
കാലിഫോര്‍ണിയ: മൈക്രോസോഫ്റ്റ് ഇപ്പോൾ വിൻഡോസ് 11-ന്‍റെ ഒരു പതിപ്പ് എന്നെന്നേക്കുമായി അടച്ചുപൂട്ടുന്നു. വിൻഡോസ് 11-ന്‍റെ സ്‍കൂൾ-ഫ്രണ്ട്‌ലി പതിപ്പിന്‍റെ പ്രവർത്തനം മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അവസാനിപ്പിക്കുകയാണ് എന്നാണ് വിവരം. വിൻഡോസ് 11 എസ്ഇ എന്ന ഈ പതിപ്പ് ക്ലാസുകൾക്കും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പുകൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ്. 2021-ൽ ആരംഭിച്ച വിൻഡോസ് 11 എസ്ഇ, ഗൂഗിളിന്‍റെ ക്രോം ഒഎസിന്‍റെ എതിരാളിയായിട്ടാണ് അവതരിപ്പിച്ചത്. എന്നാൽ ലോഞ്ച് ചെയ്‌ത് ഏതാനും വർഷങ്ങൾക്ക് ശേഷം ഇത് നിർത്തലാക്കുകയാണ്.
വിൻഡോസ് 11-ന്‍റെ സ്‍കൂൾ-ഫ്രണ്ട്‌ലി പതിപ്പ് നിർത്തലാക്കാൻ പോകുകയാണെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. ഈ പതിപ്പിനുള്ള സുരക്ഷാ അപ്‌ഡേറ്റുകൾ, സാങ്കേതിക സഹായം, ഫീച്ചർ പരിഹാരങ്ങൾ എന്നിവയുൾപ്പെടെയുള്ള പിന്തുണ 2026 ഒക്‌ടോബറില്‍ കമ്പനി നിർത്തും. വിൻഡോസ് 11 എസ്ഇയുടെ അവസാനത്തെ പ്രധാന അപ്‌ഡേറ്റ് എത്തിയതായി മൈക്രോസോഫ്റ്റ് അറിയിച്ചു. 24H2 പതിപ്പാണ് അതിന്‍റെ അവസാന ഫീച്ചർ റിലീസെന്നും, ഈ വർഷം അവസാനം 25H2 അപ്‌ഡേറ്റ് വരുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
വിൻഡോസ് 11 SE-യുടെ പതിപ്പ് 24H2-ന് ശേഷം മൈക്രോസോഫ്റ്റ് ഒരു ഫീച്ചർ അപ്‌ഡേറ്റുകളും പുറത്തിറക്കില്ല എന്ന് മൈക്രോസോഫ്റ്റ് ലേണിൽ പ്രസിദ്ധീകരിച്ച ഒരു കുറിപ്പിൽ കമ്പനി അറിയിച്ചു. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, സാങ്കേതിക സഹായം, സുരക്ഷാ പരിഹാരങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പിന്തുണയും 2026 ഒക്‌ടോബറില്‍ ലഭിക്കുന്നത് നിർത്തും. നിങ്ങളുടെ ഡിവൈസ് പ്രവർത്തിക്കുന്നത് തുടരുമെങ്കിലും, തുടർച്ചയായ പിന്തുണയും സുരക്ഷയും ഉറപ്പാക്കാൻ വിൻഡോസ് 11-ന്‍റെ മറ്റൊരു പതിപ്പിനെ പിന്തുണയ്ക്കുന്ന ഒരു ഉപകരണത്തിലേക്ക് മാറാൻ ശുപാർശ ചെയ്യുന്നുവെന്നും കമ്പനി വ്യക്തമാക്കി.
വിൻഡോസ് 11 എസ്ഇ പുറത്തിറങ്ങിയപ്പോൾ, മൈക്രോസോഫ്റ്റ് അതിനെ "ക്ലൗഡ്-ഫസ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം" എന്ന് വിശേഷിപ്പിച്ചു. ഇത് വിൻഡോസ് 11-ന്‍റെ ശക്തിയും വിശ്വാസ്യതയും വാഗ്ദാനം ചെയ്യുന്നു, ലളിതമായ രൂപകൽപ്പനയും സ്‌കൂളുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. സർഫസ് ലാപ്‌ടോപ്പ് എസ്ഇയിൽ തുടങ്ങി ചില ലാപ്‌ടോപ്പുകളിൽ ഇത് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരുന്നു.
വിൻഡോസ് 11 എസ്ഇ-യിൽ ഇപ്പോഴും പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഉപയോക്താക്കൾക്കും ഈ പതിപ്പ് ഇനി ചുരുക്കനാളുകൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. 2026 ഒക്ടോബറിനുശേഷം ആ ഡിവൈസുകൾ പ്രവർത്തിക്കുന്നത് തുടരുമെങ്കിലും അവയ്ക്ക് സുരക്ഷാ അപ്‌ഡേറ്റുകളോ പുതിയ സവിശേഷതകളോ ലഭിക്കില്ല. നിങ്ങളുടെ ഉപകരണം വിൻഡോസ് 11-നെ പിന്തുണയ്ക്കുന്നുവെങ്കിൽ, പൂർണ്ണ പതിപ്പിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ മൈക്രോസോഫ്റ്റ് ശുപാർശ ചെയ്യുന്നു. മൈക്രോസോഫ്റ്റ് ഇപ്പോഴും വിൻഡോസ് 11 എഡ്യൂക്കേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അക്കാദമിക് ആവശ്യകതകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു പതിപ്പാണിത്.
ക്രോം ഒഎസിനെ നേരിടാനുള്ള മൈക്രോസോഫ്റ്റിന്‍റെ ആദ്യ ശ്രമമല്ല ഇത്. കമ്പനിയുടെ ഏറ്റവും വലിയ വിജയം വിൻഡോസ് 10X-ൽ നിന്നായിരുന്നു. വിലകുറവുള്ള ഉപകരണങ്ങളിൽ പോലും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിൻഡോസിന്‍റെ വളരെ ചെറിയ പതിപ്പായിരുന്നു അത്. എന്നാൽ 10X ലോഞ്ച് ചെയ്യുന്നതിന് മുമ്പ് നിർത്തലാക്കപ്പെട്ടു. ഇത് വിൻഡോസ് 11 എസ്ഇക്ക് വഴിമാറി. നിർഭാഗ്യവശാൽ ക്രോംബുക്സിന്‍റെ സുഗമമായ അനുഭവവുമായി ഇതിന് ഒരിക്കലും പൊരുത്തപ്പെടാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം