പരിധിക്ക് പുറത്തേക്ക് പോകുന്ന ഫോണ്‍

By Web TeamFirst Published Sep 20, 2018, 4:01 PM IST
Highlights

ആ സമയത്താണ്  ഇപ്പോൾ നമുക്ക് നെറ്റ് ഇത്ര സിംപിൾ ആക്കി തന്ന സാക്ഷാൽ അംബാനി ചേട്ടന്‍റെ റിലയൻസ് കമ്പനിടെ വക 501 രൂപയുടെ ഫോൺ ഇറങ്ങിയത് - MyG എന്‍റെ ആദ്യ ഫോണില്‍ അനൂപ് വിഎസ് എഴുതുന്നു

മഞ്ഞ് കൊണ്ട് പട്ടുടുത്ത ഇടുക്കി എന്ന മിടുക്കിയുടെ സ്വന്തം സിറ്റി കളായ കട്ടപ്പനയും, ചെറുതോണിയും മാത്രം കണ്ട് പരിചയമുള്ള ഞാൻ എന്ന പയ്യൻ 2002 ൽ ഒരു ജോലിക്കായി എറണാകുളം എന്ന വലിയ സിറ്റിയിലേക്കുള്ള യാത്രയാണ് മൊബൈൽ ഫോൺ എന്ന സാധനം (ഇന്നത്തെ അമ്മമാരുടെ ഭാഷയിൽ കുന്ത്രാണ്ടം) ഞാൻ കാണുന്നത് . ഫോൺ എന്ന് പറഞ്ഞാൽ അന്ന് ആകെ അറിയാവുന്നത്  ബിഎസ്എന്‍എല്‍ ലാൻഡ് ഫോൺ ആണ്. അതും അപൂർവ്വം വീടുകളിൽ മാത്രം കണ്ടു വരുന്ന സാധനം. അന്നത്തെ പ്രമുഖനായ ഫോൺ നോക്കിയ 3310 ആയിരുന്നു.( ആര്‍എക്സ് 100 പോലെ ഇന്നും ഈ ചങ്ങാതിക്ക് ആരാധകർ ഉണ്ട് എന്നാണ് തോന്നുന്നത് ).

ആ സമയത്താണ്  ഇപ്പോൾ നമുക്ക് നെറ്റ് ഇത്ര സിംപിൾ ആക്കി തന്ന സാക്ഷാൽ അംബാനി ചേട്ടന്‍റെ റിലയൻസ് കമ്പനിടെ വക 501 രൂപയുടെ ഫോൺ ഇറങ്ങിയത്. കൂടെ ജോലി ചെയ്യുന്ന ഒരു പാടു പേർ വാങ്ങി. നീല കളർ ഡിസ്പ്ലേ, അതുവരെ കേൾക്കാത്ത തരം റിംഗ്ടോൺ. മൊത്തത്തിൽ കിടുക്കാച്ചി സാധനം.(സംഭവം കിടുക്കിത് പിന്നീടാണ് പലർക്കും വീടുകളിൽ 10000ത്തിന്റെ ഒക്കെ ബില്ല് വന്നപ്പോൾ.) മാസം 1000 രൂപ മാത്രം ശമ്പളമുള്ള എനിക്ക് ഫോൺ എടുക്കാൻ വീണ്ടും രണ്ട് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു.

രണ്ട് വർഷത്തിന് ശേഷം ശമ്പളം രണ്ടായിരത്തി അഞ്ഞൂർ എത്തിയ സമയം , കൂടെ ജോലി ചെയ്യുന്ന ആൾക്ക് പൈസക്ക് ആവശ്യം വന്നപ്പൊൾ അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന 33 10 എന്ന മുതലിനെ കൊടുക്കാൻ തീരുമാനിച്ചു, മോബൈൽ വാങ്ങണം എന്നുള്ള അടങ്ങാത്ത ആഗ്രഹം ഒരു മാസത്തെ ശമ്പളം ഉപേക്ഷിക്കാൻ തന്നെ പ്രേരിപ്പിച്ചു.
അങ്ങനെ 2004 ൽ 2500 കൊടുത്ത് ഞാനും ഒരു മൊബൈൽ ഫോൺ മുതലാളി ആയി. ഫോൺ വാങ്ങിക്കഴിഞ്ഞാണ് മനസ്സിലായത് ആനേ വാങ്ങുമ്പോൾ തോട്ടി വാങ്ങണം എന്നതുപോലെ ഇത് ഉപയോഗിക്കാൻ സിം കാർഡ് എന്നോരു സാധനം കൂടി വേണോന്ന്. 

പിന്നെ സിമ്മിനുള്ള ഓടമായി. അന്നത്തെ രാജാവ് മ്മടെ ബിഎസ്എന്‍എല്‍ തന്നെ . പക്ഷെ പുള്ളിക്ക് വല്യ ഡിമാന്‍റാ. കിട്ടാൻ ബുദ്ധിമുട്, 250 രൂപ വേണം. ബ്ലാക്കിൽ കിട്ടും 1000 രൂപ വരെ കൊടുക്കണം. മുഴുവൻ തേങ്ങ കിട്ടിയ പട്ടിടെ അവസ്ഥയിലായി. പിന്നെ സ്വകാര്യ കമ്പനിയിലേക്കായി ഓട്ടം. അന്നത്തെ സ്വകാര്യ സ്വത്ത് എസ്കോടെൽ ആണ് . അങ്ങനെ സിം എടുത്തു. അദ്യ റീചാർജ്ജും ചെയ്തു. ഇന്നത്തെ പോലെ ബാലൻസ് തീരില്ല കാരണം വിളിക്കാൻ ആരുമില്ല. 

ലീവിനു വീട്ടിൽ പോകുമ്പോൾ ആണ് അടുത്ത തമാശ. കോതമംഗലം കഴിഞ്ഞാൽ നമ്മൾ പരിധിക്ക് പുറത്ത് ആകും. പിന്നെ ഫോൺ കോണ്ടുള്ള ഉപയോഗം  പാമ്പിന്റെ ഇര വിഴുങ്ങൽ, മോർട്ടൽ കോംപാക്ട് തുടങ്ങിയ ഗയിമുകൾ കളിക്കുക എന്നതാണ്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന നാടാണേലും നാട്ടിൽ കരണ്ട് സ്വപ്നമായിരുന്നു. അത് കൊണ്ട് ചാർജ് തീർന്നാൽ ഗയിമുകളിയും നിൽക്കും. പിന്നെ തിരിച്ച് എറണാകുളത്തെത്തണം ജീവൻ വെക്കാൻ .  അവസാനം രണ്ട് വർഷത്തിന് ശേഷം ആരോ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ മോഷ്ടിച്ചു കോണ്ടുപോയതോടെ ആ ബന്ധം അവസാനിച്ചു. അതിനു ശേഷം ഒരു പാട് ഫോണുകൾ ജീവിതയാത്രയിൽ വന്ന് പോയെങ്കിലും, ഇന്നും ഇടക്കിടക്ക് ഓർക്കാറുണ്ട് ആദ്യ ഫോണിനെ.

click me!