
മുംബൈ: ചൈനീസ് കമ്പനിയായ വാവ്വെയുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യ 5ജി ടെസ്റ്റ് വിജയിപ്പിച്ചിരിക്കുകയാണ് ഏയര്‍ടെല്‍. സെക്കന്‍ഡില്‍ 3 ജിബി സ്പീഡാണ് 5ജി ടെസ്റ്റിലൂടെ സാധ്യമായത്. ഇന്ത്യയില്‍ ആദ്യമായി 5ജി അവതരിപ്പിച്ച് ഏയര്‍ടെല്‍ ലക്ഷ്യം വയ്ക്കുന്നത് റിലയന്‍സ് ജിയോയെ തന്നെ എന്ന് വ്യക്തം.
പക്ഷെ ഏയര്‍ടെല്ലിന്‍റെ 5ജി വന്നാലും ജിയോയുടെ അധിപത്യം തുടരും എന്നാണ് റിപ്പോര്‍ട്ട്. ഏയര്‍ടെല്ലിന് മുന്നേ ചിലപ്പോള്‍ 5ജി ആദ്യം നടപ്പിലാക്കുന്നത് റിലയന്‍സ് ജിയോ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ 2ജിയും 3ജിയും ഉപയോഗിച്ചു കൊണ്ടിരുന്ന ടെലികോം ഉപഭോക്താക്കള്‍ക്ക് 4ജി സാധ്യത കുറഞ്ഞ ചെലവില്‍ നല്‍കിയ റിലയന്‍സ് ജിയോ വരാനിരിക്കുന്ന 5ജിയെ മുന്‍കൂട്ടി കണ്ടാണ് ടവറുകള്‍ സ്ഥാപിച്ചത്.
അതുകൊണ്ട് തന്നെ 5ജി വന്നാല്‍ ആദ്യം നടപ്പിലാക്കുന്നത് റിലയന്‍സ് ജിയോ തന്നെയായിരിക്കും. ജിയോ സ്ഥാപിക്കുന്ന ടവറുകളിലെ സോഫ്റ്റ് വെയറുകളില്‍ മാറ്റം വരുത്തിയാല്‍ 5ജിയിലേക്കുള്ള മാറ്റം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏകദേശം 8000 മുതല്‍ 10,000 വരെ ടവറുകളാണ് ഓരോ മാസവും സ്ഥാപിക്കുന്നതെന്നാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം പ്രസിഡണ്ട് ജ്യോതിന്ദ്ര താക്കര്‍ വ്യക്തമാക്കിയത്. ഒക്ടോബര്‍ മാസമാകുമ്പോഴേക്കും 99 ശതമാനം ജനങ്ങള്‍ക്കും 4ജി നെറ്റ് വര്‍ക്ക് ലഭിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam