നെഞ്ചിനകത്ത് ടിക് ടോക്; എന്ന് പറയുന്നവര്‍ക്ക് നെഞ്ചു തകരുന്ന കാലമോ?

By Vipin PanappuzhaFirst Published Feb 13, 2019, 5:47 PM IST
Highlights

ഇന്ത്യയില്‍ ആദ്യം മ്യൂസിക്കലി എന്ന പേരിലും പിന്നീട് ടിക്ടോക്ക് എന്ന പേരിലും എത്തിയ ഈ ഷോര്‍ട്ട് വീഡിയോ ആപ്പ് അതിവേഗമാണ് ജനപ്രിയമായത്.

ടിക് ടോക്ക് എന്ന ആപ്ലികേഷന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ടിക് ടോക് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നിലവാരം താഴ്ത്തുന്നെന്നും കുട്ടികളെ വഴിതെറ്റിക്കുന്നെന്നും ആരോപിച്ച് നിരോധിക്കാന്‍ വഴികള്‍ തേടി തമിഴ്‌നാട് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാറുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഐ ടി മന്ത്രി പറഞ്ഞിരിക്കുന്നു എന്നതാണ് വാര്‍ത്ത. എന്തായാലും ഇന്ത്യയില്‍ ആദ്യം മ്യൂസിക്കലി എന്ന പേരിലും പിന്നീട് ടിക്ടോക്ക് എന്ന പേരിലും എത്തിയ ഈ ഷോര്‍ട്ട് വീഡിയോ ആപ്പ് അതിവേഗമാണ് ജനപ്രിയമായത്.

എന്താണ് തമിഴ്നാട്ടിലെ പ്രശ്നം

വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി ചൈനീസ് ആപ്പുമായി സിനിമാ ഗാനങ്ങള്‍ക്ക് ചുവട് വയ്ക്കുന്നതിന് വിലക്കിടാനാണ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം.സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ച് പറ്റാന്‍ അപടകരമായ എന്തും അനുകരിക്കാന്‍ പുതുതലമുറ തയാറായിരിക്കുന്നുവെന്നും ഉടനടി നടപടി ഉണ്ടാകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. 

ആകര്‍ഷണവും വ്യത്യസ്ഥതയും സൃഷ്ടിക്കാന്‍ വാഹനങ്ങള്‍ക്ക് മുന്നിലേക്ക് എടുത്ത് ചാടുന്ന വിനോദം അവസാനിപ്പിക്കണമെന്ന് തമിഴ്നാട് പൊലീസും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിഎംകെ അധ്യക്ഷന്‍ എസ് രാംദോസും ജനനായകക്ഷി എംഎല്‍എമാരും മുന്നോട്ട് വച്ച ആവശ്യത്തിന് സഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ പിന്തുണച്ചു.

ടിക് ടോക്കിലൂടെ ചൂഷണത്തിന് വിധേയമാകുന്നുവെന്ന മുന്നൂറിലധികം പരാതികളാണ് കുട്ടികളുടെ ഹെല്‍പ്ലൈന്‍ നമ്പറിലേക്ക് ലഭിച്ചിട്ടുള്ളത്. ടിക്ക്ടോക്കില്‍ സ്ത്രീയായി വേഷമണിഞ്ഞതിന് പരിഹാസം ഏറ്റുവാങ്ങിയ 23കാരന്‍ മധുരയില്‍ മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.

ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇതുവരെ 10മില്ല്യണ്‍ ആളുകളാണ് ടിടോക്ക് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. നേരത്തെ ബ്ലൂവെയില്‍ ഗെയിം നിരോധിക്കാനുള്ള നീക്കവും ആദ്യം തുടങ്ങിയത് തമിഴ്നാട് സര്‍ക്കാരായിരുന്നു. തമിഴ് നാട്ടില്‍ നിന്നും ഈ പ്രശ്നം ഉയരുമ്പോള്‍ ടിക്ടോക്ക് ഇത്രയും വലിയ പ്രശ്നക്കാരനാണോ എന്ന ചര്‍ച്ച വലിയ തോതില്‍ നടക്കുന്നുണ്ട്.

എന്താണ് ടിക് ടോക്

2016ല്‍ ഡ്യോയിന്‍ എന്ന പേരില്‍ ഇറക്കിയ ആപ്പാണ് ഇന്ത്യയില്‍ ടിക് ടോക് എന്ന് അറിയപ്പെടുന്നത്. ലഘു വീഡിയോകള്‍ നിര്‍മ്മിച്ച് പോസ്റ്റ് ചെയ്യാവുന്ന ഈ ആപ്പിന്‍റെ ഉടമസ്ഥര്‍ ബൈറ്റ് ഡാന്‍സ് എന്ന കമ്പനിയാണ്. ഇപ്പോള്‍ ഏഷ്യയിലെ ഷോര്‍ട്ട് വീഡിയോ ആപ്പുകളില്‍ ഏറ്റവും മുന്നില്‍ ടിക് ടോക് ആണ്. 2017 ലാണ് ടിക് ടോക് എന്ന പേരില്‍ ഇത് വിദേശ മാര്‍ക്കറ്റുകളില്‍ എത്തിയത്. 2018 ല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി ഇത് മാറി. ഇപ്പോള്‍ ലോകത്ത് എമ്പാടും 150 രാജ്യങ്ങളില്‍ 75 ഭാഷകളില്‍ ഈ ആപ്പ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്.

2018 ജൂലായിലെ കണക്ക് അനുസരിച്ച് ലോകത്തെമ്പാടും ഈ ആപ്പിന് 500 ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ട്. ഒരു ദിവസം 100 കോടി വീഡിയോ വ്യൂ ഈ ആപ്പില്‍ ഉണ്ടാകുന്നു എന്നാണ് കണക്ക്.  9 നവംബര്‍ 2017 ല്‍ അതുവരെ ഷോര്‍ട്ട് വീഡിയോ രംഗത്ത് തരംഗമായ മ്യൂസിക്കലിയെ ഏറ്റെടുത്തതോടെയാണ് ഇവരുടെ അതിവേഗ വളര്‍ച്ച സംഭവിച്ചത്. 100 കോടി അമേരിക്കന്‍ ഡോളറിനായിരുന്നു ഈ ഏറ്റെടുക്കല്‍ നടന്നത്. 

ടിക് ടോക്കില്‍ ഇപ്പോള്‍ നടക്കുന്നത്

സമയം ഒട്ടും ഇല്ലാത്ത ഒരു കാലത്താണ് ഇന്നത്തെ യുവതലമുറ ജീവിക്കുന്നത്. അതിനാല്‍ തന്നെ അവരുടെ ചെറിയ സമയങ്ങള്‍ ആനന്ദകരമാക്കുന്ന 15 സെക്കന്‍റ് വീഡിയോകള്‍ ഉണ്ടാക്കുക എന്നതാണ് ആപ്പിന്‍റെ ലക്ഷ്യമായി കാണാവുന്നത്. പലപ്പോഴും ഒരു കാലത്ത് ഹിറ്റായ ഡബ്സ് മാഷ് ആപ്പിന്‍റെ മറ്റൊരു പതിപ്പ് പോലെ തോന്നാം. സിനിമ ഗാനങ്ങള്‍ക്ക് അനുസരിച്ച് ഡാന്‍സ് കളിക്കുക, അഭിനയിക്കുക, കോമഡികള്‍ ഇതൊക്കെ ടിക് ടോക്കില്‍ സാധാരണമാണ്.

എന്നാല്‍ ഈ ആപ്പിന് വലിയ നിബന്ധനകള്‍ ഇല്ലെന്നതാണ് ശരിക്കും യുവാക്കളെ ആകര്‍ഷിക്കുന്നത്. യുട്യൂബ് പോലുള്ള മറ്റ് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ സംഭവിക്കുന്ന പോലെ ചില വീഡിയോകള്‍ക്ക് പിടിവീഴും എന്ന പേടി ഇവിടെയില്ല. പലപ്പോഴും അതിനാല്‍ തന്‍റെ വീഡിയോ കണ്ടന്‍റ് തനിക്ക് തൃപ്തികരമാണെന്ന് തോന്നുന്ന ആര്‍ക്കും ഇവിടെ വീഡിയോ ഇടാം.  അതിനാല്‍ തന്നെ യൂട്യൂബ് ബ്ലോക്ക് ചെയ്യും എന്ന് ഉറപ്പുള്ള സെക്സ്, മദ്യപാനം, കഞ്ചാവ് പുകയ്ക്കല്‍, അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി വിഡിയോകൾ ഈ ആപ്പില്‍ കാണാം. ചില ദൃശ്യങ്ങള്‍ ടിക്ടോക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അതും ഒരു ചടങ്ങ് മാത്രമാണ് എന്നതാണ് സത്യം.

എന്നാല്‍ ടിക്ടോക്കിനെ വലിയ അവസരമായി കരുതുന്നവരും ഉണ്ട്. ടിക് ടോക് കലാകാരന്മാര്‍ എന്ന ഒരു വിഭാഗം തന്നെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിട്ടുണ്ടെന്നത് രസകരമാണ്. പലപ്പോഴും തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ സാധിക്കാത്ത വീട്ടമ്മമാരും മറ്റും ടിക് ടോക്കില്‍ തകര്‍ക്കുന്നത് കാണാവുന്നതാണ്. ഇതിനൊപ്പം തന്നെ കുടുംബങ്ങളുടെ ഗെറ്റ് ടുഗതറുകളില്‍ സെല്‍ഫി പോലെ ഒരു ടിക് ടോക് എന്ന രീതിയിലേക്ക് മാറുന്നു. തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള പ്ലാറ്റ് ഫോം എന്ന നിലയിലാണ് പലപ്പോഴും ആളുകള്‍ ഇതിനെ കാണുന്നത്.

യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമിലേക്ക് ഒരു വീഡിയോ അപ്ലോഡ് ചെയ്യാനുള്ള രീതിയേക്കാള്‍ എത്രയോ അനായസമാണ് എന്നതാണ് വലിയൊരു വിഭാഗത്തെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഒരു സ്മാര്‍ട്ട്ഫോണ്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ഈസിയായി വീഡിയോ പിടിക്കാനും,എഡിറ്റ് നടത്താനും, അപ്ലോഡ് ചെയ്യാനും സാധിക്കും.  ഒപ്പം കൂടിവരുന്ന ഫാന്‍ബേസും ആളുകളെ ടിക് ടോക്കിലേക്ക് ആകര്‍ഷിക്കുന്നു.

ടിക് ടോക് ഭീഷണി

ഈ പ്ലാറ്റ്‌ഫോമിലുള്ള പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കം വലിയ തലവേദന സൃഷ്ടിക്കുന്നു എന്നതാണ് പലപ്പോഴും ഉയരുന്ന പ്രധാന വിമര്‍ശനം. ഇത്തരം വിഡിയോകൾ റിപ്പോർട്ട് ചെയ്യാനോ നീക്കം ചെയ്യാനോ വേണ്ടത്ര അവസരവും ഈ ആപ്പുകളിൽ ഇല്ല. അതിനാല്‍ തന്നെ ചെറിയ കുട്ടികള്‍ക്ക് വരെ ഈ വീഡിയോ എളുപ്പത്തില്‍ ലഭിച്ചേക്കാം. ഇതിനൊപ്പം തന്നെ വളരെക്കാലമായി അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഒരു വിമര്‍ശനം ടിക് ടോക്കിനെതിരെയും ഉണ്ട്. ചൈനീസ് കമ്പനി എന്ന നിലയില്‍ ചോർത്തുന്ന ഇന്ത്യന്‍ ഡേറ്റ എന്നത്. ടിക് ടോക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലൊക്കേഷന്‍, കോണ്ടാക്ട്‌സ്, വീഡിയോയും, ഓഡിയോയും റെക്കോർഡു ചെയ്യാനുള്ള അനുവാദം, നെറ്റ്‌വര്‍ക്കിലേക്കു കടക്കാനുള്ള അനുവാദം ഇവയെല്ലാം ഉപയോക്താവ് അടിയറവയ്ക്കുന്നു എന്നതാണ് ഈ ആരോപണം. എന്നാല്‍ ഇന്നത്തെക്കാലത്ത് ഒരു സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ തന്നെ ഇത്തരം ഡാറ്റകളുമായി നാം ഒത്തുതീര്‍പ്പിലാകുന്നുണ്ട്.

അടുത്തിടെ ടിക് ടോക്കുമായി കേട്ട വലിയൊരു വിവാദമാണ് ഇതിന്‍റെ മറ്റൊരു വശം. വിദേശ മാധ്യമങ്ങളില്‍ എല്ലാം ഇത് വാര്‍ത്തയായി. ടിക് ടോക്കില്‍ എത്തിയ പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ്‍സൈറ്റുകള്‍ക്കായി വഴിമാറുന്നു എന്നതാണ് ആ റിപ്പോര്‍ട്ട്. ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെട്ട ആരോപണം കഴിഞ്ഞ ഡിസംബറിലാണ് ആഗോളതലത്തില്‍ വാര്‍ത്തയായത്. ഇത് സംബന്ധിച്ച്‌ ടെക് വിദഗ്ധര്‍ ഗവേഷണം നടത്തുന്നുണ്ടെന്നാണ് സൂചന.

വിവിധ രാജ്യങ്ങളില്‍ നിന്നായി ടിക് ടോക്കിലെത്തുന്നത് 11 നും 14ലും ഇടയില്‍ പ്രായമുള്ള കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ഇവരാണ് ഏറ്റവും കൂടുതല്‍ സെല്‍ഫി വിഡിയോകളും പോസ്റ്റ് ചെയ്യുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം മൊത്തം ടിക് ടോക് ഉപയോക്താക്കളില്‍ 38 ശതമാനവും കുട്ടികളാണെന്നാണ്. ഇവരില്‍ തന്നെ ഭൂരിഭാഗവും പെണ്‍കുട്ടികള്‍. ഇവരെല്ലാം പോസ്റ്റ് ചെയ്യുന്ന സെക്സി വിഡിയോകളാണ് പിന്നീട് പോണ്‍ സൈറ്റുകളിലേക്ക് എത്തുന്നത് എന്നാണ് ഈ റിപ്പോര്‍ട്ട് പറഞ്ഞത്.

ചില ട്രെന്‍റുകള്‍ ടിക് ടോകില്‍ വര്‍ദ്ധിക്കുന്നു എന്നാണ് പ്യൂ സര്‍വേയുടെ ഒരു പഠനം പറയുന്നത്, അത് ഇങ്ങനെ ലൈക്കും ഫോളവേഴ്സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്നവിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന ട്രെന്‍റ് കൂടിവരുന്നു. ലൈക്ക് കുറഞ്ഞ പോയാല്‍ അടുത്ത വിഡിയോയില്‍ കൂടുതല്‍ പ്രകടനം നടത്താന്‍ അവരെ പ്രേരിപ്പിക്കുന്ന തരത്തിലേക്ക് ടിക് ടോക് ലഹരി അവരില്‍ ഉണ്ടാക്കുന്നു. ടിക് ടോക്കില്‍ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ്‍ വെബ്സൈറ്റുകളിലും യുട്യൂബ്, ഫെയ്സ്ബുക് പോലും പൊതു പോര്‍ട്ടലുകളിലും നിറയുന്നുണ്ട് എന്നാണ് ഇവരുടെ പഠനം പറയുന്നത്.

ടിക്ടോക് നിരോധിക്കുമോ?

