
ഹൈദരാബാദ്: സംസ്ഥാനത്തെ കൊവിഡുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനും കൊവിഡുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ പ്രതികരണമറിയാനുമായി യുഎസ് ഐടി കമ്പനിയായ സ്പ്രിംക്ലറുമായി തെലങ്കാന സര്‍ക്കാര്‍ കരാറിലെത്തി. കൊവിഡുമായി ബന്ധപ്പെട്ട് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ഇടപെടലുകള്‍ സ്പ്രിക്ലര്‍ ട്രാക്ക് ചെയ്ത് നല്‍കും. തെലങ്കാന സര്‍ക്കാറിന് വേണ്ടി കമ്പനി ഇന്‍ഫര്‍മേഷന്‍ ഇന്റലിജന്റ്‌സ് മൊഡ്യൂള്‍ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് തയ്യാറാക്കിയിട്ടുണ്ട്.
കൊവിഡിനെ സംബന്ധിച്ച് ട്വിറ്റര്‍, ഫേസ്ബുക്ക തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നടത്തുന്ന ചര്‍ച്ച മനസ്സിലാക്കുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നാണ് തെലങ്കാന സര്‍ക്കാറിന്റെ വാദം. പുതിയ ഹോട്‌സ്‌പോട്ടുകള്‍ക്കുള്ള സാധ്യത മനസ്സിലാക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നഗരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വിവരങ്ങള്‍ ശേഖരിക്കുന്നത്. രോഗികളെ സംബന്ധിച്ച വിവരം, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ സംബന്ധിച്ച വിവരം, ആശുപത്രികളിലെ സൗകര്യം തുടങ്ങി വലിയ രീതിയിലുള്ള വിവര ശേഖരമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് തെലങ്കാന ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ സഹായിക്കുന്നതിനായി രോഗികളുടെ വിവര ശേഖരണത്തിന് സ്പ്രിംക്ലറുമായി കരാറൊപ്പിട്ടത് കേരളത്തില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷം കരാറിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ആദ്യത്തെ മൂന്ന് മാസം സൗജന്യമായിട്ടായിരുന്നു കമ്പനിയുടെ സേവനം. പിന്നീട് സ്പ്രിംക്ലറിന് വിവരങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചെന്ന് കേരള സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam