ഒടുവില്‍ മുട്ടുമടക്കി പവേല്‍ ദുരോവ്; കുറ്റവാളികളുടെ ഫോണ്‍ നമ്പര്‍ അടക്കം കൈമാറുമെന്ന് ടെലഗ്രാം

Published : Sep 24, 2024, 03:06 PM ISTUpdated : Sep 24, 2024, 03:17 PM IST
ഒടുവില്‍ മുട്ടുമടക്കി പവേല്‍ ദുരോവ്; കുറ്റവാളികളുടെ ഫോണ്‍ നമ്പര്‍ അടക്കം കൈമാറുമെന്ന് ടെലഗ്രാം

Synopsis

ഗുരുതരമായ വിവിധ കുറ്റങ്ങള്‍ ചുമത്തി പവേല്‍ ദുരോവിനെ ഫ്രാന്‍സ് ഓഗസ്റ്റ് 25ന് അറസ്റ്റ് ചെയ്‌തിരുന്നു

പാരിസ്: ആപ്പ് ദുരുപയോഗം ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണം എന്ന ആവശ്യത്തിന് മുന്നില്‍ ഒടുവില്‍ മുട്ടുമടക്കി ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ്. ടെലഗ്രാമിലെ പോസ്റ്റിലൂടെയാണ് ദുരോവ് ഇക്കാര്യം അറിയിച്ചത്. ഫ്രാന്‍സില്‍ അറസ്റ്റിലായി ഒരു മാസം തികയുമ്പോഴാണ് പവേല്‍ ദുരോവ് ടെലഗ്രാം പോളിസി പൊളിച്ചെഴുതിയിരിക്കുന്നത്. 

'ചാനലുകളും ബോട്ടുകളും കണ്ടെത്താനുള്ള ടെലഗ്രാമിലെ സെര്‍ച്ച് ഫീച്ചര്‍ നിയമവിരുദ്ധമായ സാധനങ്ങള്‍ വില്‍ക്കാന്‍ നിര്‍ഭാഗ്യവശാല്‍ പലരും ദുരുപയോഗം ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ആത്മാര്‍ഥതയുള്ള മോഡറേറ്റര്‍മാരുടെയും എഐയുടെയും സഹായത്തോടെ ടെലഗ്രാം സെര്‍ച്ച് കൂടുതല്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. പ്രശ്‌നമുള്ള ഉള്ളടക്കങ്ങള്‍ ഇനി ലഭ്യമായിരിക്കില്ല. സുരക്ഷിതമല്ലാത്തതും നിയമവിധേയമല്ലാത്തതുമായ അത്തരം ഉള്ളടക്കങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഞങ്ങളെ @SearchReport വഴി അറിയിക്കുക. ടെലഗ്രാമിന്‍റെ സര്‍വീസ്, സ്വകാര്യത ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിക്കുന്നവരുടെ ഐപി അഡ്രസും ഫോണ്‍ നമ്പറുകളും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിയമാനുസൃതം നല്‍കാന്‍ തയ്യാറാണ്. ടെലഗ്രാമിലെ കുറ്റവാളികളെ ദുര്‍ബലരാക്കാനാണ് ഈ നടപടി. ടെലഗ്രാം സുഹൃത്തുക്കളെ കണ്ടെത്താനും വാര്‍ത്തകള്‍ അറിയാനുമുള്ള പ്ലാറ്റ്ഫോമാണ്. മറിച്ച് നിയമവിരുദ്ധമായ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ളതല്ല'- എന്നും പവേല്‍ ദുരോവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. 

ടെലഗ്രാം പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്ത്, സൈബർ ഭീഷണിപ്പെടുത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ, കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പവേല്‍ ദുരോവിനെ ഫ്രാന്‍സ് ഓഗസ്റ്റ് 25ന് അറസ്റ്റ് ചെയ്‌തിരുന്നു. ടെലഗ്രാം വഴിയുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന പല രാജ്യങ്ങളുടെയും ആവശ്യം മുമ്പ് നിരാകരിച്ച ചരിത്രമാണ് ടെലഗ്രാം മേധാവിയായ ദുരോവിനുള്ളത്. 

റഷ്യന്‍ വംശജനായ പവേല്‍ ദുരോവ് ദുബായിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ടെലഗ്രാം ആസ്ഥാനവും ദുബായ് ആണ്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവും ദുരോവിനുണ്ട്. 15.5 ബില്യണ്‍ ഡോളറിന്‍റെ ആസ്തി ദുരോവിനുണ്ട് എന്നാണ് ഫോബ്‌സ് കണക്കാക്കുന്നത്. പവേല്‍ ദുരോവും സഹോദരന്‍ നിക്കോലായും ചേര്‍ന്ന് 2013ലാണ് ടെലഗ്രാം സ്ഥാപിച്ചത്. 900 മില്യണ്‍ ആക്‌റ്റീവ് യൂസര്‍മാര്‍ ടെലഗ്രാമിന് ഇപ്പോഴുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പായ ടെലഗ്രാം വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍ പിന്നീട് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം സംഘടിത കുറ്റങ്ങള്‍ക്കായി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ് പല രാജ്യങ്ങളും ഉയര്‍ത്തുന്ന ആരോപണം. 

Read more: 'ആരെങ്കിലും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്‌തതിന് ഉടമക്കെതിരെ കേസെടുക്കുന്നത് അസംബന്ധം'; ആഞ്ഞടിച്ച് ടെലഗ്രാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇൻസ്റ്റാഗ്രാം പ്രേമികൾക്ക് ആവേശവാർത്ത; റീലുകൾ കാണാൻ ഇനി ഫോൺ വേണമെന്നില്ല, ടിവി മതി! പുതിയ ആപ്പ് പുറത്തിറക്കി
2026ൽ സ്‍മാർട്ട്‌‌ഫോണുകൾ വാങ്ങാനിരിക്കുന്നവര്‍ നട്ടംതിരിയും; ഫോണുകള്‍ക്ക് വില കൂടും, മറ്റൊരു പ്രശ്‌നവും