ടിക്‌ടോക്കിനെ ചില രാജ്യങ്ങള്‍ താല്‍ക്കാലിക വിലക്ക് വന്നുകഴിഞ്ഞു. പത്തു വയസില്‍ താഴെയുള്ള കുട്ടികളുടെ പോലും സ്വകാര്യത സംരക്ഷിക്കാത്ത ആപ് എന്ന നിലയില്‍ ടിക്ടോകിന് ആദ്യം പിടി വീണത് ജന്മദേശമായ ചൈനയിലെ ഹോങ്കോങ്ങിലാണ്. അവിടെ ഇതിന്‍റെ പേരില്‍ നിയമ പോരാട്ടം നടത്തുകയാണ് ടിക് ടോക് ഉടമകള്‍. ഈ കേസിന്‍റെ വാദത്തില്‍ അടുത്തിടെ ഇത്തരം ഒരു ആപ്പ് ഉപയോക്താവിന് വേണ്ടി ഒരു പ്ലാറ്റ്ഫോം ഒരുക്കുകയാണെന്നും, ഉപയോക്താവിന്‍റെ കണ്ടന്‍റിന്‍റെ പേരില്‍ മുഴുവന്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും ടിക് ടോക് പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലേക്ക് വന്നാല്‍ ടിക്ടോക് ഭീഷണിയിലാണ് എന്ന് തന്നെ പറയാം, ടിക് ടോക് പോലുള്ള ആപ്പുകളില്‍ ഇന്ത്യന്‍ ഭാഷകളിൽ ലഭ്യമാണെന്നതും അവയെ ഇംഗ്ലീഷ് ഹിന്ദി എന്നതിനപ്പുറം സ്മാര്‍ട്ട്ഫോണ്‍ ഉള്ളവര്‍ക്ക് എല്ലാം പ്രിയമുള്ള ആപ്പാക്കുന്നു. എന്നാല്‍, ഇവരുടെ നയങ്ങള്‍ ഈ ഭാഷകളിലില്ല എന്നതും. അനുദിനം  ടിക്‌ടോക് ഇന്ത്യയില്‍ ഉണ്ടാക്കുന്ന നിയമപ്രശ്നങ്ങള്‍ക്ക് പ്രശ്‌ന പരിഹാരത്തിനായി ആരെയും നിയമിച്ചിട്ടില്ലെന്നതും ഈ ആപ്പുകള്‍ക്ക് കുരുക്കാകും. ഉപയോക്താക്കള്‍ പരാതി നല്‍കിയാല്‍ മാത്രമാണ് ഇപ്പോള്‍ അധികാരികള്‍ നടപടികള്‍ സ്വീകരിക്കാന്‍ വഴിയുള്ളു. ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ ആരെന്ന് കണ്ടെത്താത്തോളം ഈ കേസുകള്‍ തീര്‍പ്പാക്കുക വലിയ പ്രശ്നമാണ്.

അതേ സമയം കേന്ദ്രം ഈ ആപ്പുകള്‍ക്കെതിരെ നീക്കം ശക്തമാക്കിയിട്ടുണ്ട്. ടിക് ടോക് അടക്കമുള്ള ആപ്പുകള്‍ ഇന്ത്യ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കണമെന്നുമാണ് കേന്ദ്രത്തിന്‍റെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്. സോഷ്യൽ ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങി ആപ്പുകൾക്ക് ഇന്ത്യയിൽ പ്രവര്‍ത്തികണമെങ്കിൽ ചില നിയമങ്ങൾ പാലിക്കേണ്ടിവരും എന്ന് കേന്ദ്രം പറയുന്നു. 

ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കുന്നുണ്ട് കേന്ദ്രസര്‍ക്കാര്‍. ഐടി, ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകൾക്കെതിരായ പുതിയ നിയമങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. എല്ലാ കമ്പനികളും ഇന്ത്യയിൽ ഓഫിസ് തുടങ്ങണം.  ആപ്പിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടു കേസുകളെല്ലാം ഇവിടെ തന്നെ പരിഹരിക്കേണ്ടി വരും. രാജ്യത്തിനു ഭീഷണിയായ ഉള്ളടക്കങ്ങളെല്ലാം സമയത്തിനു നീക്കം ചെയ്യാൻ സംവിധാനമൊരുക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിന് ഒപ്പമാണ് പുതിയ നിരോധന ആവശ്യവും ഉയരുന്നത് എന്നതാണ് വാര്‍ത്ത ചൂടുള്ളതാക്കുന്നത്. അതിനാല്‍ തന്നെ ടിക് ടോക് പ്രേമികള്‍ക്ക് സുന്ദരമായ നാളുകള്‍ അല്ല വരാന്‍ പോകുന്നത്.

click me!