വിഎസ്എസ്‍സിയിലും എൽപിഎസ്‍സിയിലും പുതിയ സ്ഥിരം മേധാവിമാ‌ർ, ഐഎസ്ആർഒയിൽ തലമുറ മാറ്റത്തിന്റെ രണ്ടാം ഘട്ടം

Published : Jun 26, 2026, 11:01 PM IST
VSSC and LPSC head

Synopsis

ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ തിരുവനന്തപുരത്തെ സുപ്രധാന കേന്ദ്രങ്ങളിൽ ഇടവേളയ്ക്ക് ശേഷം സ്ഥിരം ഡയറക്ട‌ർമാരെ നിയമിച്ചു. ​ ​ഐഎസ്ആർഒ മാതൃകേന്ദ്രമായ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഡോ. യു.പി.രാജീവാണ് പുതിയ മേധാവി.

തിരുവനന്തപുരം: ഐഎസ്ആ‌ർഒ കേന്ദ്രങ്ങളിലെ നേതൃമാറ്റം തുടരുന്നു. ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ തിരുവനന്തപുരത്തെ സുപ്രധാന കേന്ദ്രങ്ങളിൽ ഇടവേളയ്ക്ക് ശേഷം സ്ഥിരം ഡയറക്ട‌ർമാരെ നിയമിച്ചു. ​ഐഎസ്ആർഒ മാതൃകേന്ദ്രമായ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഡോ. യു.പി.രാജീവാണ് പുതിയ മേധാവി. വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിൽ എൻ.ജയനാണ് ഡയറക്ടർ സ്ഥാനം.

മുൻ​ഗാമികൾ വിരമിച്ച ഒഴിവിൽ കഴിഞ്ഞ ഒരു മാസം ഇവർ താത്കാലിക ചുമതല വഹിക്കുകയായിരുന്നു. ജൂൺ 25ന് നിയമനം സ്ഥിരപ്പെടുത്തിക്കൊണ്ട് ഉത്തരവിറങ്ങി. വിക്രം സാരാഭായ് സ്പേസ് സെന്റർ മുൻ മേധാവി എ. രാജരാജൻ മേയ് അവസാനമാണ് വിരമിച്ചത്. എൽപിഎസ്‍സിയിൽ ഡയറക്ടറായിരുന്ന എം. മോഹൻ വിരമിച്ചത് ഏപ്രിൽ അവസാനവും.

തിരുവനന്തപുരം ഐഎസ്ആ‌‌‌ർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിലും മഹേന്ദ്ര​ഗിരി ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലും കൂടി തലവന്മാ‌ർ മാറും. ഐഐഎസ്‍യു മേധാവി എൽ. സൗമ്യനാരായണൻ ജൂൺ മുപ്പതിന് വിരമിക്കുന്ന ഒഴിവിൽ നിലവിലെ അസോസിയേറ്റ് ഡയറക്ട‌ർ ജോജി ജെ. ചാമൻ മേധാവിയാകും. ഐപിആർസിയിൽ ജെ.അസി‌ർ പാക്കിരാജ് ജൂൺ മുപ്പതിന് വിരമിക്കുമ്പോൾ നാരായണൻ അപ്പു പുതിയ മേധാവിയായി ചുമതലയേൽക്കും. 

നിർമ്മാണം പുരോഗമിക്കുന്ന ഇന്റഗ്രേറ്റഡ് ക്രയോജനിക് എഞ്ചിൻ ടെസ്റ്റ് ഫെസിലിറ്റിയുടെ പ്രൊജക്ട് ഡയറക്ടറാണ് നാരായണൻ അപ്പു. മറിച്ചൊരു ഉത്തരവ് വരും വരെ ഈ ചുമതലയിലും അദ്ദേഹം തുടരും. ഉപഗ്രഹ വികസന കേന്ദ്രമായ ബെംഗളൂരു യു.ആർ.റാവു സാറ്റലൈറ്റ് സെന്‍ററിലും അടുത്ത മാസം അവസാനം നേതൃമാറ്റം ഉണ്ടാകുമെന്നാണ് വിവരം. നിലവിലെ മേധാവി എം.ശങ്കരൻ ജൂലൈ അവസാനം വിരമിക്കും.

വിഎസ്എസ്‍സിയിൽ ഡോ. യു.പി. രാജീവ്

വി.എസ്.എസ്.സി.യിലെ അസോസിയേറ്റ് ഡയറക്ടർ (R&D) ആയി സേവനമനുഷ്ഠിക്കുമ്പോഴാണ് സുപ്രധാന കേന്ദ്രത്തിന്റെ തലപ്പത്തേക്ക് ഡോ.യു.പി.രാജീവിന് നിയമനം ലഭിക്കുന്നത്. ​റോക്കറ്റ് കൺട്രോൾ ആൻഡ് ഗൈഡൻസ് (Rocket Control & Guidance) വിഭാഗത്തിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള ഡോ. രാജീവ്, ഐ.എസ്.ആർ.ഒ.യുടെ ചരിത്രപ്രധാനമായ വിക്ഷേപണ വാഹനങ്ങളുടെ (Launch Vehicles) മിഷൻ ഡിസൈനിലും സിമുലേഷനുകൾക്കും (Mission Simulation) നേതൃത്വം നൽകിയ വ്യക്തിയാണ്.

​തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ (CET) നിന്ന് 'അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ' ബിരുദവും എൻഐടി (NIT) കോഴിക്കോടിൽ നിന്ന് ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് യു.പി.രാജീവ് ഐ.എസ്.ആർ.ഒ.യിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് IISC ബംഗളുരുവിൽ നിന്ന് പിഎച്ച്‍ഡി പൂർത്തിയാക്കി. കൊല്ലം പത്തനാപുരം സ്വദേശിയായ ഡോ. രാജീവ്, ഉണ്ണികൃഷ്ണൻ നായരുടെയും പത്മാക്ഷിയമ്മയുടെയും മകനാണ്. വി.എസ്.എസ്.സി.യിലെ മുതിർന്ന ശാസ്ത്രജ്ഞയായ ഡോ.ആശ പി.നായർ ആണ് ഭാര്യ. പാർവതി നായർ മകളാണ്.

എൽപിഎസ്‍സിയിൽ എൻ.ജയൻ

എൽപിഎസ്‍സി അസോസിയേറ്റ് ഡയറക്ടർ, ക്രയോ സ്റ്റേജ് പ്രൊജക്റ്റ്‌ ഡയറക്ടർ, വിഎസ്എസ്‍സി യിൽ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (NGLV) പ്രൊജക്റ്റ്‌ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ച ശേഷമാണ് എൽപിഎസ്‍സി തലപ്പത്തേക്കുള്ള എൻ.ജയൻ്റെ കടന്നുവരവ്. ക്രയോജനിക് എൻജിൻ തദ്ദേശിയമായ വികസിപ്പിക്കുന്നതിൽ ‍സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എൽവിഎം 3 (ജിഎസ്എൽവി മാർക്ക് 3) റോക്കറ്റിൽ ഉപയോഗിക്കുന്ന CE 20 ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ച സംഘത്തിന്റെ മേധാവിയായിരുന്നു.

തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ (CET) നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദവും ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എറോസ്പേസ് എഞ്ചിനീറിങ്ങിൽ ME ബിരുദവും ഒന്നാം റാങ്കോടെ നേടി. Astronautical society of India സ്പേസ് ഗോൾഡ് മെഡൽ, 3 ISRO ടീം അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്തെ മികച്ച സംഭാവനകൾ കണക്കിലെടുത്തു രാജ്യം ശാസ്ത്ര രംഗത്ത് നൽകുന്ന പരമോന്നത ബഹുമതിയായ രാഷ്ട്രീയ വിഗ്യാൻ പുരസ്‌കാരം 2025 രാഷ്ട്രപതിയിൽ നിന്ന് ഏറ്റു വാങ്ങി. തിരുവനന്തപുരം മണ്ണാമൂല സ്വദേശി ആണ്. ഭാര്യ ശോഭ ജയൻ I and B മന്ത്രാലയത്തിൽ സീനിയർ അക്കൗണ്ട്സ് ഓഫീസറാണ്. മക്കൾ ശ്വേത, സിദ്ധാർഥ്.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

14,000mAh ബാറ്ററി ശേഷി; ഹോണർ പുതിയ സ്‍മാർട്ട് ഫോൺ വികസിപ്പിക്കുന്നതായി റിപ്പോർട്ട്
ജെയിംസ് വെബ് ദൂരദർശിനിയുടെ അത്ഭുത കണ്ടെത്തൽ; പരസ്‍പരം ലയിക്കുന്ന ആറു ഗാലക്സികൾ