
ദില്ലി: പബ്ജിയെക്കുറിച്ച് പരാമര്‍ശം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയില്‍ നടന്ന പരീക്ഷ പേ ചര്‍ച്ച 2.0 എന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പബ്ജി പരാമര്‍ശം നടത്തിയത്. രാജ്യത്തെ പരീക്ഷ കാലത്തിന് മുന്‍പ് വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളുമായി സംവദിക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടിയാണ് പരീക്ഷ പേ ചര്‍ച്ച. കഴിഞ്ഞ തവണ ആരംഭിച്ച പരിപാടിയുടെ രണ്ടാം എഡിഷനാണ് ദില്ലിയിലെ തല്‍കോത്ര സ്റ്റേഡിയത്തില്‍ നടന്നത്.
ചടങ്ങില്‍ ആസാമില്‍ നിന്നുള്ള മധുമിത സെന്‍ ഗുപ്ത എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അമ്മയാണ് ചോദ്യം ചോദിച്ചത്. എന്‍റെ മകന്‍ ഒന്‍പതാം ക്സാസ് വിദ്യാര്‍ത്ഥിയാണ്, പക്ഷെ മൊബൈല്‍ ഓണ്‍ലൈന്‍ ഗെയിം അവന്‍റെ പഠനത്തിന് ശല്യമാകുന്നു. അവന്‍ നല്ല വിദ്യാര്‍ത്ഥിയായിരുന്നു. അവന്‍റെ പഠനത്തിലെ മികവിനെ ടീച്ചര്‍മാര്‍ പുകഴിത്തിയിട്ടുണ്ട്. എന്നാല്‍ മൊബൈല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ അവനെ പിന്നോട്ട് വലിക്കുന്നു. ഇതിനെ മറികടക്കാന്‍ ഒരു വഴി പറഞ്ഞു തരണം.
ഈ പബ്ജിക്കാരാണോ പ്രശ്നം, എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. ഇതോടെ സദസില്‍ നിന്നും വലിയ ചിരിയും കരഘോഷവും ഉയര്‍ന്നു. പിന്നീട് പ്രധാനമന്ത്രി വിഷയത്തിലേക്ക് കടന്നു. നമ്മള്‍ സ്വയം ചോദിക്കേണ്ട വിഷയമാണിത്. സാങ്കേതിക വിദ്യ നമ്മുടെ കുട്ടികളെ റോബോട്ടുകളാക്കി മാറ്റണോ, അതോ കൂടുതല്‍ നല്ല മനുഷ്യരാക്കാണോ എന്നത്. ഞാന്‍ എന്നും വളരെ ആദരവോട് ടെക്നോളജിയെ സമീപിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ഒരിക്കലും ടെക്നോളജി നിങ്ങളുടെ ചിന്തയെ ചുരുക്കാന്‍ ഇടവരുത്തരുത്, അത് നിങ്ങളുടെ ചിന്തയുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കണം.
ചിരിക്കാനും കളിക്കാനും പറ്റിയത് തുറസ്സായ സ്ഥലങ്ങളാണ്, മൊബൈല്‍ ഗെയിം കളിക്കുന്ന കുട്ടികളുടെ ശീലത്തിനെ സൂചിപ്പിച്ച് മോദി പറഞ്ഞു. ഒപ്പം ടെക്നോളജിയുടെ ഒരോ പരിണാമവും മനസിലാക്കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും തയ്യാറാകണം. അത് കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കണം എങ്ങനെ അത് കുട്ടികള്‍ക്ക് സ്വകര്യപ്രദമായി അവര്‍ക്ക് സഹായകരമാകും എന്ന്.
അതേ സമയം രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും മറ്റും വര്‍ദ്ധിച്ചുവരുന്ന പബ്ജി ശീലം പ്രധാനമന്ത്രി മനസിലാക്കിയിട്ടുണ്ടെന്നാണ് പുതിയ സംഭവവികാസം വ്യക്തമാക്കുന്നത്. അടുത്തിടെ ദേശീയ ബാലാവകാശ കമ്മീഷന്‍ പബ്ജി ദേശവ്യാപകമായി നിരോധിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.