'സിംഗിളാണോ, ഒരു കല്യാണമൊക്കെ കഴിക്കണ്ടേ'; മുൻകൈയ്യെടുത്ത് സർക്കാർ, ഡേറ്റിംഗ് ആപ്പും ഇറക്കി ടോക്യോ ഭരണകൂടം !

Published : Jun 07, 2024, 06:15 AM IST
'സിംഗിളാണോ, ഒരു കല്യാണമൊക്കെ കഴിക്കണ്ടേ'; മുൻകൈയ്യെടുത്ത് സർക്കാർ, ഡേറ്റിംഗ് ആപ്പും ഇറക്കി ടോക്യോ ഭരണകൂടം !

Synopsis

ഒരു സർക്കാർ സേവനത്തിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയാണ് ഈ ആപ്പിന്റെ പ്രവർത്തനം. പണം നല്കി മാത്രമേ ആപ്പ് ഉപയോഗിക്കാനാവൂ.

നീയെന്താ ഇങ്ങനെ സിംഗിളായി നടക്കുന്നെ, വേഗമങ്ങോട്ട് പോയി ഒരാളെ കണ്ടുപിടിക്കെന്നേ... പറയുന്നത് വീട്ടുകാരോ കൂട്ടുകാരോ നാട്ടുകാരോ അല്ല, ഒരു സർക്കാരാണ്! ടോക്യോയിലാണ് സിംഗിൾസിനെ പിടിച്ച് കെട്ടിക്കാൻ സർക്കാർ തന്നെ മുൻകൈയ്യെടുത്ത് രംഗത്ത് വന്നിരിക്കുന്നത്. പങ്കാളിയെ കണ്ടെത്താനുള്ള എളുപ്പത്തിന് ഡേറ്റിങ് ആപ്പും ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. ഒരു ഭരണകൂടം ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത് ഇത് ചരിത്രത്തിലാദ്യമാകും. രാജ്യത്തെ ജനനനിരക്കിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായാണ്  വിവാഹം നടത്തിക്കൊടുക്കാനുള്ള ശ്രമവുമായി ടോക്യോ മെട്രോ പൊളിറ്റൻ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് ഡേറ്റിങ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുടനെ ലഭ്യമാകുമെന്നാണ്  റിപ്പോർട്ടുകൾ.

ഒരു സർക്കാർ സേവനത്തിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയാണ് ഈ ആപ്പിന്റെ പ്രവർത്തനം. പണം നല്കി മാത്രമേ ആപ്പ് ഉപയോഗിക്കാനാവൂ. നിയമപരമായി വിവാഹിതരല്ലെന്ന് വ്യക്തമാക്കുന്ന രേഖകളും വിവാഹിതരാകാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കത്തും നൽകണം. ഉപഭോക്താവിന്റെ വാർഷിക വരുമാനം വ്യക്തമാക്കുന്നതിനുള്ള നികുതി രേഖയും നൽകണമെന്ന നിബന്ധനയുണ്ട്. ഡേറ്റിങ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ഉപഭോക്താക്കളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനായി ഒരു അഭിമുഖവും ഉണ്ടാവും.

രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ പങ്കാളിയിൽ ആഗ്രഹിക്കുന്നത് എന്തെല്ലാം ആണെന്ന് വ്യക്തമാക്കണം. അതിനനുസരിച്ച് എഐയുടെ സഹായത്തോടെ അനുയോജ്യമായ ആളുകളെ ആപ്പ് തന്നെ നിർദേശിക്കും. ജനങ്ങൾ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ജപ്പാന്റെ ഈ നീക്കത്തെ പ്രശംസിച്ച് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനനിരക്കിനേക്കാൾ ഇരട്ടി മരണ നിരക്കായിരുന്നു ജപ്പാനിൽ രേഖപ്പെടുത്തിയത്. തുടർച്ചയായ എട്ടാം വർഷവും 758,631 ആയി  ജനനനിരക്ക് കുറഞ്ഞിട്ടുണ്ട്. 5.1 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. മരണസംഖ്യ 1,590,503 ആയി. വിവാഹം കഴിക്കാനും കുട്ടികളെ വളർത്താനുമുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ജപ്പാനിലെ ജനങ്ങൾ വിവാഹം കഴിക്കാൻ മടിക്കുന്നതെന്നാണ് റിപ്പോർട്ട്.

Read More : സാങ്കേതിക പ്രശ്നങ്ങൾ അതിജീവിച്ച് ബോയിങ് സ്റ്റാർലൈനർ പേടകം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്