ഓണ്‍ലൈനിന്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് വന്‍ തട്ടിപ്പ്; യുവാവിനെ ആമസോണ്‍ പിടികൂടിയത് ഇങ്ങനെ

By Web TeamFirst Published Dec 17, 2019, 3:34 PM IST
Highlights

മൊബൈൽ ഡെലിവറി ചെയ്തതിന്റെ മുൻ റെക്കോർഡുകൾ പരിശോധിച്ച ശേഷം തട്ടിപ്പ് മനസ്സിലാക്കിയ കമ്പനി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. 

ബെംഗളൂരു: ഇ കോമേഴ്സ് സ്ഥാപനമായ ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. ലിംഗരാജപുരം സ്വദേശി തമീം കൗസർ ആണ് അറസ്റ്റിലായത്. ആമസോണിൽ നിന്നും ഉയർന്ന വിലയുള്ള വൺ പ്ലസ് 7 മോഡൽ മൊബൈൽ ഓർഡർ ചെയ്ത് കൈപ്പറ്റിയ ശേഷം തമീം മൊബൈൽ തനിക്ക് ലഭിച്ചില്ലെന്നും അതിന്റെ പണം തിരികെ ലഭിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് കൂടുതൽ വിലയുള്ള മറ്റൊരു മോഡൽ ഓർഡർ ചെയ്തെങ്കിലും തനിക്ക് ബേസിക് മോഡലായ ഫോൺ ആണ് ലഭിച്ചതെന്നും അതിന്റെയും പണം തിരികെ വേണമെന്നാവശ്യപ്പെട്ടു. പണം ലഭിച്ച ശേഷം ഐ ഫോൺ 11 മോഡൽ ഓർഡർ ചെയ്ത ഇയാൾ വീണ്ടും തനിക്ക് ബേസിക് മോഡലാണ് ലഭിച്ചതെന്നും പണം റീഫണ്ട് ചെയ്യണമെന്ന് അറിയിക്കുകയുമായിരുന്നു.

മൊബൈൽ ഡെലിവറി ചെയ്തതിന്റെ മുൻ റെക്കോർഡുകൾ പരിശോധിച്ച ശേഷം തട്ടിപ്പ് മനസ്സിലാക്കിയ കമ്പനി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. രണ്ടു മൊബൈലുകൾക്കുമായി റീഫണ്ട് ആവശ്യപ്പെട്ട് ഇയാൾ 74,998 രൂപ കൈപ്പറ്റിയതായും ആദ്യം വാങ്ങിയ രണ്ടു മൊബൈലുകളും ഒ എൽ എക്സിൽ വിറ്റതായും പോലീസ് പറഞ്ഞു. നഗരത്തിലെ ഫുഡ് ഡെലിവറി ബോയ് ആണ് അറസ്റ്റിലായ യുവാവ്. സംഭവത്തിൽ കെജി ഹള്ളി പോലീസ് കേസെടുത്തു. 

click me!