
ദില്ലി: ഇനി ഇന്ത്യന്‍ റെയിൽവേ സേവനങ്ങൾ തപ്പി ഒരു ഡസന്‍ ആപ്പുകളിലും സൈറ്റുകളിലും കയറിയിറങ്ങണ്ട. സാധാരണക്കാരുടെ ട്രെയിൻ യാത്രാനുഭവം സൂപ്പറാക്കാനുള്ള 'സൂപ്പർ ആപ്പു'മായി ഇന്ത്യൻ റെയിൽവേ എത്തുകയാണ്. ഒരുകൂട്ടം റെയിൽവേ സേവനങ്ങളെ ആപ്പിലൂടെ ലഭ്യമാക്കാനാണ് ശ്രമം. ഈ മാസം തന്നെ ആപ്പ് പുറത്തിറക്കാനാണ് തീരുമാനം. സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഐആർസിടിസി ആപ്പും വെബ്‌സൈറ്റും അപ്‌ഗ്രേഡ് ചെയ്താണ് ഐആർസിടിസി സൂപ്പർ ആപ്പ് ഒരുക്കുന്നത്.
സൂപ്പർ ആപ്പിന്‍റെ വരവോടെ ഐആർസിടിസി റെയിൽ കണക്ട്, യുടിഎസ്, റെയിൽ മദദ് എന്നിങ്ങനെ വിവിധ ആപ്പുകളിലെ സേവനങ്ങൾ ഒറ്റ ആപ്പിനുള്ളിൽ തന്നെ ലഭ്യമാവും. ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്ക് ചെയ്യാനുള്ള സൗകര്യം, കാറ്ററിംഗ് സേവനങ്ങൾ, പിഎന്‍ആര്‍ സ്റ്റാറ്റസ് ചെക്കിംഗ് എന്നിങ്ങനെയുള്ള അനവധി സേവനങ്ങൾ പുതിയ ഐആർസിടിസി സൂപ്പര്‍ ആപ്പിൽ ലഭിക്കും. ചരക്കുനീക്കം ഉൾപ്പടെയുള്ള സേവനങ്ങൾ ബുക്ക് ചെയ്യാനുമാകും. അതിവേഗമുള്ള പേയ്മെന്‍റ് സംവിധാനവും പുതിയ ആപ്പില്‍ വരും. സെപ്റ്റംബറിലാണ് പുതിയ ആപ്പ് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചത്. സൂപ്പർ ആപ്പ് പുറത്തിറക്കുന്ന തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.
സൂപ്പര്‍ ആപ്പ് വരുമ്പോഴെങ്കിലും റെയില്‍വേ ടിക്കറ്റ് ബുക്കിംഗിലെ സാങ്കേതിക പ്രശ്‌നങ്ങളും ഊരാക്കുടുക്കുകളും മാറുമോ എന്ന ആകാംക്ഷയിലാണ് യാത്രക്കാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം