
ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 4ജി, 5ജി സാങ്കേതികവിദ്യകള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്. ഇതിനകം നിരവധി വിദേശ രാജ്യങ്ങളും വിദേശ ടെലികോം കമ്പനികളും 4ജി, 5ജി സാങ്കേതികവിദ്യകള്‍ക്കായി കേന്ദ്ര സര്‍ക്കാരിനെയും ബിഎസ്എന്‍എല്ലിനെയും സമീപിച്ചതായാണ് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ രാജ്യത്ത് ബിഎസ്എന്‍എല്‍ 4ജി വ്യാപനം വൈകിയത് കേന്ദ്രത്തിന്‍റെ ഈ ശ്രമങ്ങള്‍ വൈകിപ്പിച്ചു എന്നും വാര്‍ത്തയില്‍ പറയുന്നു.
തദ്ദേശീയമായി വികസിപ്പിച്ച 4ജി, 5ജി സാങ്കേതികവിദ്യകളില്‍ തന്നെ ടവറുകളുടെ അപ്‌ഗ്രേഡിംഗ് നടത്തണമെന്ന നിര്‍ദേശമാണ് ബിഎസ്എന്‍എല്‍ 4ജി വ്യാപനം വൈകാന്‍ കാരണമായത് എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ വിദേശത്തേക്ക് ഇന്ത്യയുടെ 4ജി ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള പദ്ധതികളും വൈകിയെന്നാണ് പുതിയ വിവരം. ഇന്ത്യയുടെ 4ജി ഉപകരണങ്ങള്‍ക്ക് വിദേശത്ത് നിന്ന് ഏറെ ആവശ്യക്കാരുണ്ടായിരുന്നു. എന്നാല്‍ ഈ ഉപകരണങ്ങള്‍ ഇവിടെ സ്ഥാപിച്ച് കാര്യക്ഷമത തെളിയിച്ച ശേഷം മാത്രം കയറ്റുമതി ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. അതിനാല്‍ ബിഎസ്എന്‍എല്‍ 4ജി വ്യാപനം പൂര്‍ത്തിയായാല്‍ ടെക്‌നോളജി വിദേശത്തേക്ക് കയറ്റുമതി ചെയ്യും എന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മണികണ്‍ട്രോളിനോട് വ്യക്തമാക്കി.
കുറഞ്ഞത് 15 വിദേശ ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നും, കെനിയയും മൗറീഷ്യസും പാപുവ ന്യൂ ഗിനയയും ഈജിപ്തും അടക്കം 9 രാജ്യങ്ങളില്‍ നിന്നും 4ജി ഉപകരണങ്ങളുടെ അന്വേഷണം ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ബിഎസ്‌എന്‍എല്ലിന് പുറമെ റിലയന്‍സ് ജിയോയുടെ 4ജി ഉപകരണങ്ങളും ലഭ്യമാണ്. ഇതും ഇന്ത്യയുടെ ടെലികോം ഉപകരണ മാര്‍ക്കറ്റിന് ഗുണകരമാണ് എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 5ജിയും ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് ഇന്ത്യ 4ജി സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.
ബിഎസ്എന്‍എല്‍ 4 നെറ്റ്‌വര്‍ക്ക് ഒരുക്കാന്‍ രണ്ട് വര്‍ഷമായി ശ്രമിക്കുന്നുണ്ടായിരുന്നു. 2024 പകുതിയോടെ ബിഎസ്എന്‍എല്‍ 4ജി വ്യാപനം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇത് വൈകി. ഇന്ത്യ തന്നെ 4ജി സാങ്കേതിക ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിച്ചതും അതിന്‍റെ വിതരണത്തിലെ കാലതാമസവും ഇതിന് കാരണമായി. 15000ത്തിലേറെ 4ജി സൈറ്റുകള്‍ സ്ഥാപിച്ചതായി ബിഎസ്എന്‍എല്‍ അടുത്തിടെ അറിയിച്ചിരുന്നു. ഒക്ടോബര്‍ അവസാനത്തോടെ ഇത് 80,000ത്തില്‍ എത്തിക്കാനാണ് ശ്രമം. അവശേഷിക്കുന്ന 21,000 സൈറ്റുകളില്‍ മാര്‍ച്ചോടെ 4ജി അപ്‌ഗ്രേഡിംഗ് നടത്തും. മാര്‍ച്ച് 2025ഓടെ ആകെ ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിക്കാനാണ് ബിഎസ്എന്‍എല്ലിന്‍റെ ഇപ്പോഴത്തെ പദ്ധതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam