മൈക്ക് ടൈസന്‍- ജേക്ക് പോള്‍ ഇടിക്കിടെ സ്ട്രീമിംഗ് 'അടിച്ചുപോയി'; നാണംകെട്ട് നെറ്റ്‌ഫ്ലിക്‌സ്, രൂക്ഷ പരിഹാസം

Published : Nov 16, 2024, 01:10 PM ISTUpdated : Nov 16, 2024, 01:16 PM IST
മൈക്ക് ടൈസന്‍- ജേക്ക് പോള്‍ ഇടിക്കിടെ സ്ട്രീമിംഗ് 'അടിച്ചുപോയി'; നാണംകെട്ട് നെറ്റ്‌ഫ്ലിക്‌സ്, രൂക്ഷ പരിഹാസം

Synopsis

എക്കാലത്തെയും വലിയ ബോക്‌സിംഗ് സ്ട്രീമിംഗ് എന്ന അവകാശവാദവുമായി മൈക്ക് ടൈസന്‍- ജേക്ക് പോള്‍ പോരാട്ടം അവതരിപ്പിച്ച നെറ്റ്‌ഫ്ലിക്‌സിന് നാണക്കേട്, സോഷ്യല്‍ മീഡിയയില്‍ രൂക്ഷ പരിഹാസം 

ഡാളസ്: ലോകം ആകാംക്ഷയോടെ കാത്തിരുന്ന മൈക്ക് ടൈസന്‍, ജേക്ക് പോള്‍ ബോക്‌സിംഗ് പോരാട്ടത്തിനിടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സിന്‍റെ ലൈവ് ആയിരക്കണക്കിന് പേര്‍ക്ക് തടസപ്പെട്ടു. അമേരിക്കയില്‍ നിന്ന് വ്യാപക പരാതികളാണ് നെറ്റ്‌ഫ്ലിക്‌സ് ഉപഭോക്താക്കളില്‍ നിന്നുയര്‍ന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവിച്ച സാങ്കേതിക പ്രശ്‌നത്തെ കുറിച്ച് നെറ്റ്‌ഫ്ലിക്‌സ് പ്രതികരിച്ചിട്ടില്ല. 

ചരിത്രത്തിലെ ഏറ്റവും വലിയ ബോക്‌സിംഗ് സ്ട്രീമിംഗ് എന്ന അവകാശവാദത്തോടെയാണ് മൈക്ക് ടൈസന്‍- ജേക്ക് പോള്‍ ഇടിക്കൂട്ടിലെ പോരാട്ടത്തെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ് അവതരിപ്പിച്ചത്. 58-ാം വയസില്‍ ഇടിക്കൂട്ടിലേക്കുള്ള മൈക്ക് ടൈസന്‍റെ തിരിച്ചുവരവായിരുന്നു അങ്കത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. എതിരാളിയായ ജേക്ക് പോളിന് വെറും 27 വയസ് മാത്രമാണ് പ്രായം എന്നതും പോരിന്‍റെ വാശി കൂട്ടി. അമേരിക്കയില്‍ ആയിരക്കണക്കിനാളുകളാണ് ചരിത്രത്തിലെ ഏറ്റവും മഹാനായ ബോക്‌സര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന മൈക്ക് ടൈസന്‍റെ തിരിച്ചുവരവ് കാണാന്‍ നെറ്റ്‌ഫ്ലിക്‌സിന് മുന്നില്‍ കാത്തിരുന്നത്.

എന്നാല്‍ മൈക്ക് ടൈസന്‍- ജേക്ക് പോള്‍ ഇടി കാണാന്‍ നെറ്റ്‌ഫ്ലിക്‌സിന്‍റെ ലൈവ് സ്ട്രീം തുറന്ന ആയിരക്കണക്കിന് പേര്‍ നിരാശരും കുപിതരുമായി. ഏറ്റവും വലിയ ബോക്‌സിംഗ് ഇവന്‍റ് എന്ന് നെറ്റ്‌ഫ്ലിക്‌സ് അവകാശപ്പെട്ട പരിപാടിയുടെ സ്ട്രീമിംഗ് പലര്‍ക്കും ലഭിച്ചില്ല. നെറ്റ്‌ഫ്ലിക്‌സിന്‍റെ മോശം സ്ട്രീമിംഗിനെതിരെ രൂക്ഷ വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നു. 

ഓണ്‍ലൈന്‍ സര്‍വീസുകളിലെ തകരാര്‍ പരിശോധിക്കുന്ന ഡൗണ്‍ഡിറ്റെക്‌ടറിന്‍റെ കണക്കുകള്‍ പ്രകാരം 85,000ലേറെ യൂസര്‍മാര്‍ നെറ്റ്‌ഫ്ലിക് സ്ട്രീമിംഗിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പരാതികള്‍ രേഖപ്പെടുത്തി. യുഎസിലെ ന്യൂയോര്‍ക്ക്, ലോസ് ആഞ്ചെലെസ് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നാണ് ഏറെ പരാതികളും ഉയര്‍ന്നത്. എന്താണ് നെറ്റ്‌ഫ്ലിക്‌സ് സ്ട്രീമിംഗ് തടസപ്പെടാന്‍ കാരണമായത് എന്ന് വ്യക്തമല്ല. അതേസമയം ടെക്‌സസിലെ ഡാളസില്‍ മൈക്ക് ടൈസന്‍- ജേക്ക് പോള്‍ പോരാട്ടം നേരില്‍ കാണാന്‍ ടിക്കറ്റെടുത്ത 75,000 പേര്‍ക്കും മത്സരം വീക്ഷിക്കാനായി. 

തിരിച്ചുവരവില്‍ ടൈസന് കണ്ണീര്‍

ആരാധകരെ നിരാശരാക്കി മൈക്ക് ടൈസന്‍ തന്‍റെ പകുതിയോളം മാത്രം പ്രായമുള്ള ജേക്ക് പോളിന്‍റെ ഇടികൊണ്ട് തോല്‍വി വഴങ്ങേണ്ടിവന്നു. യൂട്യൂബറായി തുടങ്ങി പ്രൊഫഷനല്‍ ബോക്സിംഗിലേക്ക് കളംമാറ്റിയ ജേക്ക് പോള്‍, ടൈസന്‍റെ വെല്ലുവിളിയെ അനായാസം മറികടക്കുന്നതിന് ഡാളസിലെ എടി ആന്‍ഡ് ടി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. റഫറിമാര്‍ ഏകകണ്ഠമായി ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ലോക മുന്‍ ഹെവി‌വെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനാണ് മൈക്ക് ടൈസന്‍. 

Read more: നെറ്റ്ഫ്ലിക്സിലെ ഇഷ്ട സീൻ ഇനി മുതൽ നിങ്ങൾക്ക് സേവ് ചെയ്യാം, ഷെയർ ചെയ്യാം; എങ്ങനെയെന്നല്ലേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്താണ് മെമ്മറി കാർഡിലെ ഹാഷ് വാല്യൂ? ഇതാ അറിയേണ്ടതെല്ലാം