
കാലിഫോര്‍ണിയ: സോഷ്യൽ മീഡിയ ഭീമനായ മെറ്റ അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ ഉൾപ്പെടെ എല്ലാ ആപ്പുകളിലും കൗമാരക്കാർ എഐ ക്യാരക്‌ടേഴ്‌സ് ഫീച്ചർ ഉപയോഗിക്കുന്നത് തടയുന്നതായി പ്രഖ്യാപിച്ചു. ജനനത്തീയതി പ്രകാരം കൗമാരം വ്യക്തമാക്കുന്ന ഉപയോക്താക്കൾക്കും മുതിർന്നവരാണെന്ന് അവകാശപ്പെടുമ്പോഴും കമ്പനിയുടെ പുതിയ സാങ്കേതികവിദ്യ കൗമാരക്കാരായി കണ്ടെത്തുന്നവര്‍ക്കും ഈ നിരോധനം ബാധകമാണ്. അതേസമയം, നിരോധനം താൽക്കാലികമാണെന്ന് മെറ്റ വ്യക്തമാക്കി. വ്യത്യസ്‍ത വ്യക്തിത്വങ്ങളുള്ള ചാറ്റ്ബോട്ടുകളാണ് എഐ ക്യാരക്‌ടേഴ്‌സ്.
കൗമാരക്കാർക്ക് മെറ്റയുടെ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയില്ലെങ്കിലും അവർക്ക് ഇപ്പോഴും സ്റ്റാൻഡേർഡ് മെറ്റ എഐ അസിസ്റ്റന്‍റ് ഉപയോഗിക്കാൻ കഴിയും. പക്ഷേ അതിൽ കർശനമായ പ്രായാധിഷ്‍ഠിത സുരക്ഷാ നടപടികൾ ഉണ്ടായിരിക്കും. മാത്രമല്ല എഐ ചാറ്റ്ബോട്ടുകളുമായി തങ്ങളുടെ കുട്ടികൾ എന്തൊക്കെ രീതിയിലാണ് ഇടപഴകുന്നതെന്ന് മാതാപിതാക്കൾക്ക് കാണാൻ കഴിയുന്ന ഒരു അപ്‌ഡേറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മെറ്റ അറിയിച്ചു. ഈ അപ്‍ഡേഷൻ ഉടനടി ലോഞ്ച് ചെയ്യും. അതുവരെ കൗമാരക്കാർക്ക് മെറ്റ ആപ്പുകളിൽ എഐ ക്യാരക്‌ടേഴ്‌സിനെ ഉപയോഗിക്കാൻ കഴിയില്ല. ഈ ഫീച്ചർ തിരിച്ചുവരുമ്പോൾ കുട്ടികളുടെ എഐ ഇടപെടലുകൾ നിരീക്ഷിക്കുന്നതിന് മാതാപിതാക്കൾക്ക് മെച്ചപ്പെട്ട രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും എന്നും മെറ്റ അവരുടെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ടിക് ടോക്കിനും യൂട്യൂബിനും ഒപ്പം മെറ്റയും ലോസ് ഏഞ്ചൽസിൽ ഒരു പ്രധാന കേസ് നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം. ഈ കമ്പനികളുടെ ആപ്പുകൾ കുട്ടികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ആരോപിച്ചാണ് കേസ്. അതേസമയം മെറ്റ മാത്രമല്ല എതിരാളികളായ മറ്റ് കമ്പനികളും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 18 വയസിന് താഴെയുള്ള ഉപയോക്താക്കൾക്ക് തങ്ങളുടെ ചാറ്റ്ബോട്ടിനെ ക്യാരക്‌ടർ എഐ എന്ന കമ്പനി അടുത്തിടെ നിരോധിച്ചിരുന്നു. ഫ്ലോറിഡയിലെ ഒരു അമ്മ തന്‍റെ 14 വയസുള്ള മകന്‍റെ ആത്മഹത്യയില്‍ ചാറ്റ്ബോട്ടിനെതിരെ കേസ് നൽകിയതിനെ തുടർന്നായിരുന്നു ക്യാരക്‌ടർ എഐയുടെ ഈ നടപടി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam