ എപ്പോഴും യുപിഐ ഐഡിയും തുകയും പലകുറി പരിശോധിച്ച് ഉറപ്പുവരുത്തിയിരിക്കണം.

ഐഡി നൽകിയ ശേഷം സ്വീകർത്താവിന്‍റെ പേര് കൃത്യമാണോയെന്ന് പരിശോധിക്കുക.

ക്യുആർ കോഡുകൾ സ്‍കാൻ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.

അജ്ഞാത യുപിഐ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

അറിയോ? ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്‌മെന്‍റുകൾ നടത്താം, പണം അയക്കേണ്ടത് എങ്ങനെയെന്ന് വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അറിയാനുള്ള സൂചനകള്‍ ഇതാ, എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാമെന്നും