Airtel : എയർടെൽ മൊബൈൽ നിരക്കുകളിൽ വൻ വർധന, വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

By Jithi RajFirst Published Nov 23, 2021, 12:27 PM IST
Highlights

പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വർധനയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നടപ്പിലാകുന്നതോടെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾക്ക് 500 രൂപ വരെ അധികം നൽകേണ്ടിവരും. .


രാജ്യത്തെ ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് സൂചന. മുൻനിര ടെലികോം കമ്പനിയായ എയർടെൽ ഇതിനകം തന്നെ താരിഫ് വർധന പ്രഖ്യാപിച്ചു കഴിഞ്ഞു. ആളോഹരി വരുമാനം വർധിപ്പിക്കാനാണ് എയർടെൽ നിരക്ക് കൂട്ടിയത്. നവംബർ 26 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വർധനയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നടപ്പിലാകുന്നതോടെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾക്ക് 500 രൂപ വരെ അധികം നൽകേണ്ടിവരും. വിപണിയിൽ പിടിച്ചുനിൽക്കാൻ ആളോഹരി വരുമാനം ഉയർത്താനാണ് മിക്ക കമ്പനികളുടെയും ശ്രമം. 

79 രൂപയുടെ പ്ലാനിന് 99 രൂപയാകും. - 79 രൂപ മുതലുള്ള വോയിസ് കോൾ പ്ലാനുകളെ നിരക്ക് വർദ്ധന ബാധിക്കും. 79 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 99 രൂപ നൽകണം. ഇത് 50 ശതമാനം കൂടുതൽ ടോക്ക്ടൈമും 200 എംബി ഡേറ്റയും സെക്കൻഡിന് 1 പൈസ വോയ്‌സ് താരിഫും ഓഫർ ചെയ്യുന്നുണ്ട്. 149 രൂപയുടെ പ്ലാൻ 179 രൂപ യായി. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി ഡേറ്റ എന്നിവയ്‌ക്കൊപ്പം 28 ദിവസത്തെ വാലിഡിറ്റി നൽകുന്നതാണ് 179 രൂപയുടെ പുതുക്കിയ പ്ലാൻ. 

298 രൂപയുടെ പ്ലാനിന് 359 രൂപ നൽകണം - 219 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 265 രൂപയായും 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 299 രൂപയായും 298 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 359 രൂപയായും വർധിപ്പിച്ചു. 265 രൂപയുടെ പുതുക്കിയ പ്ലാനിൽ പ്രതിദിനം 1 ജിബി ഡേറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും.  299 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡേറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക.  359 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡേറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് കോളിങും ലഭിക്കും. 

399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 479 രൂപയായി ഉയർത്തി - 56 ദിവസത്തെ കാലാവധിയുള്ള 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 479 രൂപ നൽകണം. അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡേറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ. 449 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 549 രൂപയായി വർധിപ്പിച്ചു. 56 ദിവസത്തെ കാലാവധി, 2 ജിബി പ്രതിദിന ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ.

84 ദിവസത്തെ വാലിഡിറ്റി പ്ലാനുകളായ 698 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി മുതൽ 839 രൂപയാണ്.  379 രൂപയുടെ പ്ലാൻ 455 രൂപയായും 588 രൂപയുടെ പ്ലാൻ 719 രൂപയായും 698 രൂപയുടെ പ്ലാൻ 839 രൂപയായും വർദ്ധിപ്പിച്ചു. ഈ പ്ലാനുകൾക്കെല്ലാം അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ലഭിക്കും. പ്ലാനുകൾ യഥാക്രമം 6 ജിബി ഡേറ്റ, 1.5 ജിബി പ്രതിദിന ഡേറ്റ, 2 ജിബി പ്രതിദിന ഡേറ്റ എന്നിവ നൽകുന്നു. 

2,498 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 2999 രൂപ - ഒരു വർഷത്തെ കാലാവധിയുള്ള 1,498 രൂപയുടെ പ്ലാനിന് 1799 രൂപയായും 2,498 രൂപ പ്ലാനിന് 2999 രൂപയും നൽകണം. 799 രൂപയുടെ പ്ലാനിൽ 24 ജിബി ഡേറ്റയും 2498 രൂപയുടെ പ്ലാനിൽ 2 ജിബി പ്രതിദിന ഡേറ്റയും ലഭിക്കും. ഈ പ്ലാനുകൾക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

ടോപ്പ്-അപ്പ് പ്ലാനുകൾക്കും നിരക്ക് വർദ്ധിക്കും -  48 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാൻ 58 രൂപയ്ക്കും 98 രൂപയുടെ പ്ലാൻ 118 രൂപയ്ക്കും 251 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാൻ 301 രൂപയ്ക്കുമായിരിക്കും ഇനി ലഭിക്കുക. പ്ലാനുകളിൽ യഥാക്രമം 3 ജിബി ഡേറ്റ, 12 ജിബി ഡേറ്റ, 50 ജിബി ഡേറ്റ എന്നിവ ലഭിക്കും.

click me!