റോബോട്ടിക് ഒളിംപിക്‌സ്: മലയാളി വിദ്യാര്‍ഥികളുടെ കരുത്തില്‍ യുഎഇയ്‌ക്ക് സ്വര്‍ണം, നേട്ടത്തിന് പിന്നില്‍ മലയാളി സ്റ്റാര്‍ട്ടപ്പ്

Published : Nov 26, 2025, 05:08 PM IST
FIRST Global Challenge

Synopsis

യുഎഇ ടീമിന്‍റെ ഔദ്യോഗിക പരിശീലന പങ്കാളിയായത് യുണീക് വേൾഡ് റോബോട്ടിക്‌സ്. യുഎഇ ടീമിനെ പരിശീലിപ്പിച്ചതും മത്സരിച്ചതും മലയാളികൾ അടങ്ങിയ ഇന്ത്യന്‍ സംഘം.

കൊച്ചി: റോബോട്ടിക് ഒളിംപിക്‌സ് എന്നറിയപ്പെടുന്ന ‘ഫസ്റ്റ് ഗ്ലോബൽ ചാലഞ്ചി’ൽ മലയാളിക്കരുത്തില്‍ യുഎഇക്ക് സ്വർണം. രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം അംഗങ്ങളെല്ലാം ഇന്ത്യക്കാരായ യുഎഇ ടീമിനെ പരിശീലിപ്പിച്ചത് കൊച്ചി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ യുണീക് വേള്‍ഡ് റോബോട്ടിക്‌സാണ്. നാല് ദിവസങ്ങളിലായി പനാമയിൽ നടന്ന റോബോട്ടിക് ഒളിംപിക്‌സിൽ 193 രാജ്യങ്ങളിലെ ടീമുകളോട് മത്സരിച്ചാണ് മലയാളികളടങ്ങിയ ദുബായ് ടീം സ്വർണം കരസ്ഥമാക്കിയത്. ഫെഡെക്‌സ് സ്ഥാപകൻ ഫ്രെഡ് സ്‌മിത്തിന്‍റെ പേരിലുള്ള ഫ്രെഡ് സ്‌മിത്ത് ഗ്ലോബൽ ഇന്നവേറ്റർ അവാർഡിനാണ് യുഎഇ ടീം അർഹരായത്. യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് മരത്തിന്‍റെ സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കിയ പ്രോജക്റ്റായ 'സ്‌റ്റാഷ്' ആണ് യുഎഇ ടീമിനെ ജേതാക്കളാക്കിയത്.

യുണീക് വേൾഡ് റോബോട്ടിക്‌സ്

കൊച്ചി ആസ്ഥാനമായുള്ള യുണീക് വേൾഡ് റോബോട്ടിക്‌സിന് ദുബായിലും ബ്രാഞ്ച് ഉണ്ട്. അവിടെ പരിശീലനം നേടിയ 8 വിദ്യാർഥികളാണ് യുഎഇ ടീമിനായി ഫസ്റ്റ് ഗ്ലോബൽ ചാലഞ്ചിൽ മത്സരിച്ചത്. തിരുവനന്തപുരം സ്വദേശികളായ ആനന്ദ് സദാശിവ അയ്യര്‍, വിദ്യ കൃഷ്‌ണൻ എന്നിവരുടെ മകനായ ആദിത്യ ആനന്ദ്, ഡോ. ബിനോയ് വടക്കേനെല്ലിശ്ശേരി, ഡോ. നീതു രാധാകൃഷ്‌ണ പിള്ള എന്നിവരുടെ മകളായ ശ്രേയ ബിനോയ് നായർ എന്നിവരായിരുന്നു യുഎഇ ടീമിലെ മലയാളികൾ. ന്യൂ മിലേനിയം സ്‌കൂൾ വിദ്യാർഥിയാണ് ആദിത്യ, ജെംസ് മോഡേൺ അക്കാദമിയിലെ വിദ്യാർഥിയാണ് ശ്രേയ. ടീമിന്‍റെ പരിശീലകരിലൊരാളായ മുഹമ്മദ് മുക്താറും മലയാളിയാണ്.

ഫസ്റ്റ് ഗ്ലോബൽ ചാലഞ്ച്

ഇന്‍റർനാഷനൽ ഫസ്റ്റ് കമ്മിറ്റി അസോസിയേഷൻ 2016 മുതൽ വർഷം തോറും സംഘടിപ്പിക്കുന്ന റോബോട്ടിക്‌സ് മത്സരമാണ് ഫസ്റ്റ് ഗ്ലോബൽ ചാലഞ്ച്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്‌സ് അഥവാ സ്റ്റെം വിദ്യാഭ്യാസം വഴി ആഗോള വെല്ലുവിളികളെ നേരിടാൻ യുവത്വത്തിന്‍റെ ബുദ്ധിപരമായ കഴിവുകൾ സംയോജിപ്പിക്കുകയാണ് ഫസ്റ്റ് ഗ്ലോബൽ ചാലഞ്ചിന്‍റെ ലക്ഷ്യം.

കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ രജിസ്റ്റർ ചെയ്‌ത സ്റ്റാർട്ടപ്പുകൾ വിവിധ രാജ്യങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു നേട്ടം കൊയ്യുന്നതിന്‍റെ ഉദാഹരണമാണു യുണീക് വേൾഡ് റോബോട്ടിക്‌സിന്‍റെ നേട്ടം. പ്രമുഖ ശാസ്ത്രജ്ഞർ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർമാർ എന്നിവർക്കു മുൻപിൽ പ്രോജക്റ്റ് അവതരിപ്പിച്ച് വിജയിക്കാൻ കഴിഞ്ഞത് തുടർപ്രവർത്തനങ്ങൾക്കു ശക്തി പകരുമെന്ന് യുണീക് വേൾഡ് റോബോട്ടിക്‌സ് സ്ഥാപകൻ ബൻസൺ തോമസ് ജോർജ് പറഞ്ഞു.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്