
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള ദേശീയ ബഹിരാകാശ ദിനാചരണത്തിൽ, വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) ഡയറക്ടർ ഡോ. എ. രാജരാജൻ വിദ്യാർത്ഥികളുമായി സംവദിച്ചു. തിരുവനന്തപുരം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ, ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചും ജീവിതവിജയത്തെക്കുറിച്ചും അദ്ദേഹം കുട്ടികൾക്ക് പ്രചോദനം നൽകി.
ഏത് പ്രതിസന്ധിയിലും അതിജീവിക്കാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് ഡോ. രാജരാജൻ പറഞ്ഞു. അതിനായി ആൺകുട്ടികൾ നിർബന്ധമായും പാചകം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രായോഗിക നിർദ്ദേശം കുട്ടികളിൽ വലിയ കൗതുകം ഉണർത്തി. ഏത് കാര്യത്തിലും പൂർണ്ണമായ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നവർക്കും, വ്യത്യസ്തമായി ചിന്തിക്കുന്നവർക്കും ജീവിതത്തിൽ മികച്ച നിലയിലെത്താൻ സാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വി.എസ്.എസ്.സി, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽ.പി.എസ്.സി), ഐ.എസ്.ആർ.ഒ. ഇന്നേഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ.ഐ.എസ്.യു) എന്നീ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. ഈ മൂന്ന് കേന്ദ്രങ്ങളാണ് തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒ.യുടെ പ്രധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് ശ്രീ. സുരേഷ് കുമാർ ആർ. അധ്യക്ഷത വഹിച്ചു. ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ശ്രീ. പ്രമോദ് കെ.വി. സ്വാഗതം ആശംസിച്ചു. 'നാഷണൽ സ്പേസ് ഡേ'യുടെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ബിജു പ്രസാദ് ബി. വിശദീകരിച്ചു. വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർമാരായ ശ്രീ. പി.കെ. എബ്രഹാം, ശ്രീ. എസ്. പത്മകുമാർ, വൈസ് പ്രിൻസിപ്പൽ ശ്രീമതി. ഫ്രീഢ മേരി ജെ എം , സ്കൂൾ പൂർവ വിദ്യാർത്ഥിയായ ശ്രീ. പത്മകുമാർ എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം