ഫോണ്‍മൂലം റോഡില്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടത് 2138 പേര്‍

By Web DeskFirst Published Sep 7, 2017, 5:47 PM IST
Highlights

ദില്ലി: ഫോണ്‍വിളിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് വഴി രാജ്യത്ത് കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടത്   2138 പേര്‍. കേന്ദ്ര ദേശീയ ഗതാഗത മന്ത്രാലയത്തിന്‍റെ കണക്കുകളാണ് ഇത് പറയുന്നത്.  മൊബൈല്‍ ഫോണിന്‍റെ ഉപയോഗം കാരണം സംഭവിക്കുന്ന മരണങ്ങളില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേശിലാണ്. ഹരിയാനയാണ് രണ്ടാംസ്ഥാനത്ത്.

ദില്ലിയില്‍ രണ്ട് അപകടങ്ങള്‍ മാത്രമേ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. ഇതാദ്യമായാണ് റോഡ് ഗതാഗത മന്ത്രാലയം ഇത്തരത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിവരം തേടുന്നത്. വാഹനമോടിക്കുമ്പോഴുള്ള സെല്‍ഫിയും അശ്രദ്ധയും വാഹനത്തിലുള്ളവരെയും അതോടൊപ്പം മറ്റുള്ളവരെയും അപകടത്തിലാക്കുന്നുവെന്ന് റോഡ് ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു.

റിപ്പോര്‍ട്ട് പ്രകാരം റോഡപകടങ്ങളില്‍പ്പെട്ട് 17 പേരാണ് ഒരോ മണിക്കൂറിലും മരണപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അപകടങ്ങള്‍ മിക്കതും ഡ്രൈവര്‍മാരുടെയോ കാല്‍നട യാത്രക്കാരുടെയോ മൊബൈല്‍ ഉപയോഗം വഴിയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ 86 ശതമാനമാണ് റോഡ് അപകട മരണം. അപകടത്തില്‍പ്പെടുന്നവരില്‍ 18 നും 35 നും ഇടയിലുള്ളവരാണ് കൂടുതല്‍.

click me!