പ്രതിരോധ വക്താവിനും രക്ഷയില്ല; ബാങ്ക് അക്കൌണ്ടില്‍ നിന്നും ഓണ്‍ലൈനായി പണംതട്ടി

By Web TeamFirst Published Dec 25, 2018, 6:00 PM IST
Highlights

ക്രെഡിറ്റ് കാർഡിൽ നിന്നാണ് ക്രിസ്മസ് തലേന്ന് അർധരാത്രിയിൽ 33,000 രൂപ നഷ്ടമായത്. ഒടിപി പോലുമില്ലാതെയാണ് പണം തട്ടിയെടുത്തത് എന്ന് ധന്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

തിരുവനന്തപുരം; പ്രതിരോധ വക്താവ് ധന്യ സനൽ ഐഐഎസ്സിന്റെ ബാങ്ക് അക്കൌണ്ട് ഹാക്ക് ചെയ്ത് പണം തട്ടി. ക്രെഡിറ്റ് കാർഡിൽ നിന്നാണ് ക്രിസ്മസ് തലേന്ന് അർധരാത്രിയിൽ 33,000 രൂപ നഷ്ടമായത്. ഒടിപി പോലുമില്ലാതെയാണ് പണം തട്ടിയെടുത്തത് എന്ന് ധന്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഗോപ്രോ ക്യാമറ വെബ്സൈറ്റില്‍ നിന്ന് 480 ഡോളറിന്റെ ഇടപാടാണ് തട്ടിപ്പുകാർ നടത്തിയത്. പണം പിൻവലിച്ചതായി സന്ദേശം എത്തിയത് രാത്രിയിലായതിനാൽ ശ്രദ്ധിച്ചില്ല. ഇതിനു ശേഷം യുഎൻസിഎച്ച്ആർ സൈറ്റിലേക്ക് 100 രൂപയുടെ ഇടപാടിനു ശ്രമിച്ചെങ്കിലും ഒടിപി ആവശ്യമായ വന്നതിനാൽ ഇടപാട് റദ്ദായി. 

സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡിൽ നിന്നാണ് പണം നഷ്ടമായത്. ഇടപാട് നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു. വിദേശ വെബ്സൈറ്റുകളിൽ ഒടിപി ഇല്ലാതെ കാർഡ് നമ്പർ, കോഡ്, എക്സ്പയറി ഡേറ്റ് തുടങ്ങിയവ നൽകിയാൽ ഇടപാട് പൂർത്തിയാക്കാം. ഇതാണ് തട്ടിപ്പുകാർ ചൂഷണം ചെയ്തതെന്നാണ് സൂചന.

ഇതിനെക്കുറിച്ച് ധന്യ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ,

#ഞാനുംപെട്ടു!
ഇന്നലെ രാത്രി 11മണിയോടെ ആണ് സംഭവം.നിരവധി മെസേജുകൾ വരുന്നുണ്ടെങ്കിലും ഉറങ്ങാൻ മാനസികമായി തയ്യാറെടുത്തിരുന്നത് കൊണ്ട് ഫോൺ തൊട്ടില്ല.
കൃസ്തുമസ് അവധി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടരവെളുപ്പിന് ഉണർന്നപ്പോഴാണ് പണി പാളിയ കാര്യം ഞാനറിയുന്നത്!

ഇന്നലെ രാത്രി ഉണ്ണിയേശു ജനിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുമ്പ്, ഏതോ ഒരു സൈബർ തഗ് , എന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, ഇന്റർനെറ്റ് ട്രാൻസാക്ഷൻ വഴി 480 ഡോളർ (33000 രൂപ) വില വരുന്ന ഗോ പ്രോ വാങ്ങിയിരിക്കുന്നു. മൊബൈൽ ഫോണിൽ ഫ്രണ്ടിലും ബാക്കിലും ഉള്ള ഓരോ ക്യാമറ വീതം അല്ലാതെ ,സ്വന്തമായി ഒരു ക്യാമറ പോലും ഇല്ലാത്ത എന്നോടാണ് ആ സാമദ്രോഹി ഈ കടുംകൈ ചെയ്തത്.

ഇന്ന് രാവിലെ, ക്രെഡിറ്റ് കാർഡ് കമ്പനിയിൽ ഞാൻ ഫോൺ വിളിച്ച് അന്വേഷിച്ചപ്പോൾ , ഇക്കാര്യം അവർ സ്ഥിരീകരിക്കുകയും ചെയ്തു.

