ടവറുകളും കേബിള്‍ ശൃംഖലയും 1.07 ലക്ഷം കോടിക്ക് വില്‍ക്കാന്‍ ജിയോ

By Web TeamFirst Published Feb 9, 2019, 10:39 AM IST
Highlights

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ കടബാധ്യതകള്‍ കുറയ്ക്കാന്‍ വേണ്ടിയാണ് ഇത്തരം ഒരു വില്‍പ്പന നടത്തുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി എന്ന ലക്ഷ്യത്തിലേക്ക് വളരുന്ന റിലയന്‍സ് ജിയോ തങ്ങളുടെ ടവറുകളും കേബിള്‍ ശൃംഖലയും 1.07 ലക്ഷം കോടിക്ക് വില്‍ക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്. കാനഡ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ബ്രൂക്ഫീല്‍ഡിനാണ് ഇന്ത്യ കണ്ടിരിക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ കച്ചവടത്തിലൂടെ തങ്ങളുടെ ടെലികോം അടിസ്ഥാന സൌകര്യങ്ങള്‍ ജിയോ വില്‍ക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ കടബാധ്യതകള്‍ കുറയ്ക്കാന്‍ വേണ്ടിയാണ് ഇത്തരം ഒരു വില്‍പ്പന നടത്തുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ജിയോ ഉപയോഗപ്പെടുത്തുന്ന  2.2 ലക്ഷം ടവറുകളാണ് ഇന്ത്യയിലുള്ളത്.  ഇതില്‍ ജിയോ വാടകയ്ക്ക് എടുത്ത ടവറുകളാണ് ഏറെ.  മൂന്നു ലക്ഷം റൂട്ട് കിലോമീറ്റര്‍ ഒപ്ടിക് ഫൈബര്‍ ശൃംഖല ജിയോയ്ക്ക് ഇന്ത്യയിലുണ്ട്. ഇതും ചേര്‍ത്താണ് വില്‍പ്പന എന്നാണ് സൂചന.

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 30 കോടി ഉപയോക്താക്കളാണ് ജിയോ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ ജിയോ ടെലികോം സേവനം വില്‍ക്കുന്നില്ല. അടുത്തിടെ റിലയന്‍സിന്‍റെ  ഈസ്റ്റ് വെസ്റ്റ് പൈപ്‌ലൈന്‍ ബ്രൂക്ഫീല്‍ഡ് അടുത്തിടെ 2 ബില്ല്യന്‍ ഡോളറിന് വാങ്ങിയിരുന്നു. ആന്ധ്രാപ്രദേശിനും ഗുജറാത്തിനുമിടയിലുള്ള 1,440 കിലോമീറ്റര്‍ പൈപ്‌ലൈന്‍ ആയിരുന്നു ഇത്. നഷ്ടത്തിലായിരുന്ന ഈ പദ്ധതിയെന്നാണ് ബിസിനസ് ലോകം പറയുന്നത്.

പുതിയ വില്‍പ്പന ടെലികോം രംഗത്ത് ബാധ്യതകള്‍ ഒഴിവാക്കി കൂടുതല്‍ നിക്ഷേപത്തിന് റിലയന്‍സ് ജിയോയെ സഹായിക്കും എന്നാണ് ടെക് ലോകത്തുള്ള വിലയിരുത്തല്‍.ജിയോ തങ്ങളുടെ അടിസ്ഥാന സൌകര്യം ദീര്‍ഘ കാലത്തേക്കുള്ള നടത്തിപ്പ് ബ്രൂക്ഫീല്‍ഡിനെ ഏല്‍പ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ റിലയന്‍സ് പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വില്‍പ്പന നടക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഏറ്റവുമധികം അടിസ്ഥാന സൗകര്യങ്ങളുള്ള കമ്പനിയായി ബ്രൂക്ഫില്‍ഡ് മാറും. 

click me!