കാത്തിരിപ്പിനൊടുവില്‍ ഐ ഫോണ്‍ 7 പുറത്തിറങ്ങി; ഒട്ടേറെയുണ്ട് പ്രത്യേകതകള്‍

By Web DeskFirst Published Sep 7, 2016, 7:09 PM IST
Highlights

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഐ ഫോണ്‍ 7 പുറത്തിറങ്ങി. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ആപ്പിള്‍ സി.ഇ.ഒ റ്റിം കുക്ക്, ഐ ഫോണ്‍ 7ഉം ഐ ഫോണ്‍ 7 പ്ലസും പുറത്തിറക്കിയത്. ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ചതെന്നാണ് അദ്ദേഹം ഐ ഫോണ്‍ 7നെ വിശേഷിപ്പിച്ചത്. 

കറുപ്പിന്റെ രണ്ട് വേരിയന്റുകള്‍ക്ക് പുറമേ, ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുക. ഇതുവരെ ഐ ഫോണുകള്‍ക്ക് അന്യമായിരുന്ന മാറ്റ് ബ്ലാക്ക്, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളും ഐ ഫോണ്‍7ലൂടെ ആപ്പിള്‍ രംഗത്തിറക്കിക്കഴിഞ്ഞു. സ്പര്‍ശനത്തിലെ ശക്തി തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന ഹോം ബട്ടണ് മറ്റൊരു പ്രത്യേകതയാണ്.

12 മെഗാപിക്സലുള്ള പിന്‍ക്യാമറ തന്നെയാണ് ഐഫോണിന്റെ മുഖ്യ ആകര്‍ഷണം. രണ്ട് ലെന്‍സുകളാണ് ഈ ക്യാമറയിലുണ്ടാവുക. 56എംഎം ടെലിഫോട്ടോ ലെന്‍സും മറ്റൊരു വൈഡ് ആംഗിള്‍ ലെന്‍സുമാണ് ഇവ. ക്വാഡ് ടോണ്‍ എല്‍.ഇ.ഡി ഫ്ലാഷും ചിത്രങ്ങള്‍ക്ക് മിഴിവേകും. 7 മെഗാപിക്സല്‍ എച്ച്.ഡിയാണ് മുന്‍ക്യാമറ. സ്വന്തമായി വികസിപ്പിച്ചെടുത്ത ഇമേജ് സിഗ്നല്‍ പ്രോസസറാണ് ക്യാമറക്കായി ഉപയോഗിക്കുന്നത്. ഐ ഫോണുകളില്‍ ആദ്യത്തെ വാട്ടര്‍പ്രൂഫ്, ഡെസ്റ്റ് പ്രൂഫ് ഫോണുകളെന്ന ഖ്യാതിയും ഐ ഫോണ്‍ 7ഉം, 7 പ്ലസിനും സ്വന്തമാകും. കൂടുതല്‍ തെളിച്ചമുള്ള ഡിസ്പ്ലേയും നിലവിലുള്ള A9 ചിപ്പുകളേക്കാള്‍ 40 ശതമാനം വേഗതയുള്ള 64 ബിറ്റ് A10 പ്രോസസറുകളും പുതിയ മോഡലുകളുടെ പ്രത്യേകതയാണ്. താഴെയും മുകളിലും രണ്ട് സ്പീക്കറുകളുള്ള ഇവ സ്റ്റീരിയോ ശബ്ദ മികവ് സമ്മാനിക്കുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.

ടെക് ലോകം പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ രണ്ട് പുതിയ മോഡലുകളിലും ഹെഡ്ഫോണ്‍ ജാക്കുകളില്ല. അതുകൊണ്ടുതന്നെ പഴയ ഐഫോണ്‍ മോഡലുകളുടെ പോലും ഹെഡ്സെറ്റുകള്‍ ഇതില്‍ പ്രവര്‍ത്തിക്കില്ല. ലൈറ്റ്നിങ് ഇയര്‍പോഡുകളും ലൈറ്റ്നിങ് - 3.5mm ഓഡിയോ അഡാപ്റ്ററുമായിരിക്കും ഇതില്‍ പകരമുണ്ടാവുക. വയര്‍ലെസ് ഓഡിയോ അനുഭവത്തിനായി എയര്‍പോഡുകളും പുതിയ മോഡലുകളിലുണ്ട്. ഇതുപക്ഷേ ഫോണിനൊപ്പം ലഭിക്കില്ല. പ്രത്യേകം വാങ്ങേണ്ടിവരും. വൈഫൈ ഉപയോഗിച്ചുകൊണ്ട് 14-15 മണിക്കൂറുകള്‍ ബാറ്ററി ലൈഫ് ഐ ഫോണ്‍ 7  വാഗ്ദാനം ചെയ്യുന്നു.

32ജി.ബി, 128ജി.ബി, 256 ജി.ബി സ്റ്റോറേജോടുകൂടിയാവും ഫോണ്‍ വിപണിയില്‍ ലഭ്യമാവുക. 32 ജി.ബി വേരിയന്റിന് 649 ഡോളറാണ് ഐ ഫോണ്‍ 7ന്റെ വില. 7 പ്ലസിന് 769 ഡോളറാവും. ആദ്യ ഘട്ടത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങളിലായിരിക്കും ലഭ്യമാവുക. ആദ്യ രണ്ട് ഘട്ടത്തില്‍ ഫോണ്‍ ലഭ്യമാവുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. വെള്ളിയാഴ്ച മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് 16 മുതല്‍ ഫോണുകള്‍ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

click me!