''.com" എന്നവസാനിക്കുന്ന സൈറ്റുകളിൽ നിന്നും ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുവാൻ OTP വേണ്ട എന്ന ഞെട്ടിക്കുന്ന സത്യം Citibank India യിലെ കസ്റ്റമർ സർവ്വീസിലെ പെൺകുട്ടി എന്നെ അറിയിച്ചു. എന്നെപ്പോലെ ആ കുട്ടിയ്ക്കും ഇന്ന് " നല്ലൊരു കൃസ്തുമസ് " ആകാതിരിക്കാൻ, സമനില തെറ്റുന്നതിന് മുമ്പേ ഞാൻ വേഗം ഫോൺ ഡിസ്കണക്റ്റ് ചെയ്തു.

പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ, നല്ല സാമൂഹിക പ്രതിബദ്ധതയുള്ള കള്ളന്മാർ ആയതു കൊണ്ട് , 33000 രൂപ മോഷ്ടിച്ചതിനു ശേഷം എന്റെ അക്കൗണ്ടിൽ നിന്ന് തന്നെ 100 രൂപ യുണൈറ്റെഡ് നേഷന്റെ റെഫ്യൂജീ ഫണ്ടിലേയ്ക്ക്(unhcr.org) ദാനം ചെയ്യാൻ ആ മഹാമനസ്ക്കർ തയ്യാറായി.

.in , .org തുടങ്ങിയവയിൻ അവസാനിക്കുന്ന വൈബ് സൈറ്റിൽ നിന്നും ക്രഡിറ്റ് കാർഡ് ട്രാൻസാക്ഷൻ നടത്താൻ OTP വേണം എന്നതിനാൽ എന്റെ 100 രൂപ രക്ഷപ്പെട്ടു.അല്ലെങ്കിൽ അതിപ്പോ റെഫ്യൂജികളുടെ സഹായത്തിന് വേണ്ടിയുള്ള UN ഫണ്ടിൽ ലയിച്ച് ചേർന്നേനെ!

OTP ഇല്ലാതെ ഇന്റർനെറ്റിലൂടെ സാധനങ്ങൾ വാങ്ങാം എന്ന സ്ഥിതിവിശേഷം, സിറ്റി ബാങ്കിന്റെ സെക്യൂരിറ്റി കോംപ്രമൈസ് എത്ര ഭീകരമാണ് എന്ന വിഷയത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. മറ്റു ബാങ്കുകളും ഇത് തന്നെ ആണ് അവസ്ഥ എങ്കിൽ ,''ഞങ്ങടെ ബാങ്കിന് മികച്ച രീതിയിലുള്ള സൈബർ സുരക്ഷ ഉണ്ട്" എന്ന കടലാസ് പുലിയെ കാണിച്ച് ,ബാങ്കുകൾ നമ്മൾ കസ്റ്റമേഴ്സി ഭീകരമാം വിധം പറ്റിച്ചുകൊണ്ടിരിക്കുകയാണ്.

മാസാവസാനം ആയപ്പോഴേയ്ക്കും എന്റെ കാർഡിലെ ക്രെഡിറ്റ് ലിമിറ്റ് തീരാനായിരുന്നത് കൊണ്ട്, കള്ളന്മാർ ഗോ പ്രോ വാങ്ങിയപ്പോഴേ അക്കൗണ്ട് 10000 രൂപ നെഗറ്റീവ് ബാലൻസിലേയ്ക്ക് കൂപ്പുകുത്തി. ആയതിനാൽ മേൽപ്പറഞ്ഞ സൈബർ തഗ്സിന് വീണ്ടും ഇന്റെർനെറ്റ് പർച്ചേസ് സാധിക്കാതെ പോയി. എനിയ്ക്ക് ശംബംളം കിട്ടിയ ഉടനെ, ഞാൻ ക്രെഡിറ്റ് കാർഡ് ബില്ല് ഒക്കെ സെറ്റിൽ ചെയ്തിരിക്കുന്ന സമയം വല്ലതും ആയിരുന്നേൽ അവന്മാർക്ക് ചാകര ആയേനെ .മാത്രമല്ല സിറ്റി ബാങ്കിന്റെ സൈബർ സുരക്ഷ കാരണം ഞാൻ തറവാട് പണയം വെക്കേണ്ടിയും വന്നേനെ!

വാൽക്കഷ്ണം:
a ) 33000 രൂപ നഷ്ടപ്പെട്ട ഒരു യുവതിയുടെ ദു:ഖം ,ഫേസ്ബുക്കിൽ കഥന കഥ എഴുതീട്ടെങ്കിലും ഒരിറ്റ് കുറയട്ടെ!

b) ഇത് കണ്ടിട്ടെങ്കിലും ബാങ്കുകൾക്ക് അവരുടെ സൈബർ സുരക്ഷയിലുള്ള കോംപ്രമൈസ് എത്രയും പെട്ടൊന്ന് അഡ്രസ് ചെയ്യുവാൻ തോന്നട്ടെ!!

click me!