പ്രഥമ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് നാളെ മുതല്‍

By Web DeskFirst Published Sep 26, 2017, 12:29 PM IST
Highlights

ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന് നാളെ ദില്ലിയില്‍ തുടക്കമാകും. ടെലികോം, ഇന്റര്‍നെറ്റ്, സ്റ്റാര്‍ട്ട്-അപ്പ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന രാജ്യത്തെ പ്രഥമ സമ്മേളനമാണിത്. കേന്ദ്രസര്‍ക്കാരിന്‍റെ സഹകരണത്തോടെയാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.

സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നവരുടെ കണ്ണും കാതും മൂന്ന് ദിവസത്തേക്ക് ദില്ലിയിലേക്ക്. പ്രഥമ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന് നാളെ ദില്ലിയിലെ പ്രഗതി മൈതാനിയില്‍ തുടക്കമാകും. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലൊരുക്കുന്ന മൊബൈല്‍ കോണ്‍ഗ്രസില്‍ ടെലികോം സേവന ദാതാക്കള്‍,മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കള്‍, ഇന്റര്‍നെറ്റ് അനുബന്ധ സ്ഥാപനങ്ങള്‍, ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി കമ്പനികള്‍ എന്നിവര്‍ പങ്കെടുക്കും. ഫിന്നിഷ് കമ്പനി നോക്കിയയുടെ സാന്നിധ്യമാണ് കോണ്‍ഗ്രസില്‍ ശ്രദ്ധേയം. നോക്കിയയുടെ പതാകവാഹക മോഡല്‍ എയ്റ്റ് മൊബൈല്‍ കോണ്‍ഗ്രസില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. എയ്റ്റിനൊപ്പം മൂന്ന് മോഡലുകള്‍ കൂടി നോക്കിയ പ്രഖ്യാപിക്കുമെന്നാണ് സൂചന. എല്‍ജി, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികളും പുതിയ മോഡലുകള്‍ പുറത്തിറക്കും.

ബിഎസ്എന്‍എല്‍, എയര്‍ടെല്‍ തുടങ്ങിയ മൊബൈല്‍ സേവനദാതാക്കള്‍ 4ജിയില്‍ നിന്ന് 5ജിയിലേക്ക് മാറുന്നതിന്‍റെ സാധ്യതകളും മൊബൈല്‍ കോണ്‍ഗ്രസില്‍ വ്യക്തമാക്കും. ജിപിഎസിനോട് കിടപിടിക്കുന്ന ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ ഉപഗ്രഹത്തിന്‍റെ വികസനം ഐഎസ്ആര്‍ഒ പരിചയപ്പെടുത്തും. ക്വാല്‍കോം, ഐബിഎം തുടങ്ങിയ കമ്പനികള്‍, ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി എന്നിവ അടിസ്ഥാനമാക്കി വികസിപ്പിക്കുന്ന ഉത്പന്നങ്ങള്‍ അവതരിപ്പിക്കും.

പ്രദര്‍ശനം, പ്രഭാഷണ പരമ്പര, മൊബൈല്‍ അനുബന്ധ കമ്പനികള്‍ക്കുള്ള വിവിധ അവാര്‍ഡുകള്‍ തുടങ്ങിയവ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ ഒരുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

 

click me!