പ്രണയം മൂത്ത് ഈ കൊടുംചതികളിൽ ചാടല്ലേ; വാലന്‍റൈന്‍സ് ദിനം ഈ 5 അബദ്ധങ്ങൾ പറ്റാതെ ശ്രദ്ധിക്കുക, സൈബ‍‍ർ തട്ടിപ്പ് വ്യാപകം

Published : Feb 12, 2026, 09:41 AM IST
valentines day gifts for girlfriend

Synopsis

വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ച് ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതിനാൽ ജാഗ്രത പാലിക്കുക. വ്യാജ ഗിഫ്റ്റ് വെബ്സൈറ്റുകൾ, ഡേറ്റിംഗ് ആപ്പുകളിലെ വ്യാജന്മാർ, OTP, QR കോഡ് തട്ടിപ്പുകൾ എന്നിവ വ്യാപകമാണ്. അപരിചിതർക്ക് പണമോ OTP പോലുള്ള ബാങ്ക് വിവരങ്ങളോ നൽകരുത്.

തിരുവനന്തപുരം: വാലന്‍റൈന്‍സ് വീക്ക് പുരോഗമിക്കുകയാണ്. സമ്മാനങ്ങൾ, പൂക്കൾ, യാത്ര, ഓൺലൈൻ ചാറ്റിംഗ്... എവിടെയും പ്രണയത്തിന്‍റെ ആഘോഷമാണ്. എന്നാൽ പ്രണയിതാക്കളുടെ ഈ തിരക്കിനിടയിൽ സൈബർ തട്ടിപ്പുകാരും സജീവമായിട്ടുണ്ട്. വാലന്‍റൈന്‍സ് ഡേയോട് അനുബന്ധിച്ചാണ് ഏറ്റവും കൂടുതൽ ഓൺലൈൻ തട്ടിപ്പുകളും വ്യാജ ഓഫറുകളും വരുന്നത്. നിങ്ങൾ സമ്മാനം ഓർഡർ ചെയ്യുകയോ അല്ലെങ്കിൽ പുതിയൊരാളുമായി ഓൺലൈനിൽ സംസാരിക്കുകയോ ചെയ്യുകയാണെങ്കിൽ കുറച്ചൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം, പ്രണയത്തിന്‍റെ പേരിൽ നിങ്ങളുടെ പോക്കറ്റ് തട്ടിപ്പുകാർ കാലിയാകാൻ സാധ്യതയുണ്ട്. എന്തൊക്കെയാണ് ഈ വാലന്‍റൈന്‍സ് തട്ടിപ്പുകൾ, അവയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് നോക്കാം...

വ്യാജ ഗിഫ്റ്റ് വെബ്സൈറ്റുകളും വമ്പൻ ഡിസ്കൗണ്ടുകളും

വാലന്‍റൈന്‍സ് ഡേയ്ക്ക് മുൻപ് സോഷ്യൽ മീഡിയയിലൊക്കെ '70% കിഴിവ്', 'ലിമിറ്റഡ് ഓഫർ' എന്നൊക്കെ പറഞ്ഞ് ഒരുപാട് പരസ്യങ്ങൾ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. പലപ്പോഴും ഇത്തരം പരസ്യങ്ങള്‍ നല്‍കുന്ന വെബ്സൈറ്റുകൾ വ്യാജമായിരിക്കും. നിങ്ങൾ പണമടയ്ക്കും, പക്ഷേ സമ്മാനം ഒരിക്കലും നിങ്ങള്‍ നല്‍കുന്ന വിലാസത്തിലേക്ക് എത്തില്ല. അതുകൊണ്ട്, എപ്പോഴും വിശ്വസനീയമായ വെബ്സൈറ്റുകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങുക. വെബ്സൈറ്റിന്‍റെ പേര്, റിവ്യൂകൾ, URL എന്നിവയൊക്കെ ശ്രദ്ധിച്ചുനോക്കണം. വലിയ വിലക്കുറവ് കണ്ട ഉടനെ ചാടിവീണ് പണമടയ്ക്കരുത്.

ഓൺലൈൻ ഡേറ്റിംഗ് ആപ്പുകളിലെ വ്യാജ പ്രൊഫൈലുകൾ

പല തട്ടിപ്പുകാരും വ്യാജ പ്രൊഫൈലുണ്ടാക്കി ഡേറ്റിംഗ് ആപ്പുകളിൽ സൗഹൃദം സ്ഥാപിക്കും. കുറച്ചുദിവസം സംസാരിച്ച് വിശ്വാസം നേടിയ ശേഷം, പെട്ടെന്നൊരു ആവശ്യം പറഞ്ഞ് പണം ചോദിക്കാൻ തുടങ്ങും. ഒരു അടിയന്തര സാഹചര്യം, സമ്മാനം വാങ്ങാൻ, അല്ലെങ്കിൽ നേരിൽ കാണാൻ വരാനുള്ള യാത്രാച്ചെലവ് എന്നൊക്കെയാവും അവർ പറയുന്ന കാരണങ്ങൾ. നേരിട്ട് പരിചയമില്ലാത്ത ഒരാൾക്ക് ഒരിക്കലും പണം അയച്ചുകൊടുക്കരുത്. സംശയം തോന്നിയാൽ വീഡിയോ കോൾ ചെയ്ത് സംസാരിക്കുക. പക്ഷേ, നിങ്ങളുടെ മുഖം കോളില്‍ കാണിക്കാതിരിക്കുന്നതാണ് നല്ലത്. എന്നിട്ടും നിങ്ങള്‍ക്ക് സംശയം തീരുന്നില്ലെങ്കില്‍ ഉടൻ ആ നമ്പർ ബ്ലോക്ക് ചെയ്യുക.

ഗിഫ്റ്റ് ഡെലിവറിയുടെ പേരിലുള്ള OTP തട്ടിപ്പ്

നിങ്ങളുടെ പേരിൽ ഒരു സമ്മാനം വന്നിട്ടുണ്ടെന്നും അത് ഡെലിവറി ചെയ്യാൻ OTP പറയണമെന്നും പറഞ്ഞ് ചിലപ്പോൾ കോൾ വരാം. നിങ്ങൾ ഒടിപി പറഞ്ഞുകൊടുക്കുന്ന നിമിഷം, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നോ കാർഡിൽ നിന്നോ പണം നഷ്ടപ്പെടാം. ഒരു കാരണവശാലും OTP, CVV, അല്ലെങ്കിൽ ബാങ്ക് വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്. ബാങ്കോ ഡെലിവറി ഏജൻസിയോ നിങ്ങളോട് ഒടിപി ചോദിക്കില്ലെന്ന് ഓർക്കുക.

QR കോഡ് തട്ടിപ്പ്

പണം അയച്ചുതരാം എന്ന് പറഞ്ഞ് തട്ടിപ്പുകാർ നിങ്ങൾക്ക് ഒരു ക്യുആർ കോഡ് അയച്ചുതരും. എന്നിട്ട് അത് സ്‍കാന്‍ ചെയ്യാൻ ആവശ്യപ്പെടും. എന്നാൽ ക്യുആർ കോഡ് സ്കാൻ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം അങ്ങോട്ട് പോവുകയാണ് ചെയ്യുക, ഇങ്ങോട്ട് വരില്ല. ക്യുആർ കോഡ് സ്‍കാന്‍ ചെയ്യുന്നത് പണം നൽകാനാണ്, സ്വീകരിക്കാനല്ലെന്ന് എപ്പോഴും ഓർക്കുക.

വ്യാജ ലക്കി ഡ്രോയും ഗിഫ്റ്റ് ഹാമ്പറുകളും

നിങ്ങൾ 'വാലന്‍റൈന്‍ സ്പെഷ്യൽ ലക്കി വിന്നർ' ആയി തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞ് ഫോണിലോ ഇമെയിലിലോ വാട്‍സ്ആപ്പിലോ സന്ദേശം വരാം. നിങ്ങൾക്കൊരു സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് കിട്ടാനായി ചെറിയൊരു പ്രോസസ്സിംഗ് ഫീസ് അടയ്ക്കണമെന്നുമായിരിക്കും ആ സന്ദേശത്തിലെ ആവശ്യം. ഇത് നൂറുശതമാനം തട്ടിപ്പാണ് എന്നറിയുക. ഒരു കമ്പനിയും സമ്മാനം നൽകുന്നതിന് മുൻകൂറായി പണം ആവശ്യപ്പെടില്ല. ഇത്തരം സന്ദേശങ്ങൾ കണ്ട് വഞ്ചിതരാകരുത്.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫെബ്രുവരി 28-ന് ആകാശം നോക്കാന്‍ മറക്കല്ലേ; വിസ്മയ കാഴ്ച ഇന്ത്യയിലും, അണിനിരക്കുന്നത് ആറ് ഗ്രഹങ്ങൾ
മഞ്ഞുപാളികൾക്കിടയിലൂടെ ഒഴുകിയെത്തുന്ന 'രക്തം', 100 വർഷത്തിലേറെയായി ശാസ്ത്രജ്ഞർ തേടിയ ചോദ്യത്തിന് ഉത്തരം, ഐസ് ആകാത്ത ജലം!