
കാലിഫോര്‍ണിയ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലിന് തയ്യാറെടുക്കുകയാണ് മാർക്ക് സക്കര്‍ബർഗിന്‍റെ മെറ്റ കമ്പനി എന്ന് റിപ്പോർട്ട്. കമ്പനിയുടെ ഏകദേശം 79,000 ജീവനക്കാരിൽ 20 ശതമാനത്തിൽ അധികം പേർക്ക് ജോലി നഷ്‍ടമാകാൻ സാധ്യത ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇത് ഏകദേശം 15,800-ത്തിൽ അധികം വരും എന്നാണ് കരുതുന്നത്. കുതിച്ചുയരുന്ന എഐ ഇൻഫ്രാസ്ട്രക്ഷർ ചെലവുകളും എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ലീനർ ഓപ്പറേഷനുകൾക്ക് മാറ്റം കൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കങ്ങളും കാരണമാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.
മെറ്റയുടെ മുതിർന്ന എക്‌സിക്യൂട്ടിവുകൾ ഇതിനെക്കുറിച്ച് ഉന്നത നേതൃത്വം അറിയിക്കുകയും, എത്ര പേർക്ക് ജോലി കുറയ്ക്കാമെന്ന് പ്ലാൻ ചെയ്യാൻ നിര്‍ദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട് എന്ന് റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എത്രത്തോളം പിരിച്ചുവിടലുകൾ സംഭവിക്കും, എപ്പോഴാണ് ഇത് നടപ്പിലാക്കുന്നത് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. 2022–23 ലെ പുനഃസംഘടനയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലിനാണ് മെറ്റ തയ്യാറെടുക്കുന്നത് എന്നും ഇത്തവണ അത് അമ്പരപ്പിക്കുന്നതായിരിക്കും എന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
2028 ആകുമ്പോഴേക്കും ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കുന്നതിനായി കമ്പനി 600 ബില്യൺ ഡോളർ ചെലവഴിക്കും. 2026-ലെ മൂലധന ചെലവ് 135 ബില്യൺ ഡോളറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം ചെലവഴിച്ച 72 ബില്യൺ ഡോളറിന്‍റെ ഇരട്ടിയാണിത്. അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം, മെറ്റ തങ്ങളുടെ സൂപ്പർ ഇന്‍റലിജൻസ് ടീമിനായി മികച്ച എഐ ഗവേഷകർക്ക് ആകർഷകമായ ശമ്പള പാക്കേജുകൾ വിതരണം ചെയ്യുന്നുണ്ട്. ആ പാക്കേജുകളിൽ ചിലത് നാല് വർഷത്തിനുള്ളിൽ കോടിക്കണക്കിന് ഡോളർ ചെലവു വരുന്നതാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
മറ്റ് എഐ കമ്പനികളെയും സ്റ്റാർട്ടപ്പുകളെയുമൊക്കെ വാങ്ങുന്നതിനും മെറ്റ കോടിക്കണക്കിന് ഡോളറുകൾ ചെലവഴിക്കുന്നുണ്ട്. എഐ ഏജന്‍റുമാർക്കായി നിർമ്മിച്ച സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ മോൾട്ട്ബുക്ക് അടുത്തിടെ മെറ്റ ഏറ്റെടുത്തിരുന്നു. കൂടാതെ ചൈനീസ് എഐ സ്റ്റാർട്ടപ്പ് മനുസിനെ ഏറ്റെടുക്കാൻ കുറഞ്ഞത് രണ്ട് ബില്യൺ ഡോളർ ചെലവഴിക്കുന്നു. കഴിഞ്ഞ വർഷം ജൂണിൽ സ്കെയിൽ എഐയിൽ 14.3 ബില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. സ്കെയിൽ എഐ സ്ഥാപകനായ അലക്‌സാണ്ടർ വാങിനെ ചീഫ് എഐ ഓഫീസറായും നിയമിച്ചിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam