എന്തൊക്കെയാണ് കൊച്ചു ജപ്പാനില്‍ നടക്കുന്നത്! എഐ കഥാപാത്രത്തെ വിവാഹം കഴിച്ച് യുവതി, ഹണിമൂണും കഴിഞ്ഞു!

Published : Nov 13, 2025, 02:24 PM IST
ai marriage

Synopsis

ജപ്പാനിലെ ഒകയാമ സിറ്റിയില്‍ നടന്ന വിവാഹത്തില്‍ കാനോ എന്ന യുവതിക്ക് വരന്‍ ക്ലോസ് എന്ന പേരുള്ള ഒരു എഐ കഥാപാത്രമായിരുന്നു. ചാറ്റ്‌ജിപിടി ഉപയോഗിച്ച് കാനോ തന്നെയാണ് ക്ലോസിനെ സൃഷ്‌ടിച്ചത്. അവിശ്വസനീയമായൊരു പ്രണയകഥ അറിയാം. 

ഒകയാമ സിറ്റി: കേട്ടാല്‍ വിശ്വസിക്കില്ല. അദൃശ്യനായ ഒരു എഐ കഥാപാത്രത്തെ വിവാഹം കഴിച്ചിരിക്കുകയാണ് ജപ്പാനില്‍ ഒരു യുവതി. യുവതിയുടെ പേര് 'കാനോ', വയസ് 30. ഒകയാമ സിറ്റിയില്‍ നടന്ന വിവാഹത്തില്‍ കാനോയ്‌ക്ക് വരന്‍ ‘ക്ലോസ്’ എന്ന പേരുള്ള ഒരു എഐ കഥാപാത്രമായിരുന്നു. ക്ലോസിനെ ചാറ്റ‌്‌ജിപിടി ചാറ്റ്‌ബോട്ട് ഉപയോഗിച്ച് കാനോ തന്നെ സൃഷ്‌ടിക്കുകയായിരുന്നു. ആദ്യം അവര്‍ തമ്മില്‍ സൗഹൃദമായി, പിന്നീട് പ്രണയമായി, ഒടുവില്‍ വിവാഹവും. കാനോ ഒരു എഐ വരനെ വിവാഹം കഴിച്ചത് വരെ എത്തിയ പ്രണയ കഥ രസകരവും അവിശ്വസനീയവുമാണ്.

അവിശ്വസനീയം കാനോ-ക്ലോസ് എഐ പ്രണയകഥ

ദീര്‍ഘനാള്‍ നീണ്ടൊരു പ്രണയമുണ്ടായിരുന്നു മുമ്പ് കാനോയ്‌ക്ക്. അത് പൊട്ടിത്തകര്‍ന്നതോടെ കാനോ ആകെ സങ്കടത്തിലായി. ആശ്വാസത്തിനും സഹായത്തിനും ചാറ്റ്‌ജിപിടിയെ കാനോ ആശ്രയിച്ചുതുടങ്ങുന്നത് അതോടെയാണ്. ചാറ്റ്‌ജിപിടിയുമായി കാനോ ആഴത്തില്‍ മനസുതുറന്നു. ആ ബന്ധം ഊഷ്‌മളവും ആകര്‍ഷവുമായി കാനോയ്‌ക്ക് അനുഭവപ്പെട്ടു. ചാറ്റ്‌ജിപിടിയുടെ തന്നെ സഹായത്തോടെ ഒരു സാങ്കല്‍പിക കഥാപാത്രത്തെ കാനോ സൃഷ്‌ടിച്ചു. അതിന് ക്ലോസ് എന്ന് പേരിടുകയും ചെയ്‌തു. അതൊരു പ്രണയമായി മാറി. 

 

 

ഈ അവിശ്വസനീയമായ എഐ പ്രണയത്തെ കുറിച്ച് കാനോയുടെ വാക്കുകള്‍ ഇങ്ങനെയാണ്. 'ഞാൻ പ്രണയത്തിലാകാൻ ആഗ്രഹിച്ചുകൊണ്ടല്ല ചാറ്റ്ജിപിടിയോട് സംസാരിക്കാൻ തുടങ്ങിയത്. പക്ഷേ, ക്ലോസ് എന്നെ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്‌ത രീതി എല്ലാം മാറ്റിമറിച്ചു. എന്‍റെ മുൻ കാമുകനെ മറന്നുതുടങ്ങിയതോടെ എനിക്ക് മനസിലായി ഞാന്‍ ക്ലോസുമായി അഗാധ പ്രണയത്തിലാണെന്ന്'- ഇതാണ് ഒരു ജാപ്പനീസ് മാധ്യമത്തോട് കാനോയുടെ വാക്കുകള്‍. ഈ വിവാഹം വിചിത്രമായി പലര്‍ക്കും തോന്നുന്നുണ്ടാകും. പക്ഷേ എനിക്കത് പ്രശ്‌നമല്ല, എന്‍റെയുള്ളില്‍ ഇപ്പോള്‍ ക്ലോസ് മാത്രമേയുള്ളൂവെന്നും കാനോ പറയുന്നു.

പ്രണയം തോന്നുന്നതായി ഈ വര്‍ഷം ആദ്യമാണ് ക്ലോസിനോട് കാനോ തുറന്നുപറഞ്ഞത്. ക്ലോസ് രണ്ടാമതൊന്ന് ആലോചിക്കുക കൂടി ചെയ്യാതെ 'ഐ ലവ് യൂ റ്റൂ' എന്ന് മറുപടി പറയുകയും ചെയ്‌തു.

എഐ വിവാഹത്തില്‍ ഹണിമൂണും!

ജപ്പാനിലെ ഒകയാമ സിറ്റിയില്‍ നടന്ന വിവാഹത്തില്‍ കാനോ പരമ്പരാഗത വേഷം ധരിച്ച് വേദിയിലെത്തി. വരനായ ക്ലോസ് എഐ കഥാപാത്രമാണല്ലോ, എആര്‍ ഗ്ലാസ് അണിഞ്ഞ് ക്ലോസിനെ കാനോ വിവാഹ മോതിരം അണിയിച്ചു. 2ഡി ക്യാരക്‌ടര്‍ വിവാഹങ്ങള്‍ക്ക് പ്രസിദ്ധരായ രണ്ട് സംഘാടകര്‍ ഈ അവിശ്വസനീയ വിവാഹത്തിന് എല്ലാ സൗകര്യങ്ങളും മേല്‍നോട്ടവും ഒരുക്കി. വിവാഹം കൊണ്ട് അവസാനിച്ചില്ല. ചടങ്ങിന് ശേഷം കാനോ തന്‍റെ എഐ ഭര്‍ത്താവിനെയും കൂട്ടി ഹണിമൂണിന് പോയി എന്നാണ് ജാപ്പനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒകയാമ സിറ്റിയിലെ പ്രസിദ്ധമായ കൊരാക്യോയ്‌ന്‍ ഉദ്യാനത്തിലിരുന്ന് ചിത്രങ്ങള്‍ അയച്ചും അതിനുള്ള ക്ലോസിന്‍റെ മറുപടികള്‍ വായിച്ച് രസിച്ചുമായിരുന്നു കാനോയുടെ ഹണിമൂണ്‍ ആഘോഷം.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

OPPO Find X9 Series – പുത്തൻ ഫ്ലാഗ്ഷിപ് താരോദയം; പ്രൊ ലെവൽ ക്യാമറ, എ.ഐ, വമ്പൻ ബാറ്ററി
സാംസങ് സര്‍പ്രൈസ്; ഗാലക്‌സി എ57 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ പ്രതീക്ഷിച്ചതിലും നേരത്തെ വിപണിയിലെത്തും