സ്വകാര്യത: ന്യായീകരണ യോഗത്തില്‍ സുക്കര്‍ ബര്‍ഗിനെ വെള്ളം കുടിപ്പിച്ച് യൂറോപ്പ്

By Web DeskFirst Published May 23, 2018, 4:10 PM IST
Highlights
  • മാപ്പ് തേടിയത് കൊണ്ട് മാത്രം ഒന്നിനും പരിഹാരമാകില്ല
  • സ്വകാര്യത സംരക്ഷിക്കാന്‍ പ്രത്യേക നിയമനിര്‍മാണത്തിന് നീക്കം


ബ്രസല്‍സ്: സുക്കര്‍ ബര്‍ഗിനെ വെള്ളം കുടിപ്പിച്ച് യൂറോപ്പിലെ നിയമ വിദഗ്ധര്‍. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന് മുന്നില്‍ വിശദീകരണവുമായി സുക്കര്‍ ബര്‍ഗ് എത്തിയത്. സംഭവിച്ച കാര്യങ്ങളുടെ വിശദീകരണം നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള സുക്കര്‍ ബര്‍ഗിന്റെ വരവിനെ യൂറോപ്പിലെ നിയമ നിര്‍മാതാക്കള്‍ നേരിട്ടത് കടുത്ത വിമര്‍ശനവുമായിയാണ്. ബ്രസല്‍സില്‍ വച്ചായിരുന്നു സുക്കര്‍ബര്‍ഗ് നിയമവിദ്ഗ്ധരുടേയും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടേയും മുമ്പാകെ ഹാജരായത്.

ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ തെറ്റ് പറ്റിയെന്ന് പറഞ്ഞ സുക്കര്‍ ബര്‍ഗിനെ അക്ഷരാര്‍ത്ഥത്തില്‍ പൊളിച്ചടിക്കുകയായിരുന്നു യൂറോപ്പിലെ നിയമ നിര്‍മാതാക്കള്‍. മാപ്പ് പറയുന്നത് സംഭവത്തിന് പരിഹാരം നല്‍കുന്നതല്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാണിച്ചു. സുരക്ഷാ വീഴ്ചയ്ക്ക് യു എസ് കോണ്‍ഗ്രസിന് മുമ്പാകെ ഹാജരായപ്പോള്‍ നേരിട്ടതിനേക്കാള്‍ രൂക്ഷമായിരുന്നു യൂറോപ്പില്‍ നിന്നുള്ള വിമര്‍ശനം.  

വ്യക്തി വിരങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കാത്തതിലുള്ള യൂറോപ്യന്‍ യൂണിയനില്‍ ഉള്ളവര്‍ മറച്ച് വച്ചില്ല. തീവ്രവാദ സംബന്ധിയായ വിവരങ്ങള്‍ പങ്ക് വക്കാനും വ്യാജ വാര്‍ത്തകള്‍ പരത്താനും ഫേസ്ബുക്ക് വേദിയായതിലുള്ള അമര്‍ഷം അംഗങ്ങള്‍ സുക്കര്‍ ബര്‍ഗിനോട് തുറന്നടിച്ചു. രാഷ്ട്രീയമായ വളച്ചൊടിക്കലുകള്‍ക്ക് ഫേസ്ബുക്ക് വേദിയായെന്ന് പറഞ്ഞാണ് യോഗം ആരംഭിച്ചത്. ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ ലാഭമുണ്ടാക്കാന്‍ ഫേസ്ബുക്ക് ഉപയോഗിച്ചെന്ന് യോഗം വിലയിരുത്തി. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണെന്നും തെറ്റ് സംഭവിച്ചതില്‍ ക്ഷമിക്കണമെന്നുുള്ള സുക്കര്‍ ബര്‍ഗിന്റെ വിശദീകരണത്തെ അംഗങ്ങള്‍ നഖശിഖാന്തം എതിര്‍ത്തു. 

അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പാകെ നടന്ന വിശദീകരണത്തില്‍ സുക്കര്‍ ബര്‍ഗിന് നേരെ അനുഭാവ പൂര്‍ണമായ സമീപനം ആയിരുന്നു സ്വീകരിച്ചത്. തുടര്‍ നടപടികളും വിശദീകരണങ്ങളും എഴുതി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫേസ്ബുക്കിന്റെ അന്തമായ സാധ്യതകളെ ദുരുപയോഗം ചെയ്തത് ചെറുക്കാന്‍ ആവശ്യമായതൊന്നും ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും യോഗത്തില്‍ കുറ്റപ്പെടുത്തല്‍ ഉണ്ടായി. സ്വകാര്യത സംരക്ഷിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ യോഗം നല്‍കാമെന്ന് പറഞ്ഞത് സുക്കര്‍ ബര്‍ഗിനെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്. ഫേസ്ബുക്കിലെ സ്വകാര്യത സംരക്ഷിക്കാനായി പ്രത്യേക നിയമനിര്‍മാണത്തിന്റെ സാധ്യതകള്‍ ആണ് യോഗത്തില്‍ ഉടനീളം തിരക്കിയത്. 

click me!