
പുതുച്ചേരി: സ്‌മാര്‍ട്ട്ഫോണുകളില്‍ 300ലധികം ടെലിവിഷന്‍ ചാനലുകള്‍ സൗജന്യമായി തത്സമയം കാണാന്‍ കഴിയുന്ന BiTV സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലാണ് ബിഎസ്എന്‍എല്ലിന്‍റെ BiTV ആദ്യം എത്തിയത്. വൈകാതെ രാജ്യവ്യാപകമായി BiTV സേവനം എത്തുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ബിഎസ്എന്‍എല്‍ സിം ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ബിടിവി സേവനം ലഭ്യമാവുക.
രാജ്യത്തെ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലിന്‍റെ ഡയറക്ട്-ടു-മൊബൈല്‍ (D2M) സേവനമാണ് BiTV എന്നറിയപ്പെടുന്നത്. സൗജന്യമായി 300+ ടിവി ചാനലുകള്‍ BiTV വഴി ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നു. അധിക ചാര്‍ജുകളൊന്നും ഈടാക്കാതെ ഇത്രയധികം ടെലിവിഷന്‍ ചാനലുകള്‍ തത്സമയം മൊബൈല്‍ ഫോണുകളില്‍ ബിഎസ്എന്‍എല്‍ എത്തിക്കുന്നത് രാജ്യത്തെ ഡിടിഎച്ച്, കേബിള്‍ ടിവി മേഖലയ്ക്ക് ചിലപ്പോള്‍ ഭീഷണിയായേക്കും. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച ഇതിനകം ഡിടിഎച്ച് വ്യൂവര്‍ഷിപ്പിനെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ബിഎസ്എന്‍എല്‍ ലൈവ് ടിവി സേവനം സ്‌മാര്‍ട്ട്ഫോണുകളിലേക്ക് എത്തിക്കുന്നത് ഡിടിഎച്ച് രംഗത്തെ കൂടുതല്‍ പിന്നോട്ടടിച്ചേക്കും എന്നാണ് അനുമാനം.
2024ലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച ഏഴ് പുത്തന്‍ സേവനങ്ങളിലൊന്നാണ് BiTV. ഇക്കൂട്ടത്തിലുണ്ടായിരുന്ന ഫൈബര്‍-അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സേവനമായ ഐഎഫ്‌ടിവി ബിഎസ്എന്‍എല്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്ലിന്‍റെ ബ്രോഡ്‌ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി 500ലധികം ലൈവ് ടിവി ചാനലുകള്‍ കാണാനാകുന്ന സേവനമാണ് ഐഎഫ്‌ടിവി. ഇതേ രീതിയിലുള്ള ഇന്‍ട്രാനെറ്റ് ടിവി സേവനം മൊബൈല്‍ ഫോണുകളിലേക്ക് അവതരിപ്പിക്കുന്ന ബിഎസ്എന്‍എല്‍ ഡി2എം പദ്ധതിയാണ് BiTV.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം