വാട്ട്സ്ആപ്പിന് കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Nov 1, 2018, 3:16 PM IST
Highlights

വാട്ട്സ്ആപ്പ് വൈസ് പ്രസിഡന്‍റ് ക്രിസ് ഡാനിയലുമായി നടത്തിയ കൂടികാഴ്ചയിലാണ് കേന്ദ്ര ഇലക്ട്രോണിക് ഐടികാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് ഈ ആവശ്യം ഉന്നയിച്ചത്. ഈ ബുധനാഴ്ചയാണ് ഈ കൂടികാഴ്ച നടന്നത്.
 

ദില്ലി: ഒരു സന്ദേശത്തിന്‍റെ ഉറവിടം ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഒരു സന്ദേശം ഡിക്രിപ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ലെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ എവിടെ നിന്ന് സന്ദേശം വന്നു, ആര് അയച്ചു എന്നത് വ്യക്തമാക്കണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യം. 

വാട്ട്സ്ആപ്പ് വൈസ് പ്രസിഡന്‍റ് ക്രിസ് ഡാനിയലുമായി നടത്തിയ കൂടികാഴ്ചയിലാണ് കേന്ദ്ര ഇലക്ട്രോണിക് ഐടികാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് ഈ ആവശ്യം ഉന്നയിച്ചത്. ഈ ബുധനാഴ്ചയാണ് ഈ കൂടികാഴ്ച നടന്നത്.

ഒരു സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച വിഷയമായി. ഒരു സന്ദേശം ഡിക്രിപ്റ്റ് ചെയ്യുക എന്നതല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സന്ദേശങ്ങളുടെ ഉറവിടവും ആര് അയച്ചു എന്ന കാര്യവും സര്‍ക്കാറിന് നല്‍കാന്‍ വാട്ട്സ്ആപ്പ് തയ്യാറാകണം എന്നാണ് നിര്‍ദേശിച്ചത് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കുന്നു.

വാട്ട്സ്ആപ്പ് ഈ വിഷയം പരിഗണിക്കാം എന്ന് സൂചിപ്പിച്ചതായാണ് സൂചന. എന്നാല്‍ ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഈ വിഷയം എന്‍ക്രിപ്ഷന്‍ എന്ന പ്രധാന വിഷയവുമായി ബന്ധപ്പെട്ടതാണ് എന്നാണ് ക്രിസ് ഡാനിയല്‍ പറയുന്നത്. എന്നാല്‍ ചിലപ്പോള്‍ ഈ വര്‍ഷം അവസാനം ഇന്ത്യയ്ക്കായി ഇതില്‍ ചില ഇളവുകള്‍ ഉണ്ടായേക്കും എന്നും വാട്ട്സ്ആപ്പ് തലവന്‍ സൂചിപ്പിക്കുന്നു.

അടുത്തിടെ നടന്ന ആള്‍കൂട്ട കൊലകളില്‍ പ്രധാന പങ്ക് വാട്ട്സ്ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്ക് ഉണ്ടെന്ന റിപ്പോര്‍ട്ട് വാട്ട്സ്ആപ്പിന് വലിയ സമ്മര്‍ദ്ദമാണ് ഇന്ത്യയില്‍ ഉണ്ടാക്കിയത്. ഇതിനെ തുടര്‍ന്ന് വാട്ട്സ്ആപ്പ് ഒരു ദിവസം ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം 5 ആക്കി കുറച്ചിരുന്നു.

click me!