
യൂട്യൂബ് ഗാനങ്ങൾ അടിച്ചുമാറ്റുന്ന സൈറ്റുകൾ ഇനി ഉണ്ടാകില്ല. പ്രമുഖ വീഡിയോ കൺവര്‍ട്ടിംഗ് വെബ്സൈറ്റായ YouTube-mp3.org അടച്ചുപൂട്ടുന്നു. പകർത്തിയെടുത്ത വീഡിയോകൾ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തുന്നുവെന്ന നിയമകുരുക്കുകൾക്കൊടുവിലാണ് സൈറ്റ് പൂട്ടാൻ ഒരുങ്ങുന്നത്.
സൈറ്റിൻ്റെ ഡൊമയ്ൻ പേര് റൊക്കോർഡിങ് ഇൻ്റസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്ക (ആർ.ഐ.എ.എ)ക്ക് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നിയമവിരുദ്ധമായ വീഡിയോ ഡൗൺലോഡിങിന് ഈ വെബ്സൈറ്റ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. സൈറ്റ് അടച്ചുപുട്ടണമെന്നും നിയമവിരുദ്ധ പ്രവർത്തനത്തിന് ഒന്നര ലക്ഷം ഡോളർ പിഴയിടണമെന്നും ആവശ്യപ്പെട്ട് നിയമനടപടികളും ആരംഭിച്ചിരുന്നു.
അനധികൃതമായി നടക്കുന്ന ഓഡിയോ, വീഡിയോ രൂപമാറ്റത്തിൽ 40 ശതമാനത്തിനും കാരണം ഈ വെബ്സൈറ്റാണെനായിരുന്നു പരാതി. വീഡിയോകൾ എം.പി 3 ഫോർമാറ്റിലേക്ക് ഓൺലൈനായി മാറ്റാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെബ്സൈറ്റ് കൂടിയാണിത്. ഉപയോഗിക്കുന്നവർക്ക് ഒരു അക്കൗണ്ട് പോലും തുടങ്ങാതെ ഇതിൻ്റെ സേവനങ്ങൾ ഉപയോഗിക്കാമായിരുന്നു.
പൂർണമായും സൗജന്യമായിട്ടായിരുന്നു സേവനങ്ങൾ. പരാതിക്കാരും വെബ്സൈറ്റ് അധികൃതരും ധാരണയിൽ എത്തിയതോടെയാണ് സൈറ്റ് നിർത്തലാക്കാൻ തീരുമാനിച്ചത്. YouTube-mp3.orgന് പ്രതിമാസം 60 ദശലക്ഷം സന്ദർശകരും ലക്ഷകണക്കിന് നിയമവിരുദ്ധ വീഡിയോ- ഓഡിയോ ഡൗൺലോഡിങും രൂപമാറ്റവും നടക്കുന്നുമുണ്ടെന്നാണ് ആർ.ഐ.എ.എ ചൂണ്ടിക്കാട്ടുന്നത്.
യൂട്യൂബിൽ നിന്നായിരുന്നു വീഡിയോകൾ ഡൗൺലോഡ് ചെയ്തിരുന്നത്. വെബ്സൈറ്റ് ഉടമ നിശ്ചിത തുക പിഴയായി അടക്കാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ടില്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam