ലോകത്തിലെ 'ഏറ്റവും റേഞ്ചുള്ള' തോക്കുമായി റഷ്യ, ഇനി സ്നൈപ്പർമാർക്ക് ഏഴു കിലോമീറ്റർ അകലെയിരുന്നും വെടിയുതിർക്കാം

By Web TeamFirst Published Jul 7, 2020, 5:31 PM IST
Highlights

ഭീകരവാദികളുടെ സങ്കേതങ്ങളുടെ അടുത്തേക്കുപോലും ചെല്ലാതെ അവരെ ഇല്ലാതാക്കാനുള്ള ശേഷി ആർജിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരത്തിൽ ഒരു ഹൈ-റേഞ്ച് സ്നൈപ്പർ തോക്ക് ഡിസൈൻ ചെയ്യപ്പെടുന്നത്. 

മോസ്‌കോയിൽ നിന്ന് രണ്ടുമണിക്കൂർ നേരത്തെ കാർ യാത്രയെയുള്ളൂ ടാറൂസ എന്ന റഷ്യൻ പട്ടണത്തിലേക്ക്. അവിടെ ഒരു നിലമാത്രമുള്ള ഒരു കെട്ടിടമുണ്ട്. അതിനുമുന്നിൽ ഒരു ചെറിയ ബോർഡിൽ 'ലോബയേവ് ആംസ്'(Lobaev Arms) എന്നെഴുതി വെച്ചിട്ടുണ്ട്. കാണാൻ അത്രക്ക് ഗാംഭീര്യമൊന്നും അവകാശപ്പെടാനില്ലാത്ത ആ കൊച്ചു കെട്ടിടത്തിന്റെ അടഞ്ഞുകിടക്കുന്ന വാതിലുകൾക്ക് പിന്നിലാണ് ലോകത്തിലെ ഏറ്റവും 'പവർഫുൾ' ആയിട്ടുള്ള സ്നൈപ്പർ തോക്കുകളിൽ പലതും ഡിസൈൻ ചെയ്യപ്പെടുന്നതും നിർമ്മിക്കപ്പെടുന്നതും. വ്ലാഡിസ്ളാവ് ലോബയേവ്  എന്ന കമ്പനി സിഇഒ തന്നെയാണ് ഈ തോക്കുകൾ ഡിസൈൻ ചെയുന്നത്.

ഇവിടെ 2020 ജൂൺ മാസം മുതൽ ഒരു പുതിയ പ്രോജക്ട് നിർമാണദിശയിലേക്ക് കടക്കുകയാണ്. അത് ലോകത്തിൽ ആദ്യമായി 6-7 km എന്ന ലക്‌ഷ്യം ഭേദിക്കാനൊരുങ്ങുന്ന ഒരു സ്നൈപ്പർ തോക്കാണ്. നിലവിലെ ലോകത്തിലേക്കും വെച്ച് ഏറ്റവും ദൂരെ ലക്‌ഷ്യം കൃത്യമായി ഭേദിച്ച സ്നൈപ്പർ ഗൺ നിർമ്മിച്ചിട്ടുള്ളതും ഇതേ ഫാക്ടറി തന്നെയാണ്. അത് 4.217 km എന്ന ലക്‌ഷ്യം ഭേദിച്ച SVLK-14 Sumrak rifle ആണ്.

 

 

സുംറാക്ക് എന്ന റഷ്യൻ പദത്തിന്റെ അർഥം ത്രിസന്ധ്യ അഥവാ twilight  എന്നാണ്‌. DXL-5 എന്നാണ് പുതിയ സ്വപ്നപദ്ധതിക്ക് ഈ റഷ്യൻ ആയുധ നിർമാണ കമ്പനി നൽകിയിട്ടുള്ള പേര്. ഈ അത്യാധുനിക സ്നൈപ്പർ ഗൺ കൊണ്ട് വിദഗ്ധനായ ഒരു ഷൂട്ടർക്ക് തന്റെ ചക്രവാള സീമയ്ക്ക് അപ്പുറമുള്ള ലക്‌ഷ്യം വരെ ഭേദിക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിലുള്ള  SVLK-14 Sumrak rifle സ്നൈപ്പർ തോക്കുകളുടെ അടുത്ത ജെനറേഷൻ ആയിരിക്കും DXL-5.  

കാറുകളിൽ ഫെറാരിയും പോർഷെയും ഒക്കെ എങ്ങനെയാണോ അതുപോലെയാണ് സ്നൈപ്പർ ഗണ്ണുകളിൽ സുംറാക്ക് തോക്കുകൾ ഷൂട്ടർമാർ കാണുന്നത്.  .408 CheyTac കാർട്രിഡ്ജുകളാണ് (10.3x77 mm) ഈ തോക്കിൽ ഉപയോഗിക്കുന്നത്. ഇതുവരെയുള്ള സുംറാക്ക് സ്നൈപ്പർ ഗണ്ണുകളിൽ, വെടിയുണ്ടകൾ ബാരൽ വിട്ടു പുറത്തിറങ്ങിയിരുന്നത് ചുരുങ്ങിയത് 900 m/s വേഗതയിലായിരുന്നു എങ്കിൽ, DXL-5 -ൽ അത് ചുരുങ്ങിയത് 1,500 m/s എങ്കിലും ആയിരിക്കും. അന്തരീക്ഷത്തിലൂടെ ശബ്ദം സഞ്ചരിക്കുന്ന വേഗത്തിന്റെ അഞ്ചിരട്ടിയെങ്കിലും വരും അത്. സുംറാക്ക് DXL-5 -ന്റെ പ്രഖ്യാപിത ലക്ഷ്യമായ 6-7 km എന്ന റേഞ്ചിൽ കൃത്യമായി ലക്‌ഷ്യം ഭേദിക്കണമെങ്കിൽ ഇങ്ങനെ ഒരു വേഗം വെടിയുണ്ടയ്ക്ക് ഉണ്ടായേ പറ്റൂ. കാരണം, നേരത്തെ പറഞ്ഞ 900 m/s വേഗത്തിലാണ് സഞ്ചരിക്കുന്നതെങ്കിൽ, ആ തോക്കിൽ നിന്നുപുറപ്പെടുന്ന വെടിയുണ്ടയ്ക്ക് ലക്ഷ്യ സ്ഥാനത്തെത്തുമ്പോഴേക്കും എട്ടു സെക്കൻഡോളം എടുക്കും. ആ സമയം കൊണ്ട് ഷൂട്ടർ ലക്ഷ്യമിടുന്ന വ്യക്തിക്ക് പോയി ഒരു കപ്പു കാപ്പി ഉണ്ടാക്കി കുടിച്ചു തിരിച്ചുവരാനുള്ള സമയം കിട്ടും. അതുകൊണ്ട്, വെടിയുണ്ട ലക്‌ഷ്യം കൃത്യമായി ഭേദിക്കുന്നു എന്നുറപ്പു വരുത്താൻ വേണ്ടിക്കൂടിയാണ്, ഈ തോക്കിനായി പ്രത്യേകം വികസിപ്പിച്ചെടുക്കുന്ന പുതിയ തരം പൗഡർ ചാർജ്ഡ് അമ്യൂണിഷ്യന്റെ സഹായത്തോടെ വെടിയുണ്ടയുടെ വേഗം 1,500 m/s -ലേക്ക് ഉയർത്തിയിരിക്കുന്നത്. 

 

 

ഇങ്ങനെ തോക്കിൽ നിന്ന് വരുന്ന വെടിയുണ്ടക്ക് 3 സെന്റിമീറ്റർ ഘനമുള്ള ലോഹത്തെ ഭേദിക്കാനുള്ള ശേഷിയുണ്ടാകും. അങ്ങനെ ഉരുണ്ട മനുഷ്യന്റെ ദേഹത്തു വന്നു കൊണ്ടാൽ അതിന്റെ ആഘാതത്തിൽ നിന്ന് അവനെ ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനും രക്ഷിക്കാൻ സാധിച്ചെന്നു വരില്ല. ഭാവി കാർട്രിഡ്ജുകൾ സിക്സ്ത് ക്‌ളാസ് പ്രൊട്ടക്ഷൻ ബോഡി ആർമർ ധരിച്ചിരിക്കുന്ന ശത്രുവിനെപ്പോലും ഇല്ലാതാക്കും. ഇപ്പോൾ സിക്സ്ത് ക്‌ളാസ് ആർമർ  ഭേദിക്കാനുള്ള കഴിവുള്ളത് ചില ടാങ്ക് വേധ റൈഫിളുകൾക്ക് മാത്രമാണ് ( ഉദാ. 14.5mm Simonov anti-tank semiautomatic anti-tank rifle). 

 

എന്തായാലും ദൂരം ഇത്രയ്ക്ക് അധികമാകുമ്പോൾ അനങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷ്യങ്ങൾ ഭേദിക്കുക ഏറെ ദുഷ്കരമാകും. സാധാരണ സ്നൈപ്പർ തോക്കുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ടതിന്റെ ഇരട്ടി വൈദഗ്ധ്യം പുതിയ DXL-5 സ്നൈപ്പർ ഗണ്ണുകൾ കൊണ്ട് ലക്‌ഷ്യം ഭേദിക്കാൻ വേണ്ടിവന്നേക്കും. ഭീകരവാദികളുടെ സങ്കേതങ്ങളുടെ അടുത്തേക്കുപോലും ചെല്ലാതെ അവരെ ഇല്ലാതാക്കാനുള്ള ശേഷി ആർജിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരത്തിൽ ഒരു ഹൈ-റേഞ്ച് സ്നൈപ്പർ തോക്ക് ഡിസൈൻ ചെയ്യപ്പെടുന്നത്. ഈ ദീർഘദൂര ലക്ഷ്യ ഭേദനത്തിൽ മറ്റൊരു വെല്ലുവിളി ഉന്നം പിടിക്കുക എന്നതാവും. കാരണം ഇത്രയും ദൂരേക്ക് ഒരു ഒപ്റ്റിക്കൽ ഉന്നം പിടി സാധ്യമായെന്നു വരില്ല. അതുകൊണ്ട് സാധാരണ ഒപ്റ്റിക്കൽ കോളിമേറ്ററുകൾക്ക് പകരം ഇലക്ട്രോ ഒപ്റ്റിക് കോളിമേറ്ററുകൾ ആവും ഈ സ്നൈപ്പർ തോക്കുകളിൽ ഉണ്ടാവുക. 

click me!