എഐ വൈറ്റ്-കോളർ ജോലികള്‍ ഉടനടി ഇല്ലാതാക്കുമോ? ഞെട്ടിക്കുന്ന മറുപടിയുമായി ശ്രീധർ വെമ്പു

Published : Feb 19, 2026, 03:35 PM IST
Sridhar Vembu

Synopsis

കൃത്രിമബുദ്ധി (എഐ) വൈറ്റ്-കോളർ ജോലികൾ ഉടൻ ഇല്ലാതാക്കുമെന്ന പ്രവചനങ്ങളെ സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു തള്ളിക്കളഞ്ഞു. എഐ ജോലിരീതികളെ മാറ്റിമറിക്കുമെങ്കിലും, തൊഴിലുകൾ പൂർണ്ണമായി ഇല്ലാതാക്കില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ചെന്നൈ: കൃത്രിമബുദ്ധി അഥവാ എഐ ഉടൻ തന്നെ വൈറ്റ്-കോളർ ജോലികൾ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പിനെതിരെ സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു രംഗത്ത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജനറേറ്റീവ് എഐ പോലുള്ള ടൂളുകള്‍ അഭിഭാഷകരെയും അക്കൗണ്ടന്‍റുമാരെയും ഉൾപ്പെടെയുള്ള പ്രൊഫഷണലുകളെ പകരംവയ്ക്കാൻ സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റിന്‍റെ എഐ വിഭാഗം മേധാവി മുസ്‍തഫ സുലൈമാൻ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ശ്രീധർ വെമ്പുവിന്‍റെ പ്രതികരണം. ഈ പ്രവചനം താൻ അംഗീകരിക്കുന്നില്ലെന്ന് ശ്രീധർ വെമ്പു വ്യക്തമാക്കി.

അതേസമയം, എഐ ശക്തമായ സാങ്കേതികവിദ്യയാണെന്നും അത് ജോലി രീതികളെ മാറ്റിമറിക്കുമെന്നും ശ്രീധർ വെമ്പു സമ്മതിക്കുന്നു. എങ്കിലും വൈറ്റ്-കോളർ ജോലികൾ ഉടനടി പൂർണ്ണമായും ഇല്ലാതാകുമെന്ന് കരുതുന്നത് അതിശയോക്തിയാണെന്ന് അദേഹം അഭിപ്രായപ്പെട്ടു. ഇത്തരം അതിരൂക്ഷ പ്രവചനങ്ങൾ ജീവനക്കാരിൽ അനാവശ്യ ഭയം സൃഷ്‍ടിക്കുന്നുവെന്നും ശ്രീധർ വെമ്പു ചൂണ്ടിക്കാട്ടി.

സമതുലിതമായ സമീപനം ആവശ്യമാണ്

എഐ കാരണമുണ്ടായേക്കാവുന്ന ജോലി നഷ്‍ടത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിനേക്കാൾ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് വേണ്ടതെന്ന് ശ്രീധർ വെമ്പു നിർദേശിച്ചു. സാങ്കേതികവിദ്യ എപ്പോഴും വ്യവസായങ്ങളെ മാറ്റുമെങ്കിലും അതിനൊപ്പം തന്നെ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‍ടിച്ചതായും അദേഹം ഓർമ്മിപ്പിച്ചു. എഐ ജോലികളെ പുനർരൂപകൽപ്പന ചെയ്യുമെങ്കിലും അവയെ ഒരുനാൾ കൊണ്ട് ഇല്ലാതാക്കില്ല എന്നതാണ് ശ്രീധർ വെമ്പുവിന്‍റെ നിലപാട്. ഇന്ത്യയിലെ ടെക് മേഖലയിലെ നിരവധി പ്രൊഫഷണലുകൾക്ക് ആശ്വാസം പകരുന്നതാണ് ശ്രീധർ വെമ്പുവിന്‍റെ വാക്കുകൾ.

എഐ സർവൈവൽ കിറ്റ്

വേഗത്തിൽ മാറുന്ന സാങ്കേതിക സാഹചര്യത്തിൽ നിലനിൽക്കാൻ ചില പ്രായോഗിക നിർദ്ദേശങ്ങളും ശ്രീധർ വെമ്പു പങ്കുവച്ചു. പുതിയ കഴിവുകൾ പഠിക്കാൻ തയ്യാറാകുക, തുറന്ന മനസോടെ പഠിക്കുക, പഴയ ധാരണകളോട് അമിതമായി ചേർന്ന് നിൽക്കാതിരിക്കുക, ചർച്ചകളിൽ മാത്രം ഒതുങ്ങാതെ പ്രവർത്തനത്തിലേക്ക് കടക്കുക തുടങ്ങിയവയാണ് ശ്രീധർ വെമ്പുവിന്‍റെ പ്രധാന നിർദ്ദേശങ്ങൾ. ആശയങ്ങളെക്കുറിച്ച് വാദിക്കുന്നതിനുപകരം നടപടിയെടുക്കേണ്ടതിന്‍റെ പ്രാധാന്യവും അദേഹം ഊന്നിപ്പറഞ്ഞു. ചുരുക്കത്തിൽ വഴക്കമുള്ളവരായിരിക്കുക, പഠിച്ചുകൊണ്ടിരിക്കുക, പൊരുത്തപ്പെടുക എന്നതാണ് ശ്രീധർ വെമ്പുവിന്‍റെ സന്ദേശം.

എഐ യും തൊഴിൽഭാവിയും സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. ചില വിദഗ്‌ധർ ഓട്ടോമേഷൻ പല പരമ്പരാഗത ജോലികളെയും കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകുമ്പോൾ, മറ്റുചിലർ എഐ മനുഷ്യരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന ഉപകരണമാകുമെന്ന് വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ ശ്രീധർ വെമ്പു രണ്ടാമത്തെ നിലപാടിനെയാണ് പിന്തുടരുന്നത്. വലിയ മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും വൈറ്റ്-കോളർ ജോലികൾ അടുത്ത കാലത്ത് ഇല്ലാതാകില്ല എന്നതാണ് ശ്രീധർ വെമ്പുവിന്‍റെ ഉറച്ച വിശ്വാസം.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രീമിയം ഫ്ലാഗ്ഷിപ്പ് വാങ്ങാന്‍ പണമില്ലേ; തകര്‍പ്പന്‍ ഫോട്ടോകള്‍ എടുക്കാനാവുന്ന ഫോണുകള്‍ ഇതാ, വില 50000ല്‍ താഴെ
ആധാർ കാർഡ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട, പുതിയ ആപ്പ് എത്തി; അറിയേണ്ടതെല്ലാം