സ്വന്തം ഭാഷയില്‍ ചാറ്റ് ചെയ്യാം വാട്ട്സ്ആപ്പില്‍

By Web DeskFirst Published Jul 5, 2017, 9:47 AM IST
Highlights

ഇനി സ്വന്തം ഭാഷയില്‍ ചാറ്റ് ചെയ്യാം. ഇന്ത്യയിലെ രണ്ടാമത്തെ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണും വാട്‌സാപ്പും ഒരുമിച്ച് ഉപഭോക്താക്കള്‍ക്ക് പ്രാദേശികഭാഷകളില്‍ ചാറ്റ് ചെയ്യാനുള്ള അവസരം നല്‍കുന്നു. ഹിന്ദി, മറാത്തി,ബംഗാളി,തമിഴ് തുടങ്ങിയ ഭാഷകളില്‍ വോഡഫോണ്‍ ഇതിനായി പ്രത്യേകം പേജുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ചാറ്റ് ചെയ്യുമ്പോള്‍ ആവശ്യമനുസരിച്ച് വെവ്വേറെ ഭാഷകളിലേയ്ക്ക് മാറാന്‍ സാധിക്കും. ഈ സൗകര്യം ഉപയോഗിച്ച് വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രാദേശികഭാഷ ഏതാനും ക്ലിക്കുകളില്‍ ക്രമീകരിക്കാം. 

സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിനും, ചാറ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും എല്ലാം ഇതില്‍ ഇങ്ങനെ ക്രമീകരിച്ച ഭാഷയിലാവാം.
ലോകത്താകെ അമ്പതു വ്യത്യസ്ത ഭാഷകളില്‍ വാട്‌സാപ്പ് ഇപ്പോള്‍ ലഭ്യമാണ്. ഇന്ത്യയില്‍ പത്തു ഭാഷകളിലായി ഇരുനൂറു മില്ല്യന്‍ പേരാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്.

ഇതിന് ഒപ്പം തന്നെ ടെക്സ്റ്റ് ഫോണ്ട് പല വിധത്തില്‍ ക്രമീകരിക്കുന്നതിനുള്ള ഓപ്ഷനും വാട്ട്സ്ആപ്പില്‍ നിലവില്‍ വന്നു. ഇമോജികള്‍ തെരഞ്ഞു പിടിക്കാനും ഇതില്‍ സാധിക്കും. വാട്‌സാപ്പിന്റെ 2.17.148 ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാവുക. എന്നാല്‍ ഐഒഎസ് വേര്‍ഷനില്‍ തല്‍ക്കാലം ഇവ ലഭ്യമാവില്ല.

ടെക്സ്റ്റ് ഫോണ്ടിന്റെ സ്‌റ്റൈല്‍ എളുപ്പത്തില്‍ മാറ്റാം എന്നതാണ് ഇതിന്റെ പ്രധാനഫീച്ചര്‍. ഇതിനു വേണ്ടി പ്രത്യേക ക്യാരക്ടറുകള്‍ ഉപയോഗിക്കേണ്ട കാര്യമില്ല. ടെക്സ്റ്റ് സെലക്റ്റ് ചെയ്യുമ്പോള്‍ വരുന്ന മെനുവില്‍ കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകള്‍ക്ക് ശേഷം വരുന്ന മൂന്നു കുത്തുകള്‍ പ്രസ് ചെയ്യുക. ഇതോടെ ഒരു മെനു തുറന്നു വരും. ഇതില്‍ ബോള്‍ഡ്, ഇറ്റാലിക്ക്, സ്‌ട്രൈക്ക്ത്രൂ, മോണോസ്‌പേസ് ഓപ്ഷനുകള്‍ കാണാം. ഇതില്‍ വേണ്ടത് സെലക്റ്റ് ചെയ്യാം.

കീവേര്‍ഡ് ഉപയോഗിച്ച് ഇമോജികള്‍ തെരഞ്ഞു കണ്ടുപിടിക്കാനുള്ള സൗകര്യമാണ് അടുത്ത പുതിയ ഫീച്ചര്‍. ഇമോജി ലിസ്റ്റ് എടുക്കുമ്പോള്‍ അതിന്റെ ഏറ്റവും താഴെയായി കീവേഡ് ഉപയോഗിച്ച് ഇവ തിരയാം. ഉദാഹരണത്തിന് കാറിന്റെ ഇമോജി ആണ് വേണ്ടത് എന്നിരിക്കട്ടെ, അപ്പോള്‍ ഇതില്‍ 'car' എന്ന് ടൈപ്പ് ചെയ്യുക. ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരും.

click me!