
കാലിഫോര്‍ണിയ: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ത്രഡ്‌സ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ 3600 ജീവനക്കാരെ പിരിച്ചുവിടുന്നു. മോശം പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ ഒഴിവാക്കുന്നത് എന്നാണ് മെറ്റയുടെ വിശദീകരണമെന്ന് രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കമ്പനിയിലെ അഞ്ച് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നതായി മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ജീവനക്കാരെ ഔദ്യോഗികമായി മെമ്മോയിലൂടെ അറിയിച്ചു. പെര്‍ഫോമന്‍സ് മാനേജ്‌മെന്‍റ് പ്രോസസ് മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മെറ്റയുടെ നീക്കം. മോശം പ്രകടനം കാഴ്ചവെക്കുന്ന തൊഴിലാളികളെയാണ് പറഞ്ഞുവിടുന്നത് എന്നാണ് സക്കര്‍ബര്‍ബര്‍ഗിന്‍റെ വിശദീകരണം എന്ന് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 10,000 ജീവനക്കാരെ ഒഴിവാക്കാന്‍ 2023ല്‍ മെറ്റ തീരുമാനിച്ചിരുന്നു. 2022, 2023 കാലത്ത് 21,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം മെറ്റയുടെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടിയാണ് വരാനിരിക്കുന്നത്. സങ്കീര്‍ണമായ വര്‍ഷമായിരിക്കും 2025 എന്നാണ് മെറ്റ ജീവനക്കാര്‍ക്ക് സക്കര്‍ബര്‍ഗ് നല്‍കുന്ന മുന്നറിയിപ്പ്. തൊഴില്‍ നഷ്ടമായ ജീവനക്കാര്‍ ആരൊക്കെയെന്ന് ഫെബ്രുവരി 10ന് മെറ്റ അറിയിക്കും. ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 72,000 ജീവനക്കാരാണ് മെറ്റയ്ക്കുള്ളത്.
നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മെറ്റയ്ക്കുള്ളില്‍ വലിയ മാറ്റങ്ങള്‍ മാര്‍ക് സക്കര്‍ബര്‍ഗ് പദ്ധതിയിടുന്നുണ്ട്. യുഎസില്‍ തേഡ്-പാര്‍ട്ടി ഫാക്ട് ചെക്കിംഗ് പ്രോഗ്രാം അവസാനിപ്പിക്കുന്നതായി മെറ്റ അടുത്തിടെ അറിയിച്ചിരുന്നു. ഇലോണ്‍ മസ്‌കിന്‍റെ എക്‌സില്‍ (പഴയ ട്വിറ്റര്‍) ഉള്ളതുപോലുള്ള കമ്മ്യൂണിറ്റി നോട്ട് സംവിധാനമാകും ഇതിന് പകരം ഫേസ്ബുക്കില്‍ വരിക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam