മേഘപടലങ്ങള്‍ക്കിടയില്‍ വ്യാഴം എന്താവും ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ?

By Web DeskFirst Published Jul 4, 2016, 11:57 PM IST
Highlights

ജൂണോ വ്യാഴത്തെ തൊടുമ്പോള്‍ സംഭവിക്കുന്നത്-അരുണ്‍ അശോകന്‍ എഴുത്തുന്നു

വ്യാഴത്തിന്റെ ഉള്ളിലിരിപ്പുകളറിയാന്‍ നിയോഗിക്കപ്പെട്ട ഉപഗ്രഹത്തിന് നാസ കണ്ടെത്തിയ പേര് ജൂണോ എന്നാണ്. റോമന്‍ മിത്തോളജി പ്രകാരം ദേവരാജാവാണ് വ്യാഴം(ജൂപ്പിറ്റര്‍), അദ്ദേഹത്തിന്റെ ഭാര്യ ജൂണോയും. ജൂണോയുടെ പരിചാരികയായിരുന്ന അയോയുമായി പ്രണയത്തിലായ ജൂപ്പിറ്റര്‍ അവളെ ജൂണോയില്‍ നിന്ന് മറച്ചുപിടിക്കാന്‍ സ്വയം മേഘപടലമായി മറ തീര്‍ത്തു. എന്നാല്‍ ജൂപ്പിറ്റര്‍ തീര്‍ത്ത മേഘമറയും തകര്‍ത്ത് ജൂണോ അയോയെ കണ്ടെത്തി ബന്ധിച്ചുവെന്നാണ് കഥ.  

മേഘപടലങ്ങള്‍ക്കടിയില്‍ വ്യാഴം ഒളിപ്പിച്ചുവച്ചിരിക്കുന്ന രഹസ്യങ്ങളെ ചികഞ്ഞുകണ്ടെത്തുമെന്ന ഉത്തമവിശ്വാസത്തിലാണ് ശാസ്ത്രജ്ഞര്‍ ഉപഗ്രഹത്തിന് ജൂണോയെന്ന പേര് നല്‍കിയത്. വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ നാസ നടത്തിയ 10 വര്‍ഷത്തെ ശ്രമങ്ങളാണ് ജൂണോ വ്യാഴത്തെ ചുറ്റിത്തുടങ്ങിയതോടെ അര്‍ത്ഥവത്തായത്. അഞ്ച് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ശാസ്ത്രജ്ഞര്‍ക്ക് ആശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങള്‍ സമ്മാനിച്ച് ജൂണോ ജൂപ്പിറ്ററിനോട് ഹായ് പറഞ്ഞു. ജൂലൈ 5 രാവിലെ ഇന്ത്യന്‍ സമയം 9.24 സൗരയൂഥപഠന ചരിത്രത്തില്‍ കുറിച്ചിടപ്പെടുന്ന സമയമാകും.

ഒരു ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ ഇരിക്കാന്‍ തക്ക വലിപ്പമുള്ളതാണ് ജൂണോ ഉപഗ്രഹം. സൂര്യനില്‍ നിന്ന് വ്യാഴം ഏറെ അകലെയായതിനാല്‍  സൂര്യപ്രകാശത്തിന്റെ ലഭ്യത ഭൂമിയിലുള്ളതിന്റെ ഇരുപത്തി അഞ്ചില്‍ ഒന്ന് മാത്രമാണ്. ഈ കുറവ് പരിഹരിക്കാനാണ് എട്ടരമീറ്ററോളം നീളമുള്ള വലിയ സോളാര്‍ പാനലുകള്‍ ജൂണോയ്ക്ക് നല്‍കിയത്. വ്യാഴത്തിന് ചുറ്റുമുള്ള ശക്തമായ റേഡിയേഷനെ നേരിടാന്‍ ഉപകരണങ്ങള്‍ക്ക് ടൈറ്റാനിയം കൊണ്ടുള്ള ആവരണവും ഒരുക്കിയിട്ടുണ്ട്.

2011 ഓഗസ്റ്റ് അഞ്ചിനാണ് ജൂണോ ഭൂമിയില്‍ നിന്ന് അറ്റ്‌ലസ് റോക്കറ്റില്‍ യാത്ര തിരിച്ചത്. ഡീപ് സ്‌പേസ് എന്നറിയപ്പെടുന്ന അതിവിദൂര ബഹിരാകാശത്തിലേക്ക് ചുഴറ്റി എറിയപ്പെട്ട ഉപഗ്രഹത്തിന്റെ പാതശരിയാക്കല്‍ പ്രക്രിയകള്‍ 2012 ആഗസ്റ്റിലും സെപ്റ്റംബറിലുമായി ശാസ്ത്രജ്ഞര്‍ നടത്തി. സൂര്യന്റെയും വിവിധ ഗോളങ്ങളുടെയും ഗുരുത്വബലത്തെ ആശ്രയിച്ച് ദീര്‍ഘദൂരം യാത്ര ചെയ്ത ജൂണോയെ വ്യാഴം കേന്ദ്രമായ ഭ്രമണപഥത്തിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തികള്‍ ഈ മാസം ആദ്യം മുതല്‍ തന്നെ നാസ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി  പേടകത്തിലെ ശാസ്ത്ര ഉപകരണങ്ങളെല്ലാം നേരത്തെ ഓഫ് ചെയ്തു. അതിവേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗത കുറച്ച് വ്യാഴത്തിനെ ചുറ്റുന്ന പാതയിലേക്ക് മാറ്റുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്തത്. ബ്രിട്ടീഷ് നിര്‍മ്മിതമായ റോക്കറ്റ് എഞ്ചിന്‍ നീണ്ട 35 മിനിറ്റ്  പ്രവര്‍ത്തിപ്പിച്ചാണ് ഇത് നിര്‍വഹിച്ചത്.

53 ദിവസം കൊണ്ട് വ്യാഴത്തെ ചുറ്റുന്ന തരത്തിലാണ് ഇപ്പോള്‍ ഉപഗ്രഹത്തിന്റെ പാത.വ്യാഴത്തിനു ചുറ്റുമുള്ള അതിശക്തമായ റേഡിയേഷന്‍ പരമാവധി ഒഴിവാക്കാനാണ്  ഇത്ര നീണ്ട ഭ്രമണപഥം ജൂണോ തെരഞ്ഞെടുത്തിരിക്കുന്നത്. വരുന്ന ഓഗസ്റ്റില്‍ ഒരു തവണ കൂടി പേടകത്തിന്റെ സഞ്ചാരപഥം മാറ്റും. അതോടെ 14 ദിവസം കൊണ്ട് വ്യാഴത്തെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് ജൂണോ മാറും.പോളാര്‍ ഓര്‍ബിറ്റലിലാകും ഉപഗ്രഹം വ്യാഴത്തെ ചുറ്റുക. ഇത്തരത്തില്‍ കടന്നുപോകുന്ന ആദ്യഉപഗ്രഹമാകും ജൂണോ.വ്യാഴത്തിന്റെ ധ്രുവമേഖലകളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഇത് സഹായിക്കും .

വ്യാഴം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ്. ബാക്കി ഗ്രഹങ്ങളെല്ലാം ഒത്തുചേര്‍ന്നാലും വ്യാഴത്തിനോളം എത്തില്ല. മേഘപടലങ്ങള്‍ മറ തീര്‍ക്കാത്ത രാത്രികളില്‍ ആകാശത്ത് തെളിയുന്ന വ്യാഴത്തെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയും. പക്ഷെ ബഹിരാകാശത്ത് നിലയുറപ്പിച്ചിരിക്കുന്ന ഇന്നത്തെ അത്യന്താധുനിക ടെലസ്‌കോപ്പുകള്‍ ഉള്‍പ്പെടെ നടത്തുന്ന നിരീക്ഷണങ്ങളില്‍ വ്യാഴം ഒരു വാതക ഭീമനാണ്. എപ്പോഴും ഒരു മേഘപടലം അതിന്റെ ഉള്ളറകളെ മറച്ചുപിടിക്കും.ശാസ്ത്രജ്ഞരുടെ വിശ്വാസം അനുസരിച്ച് ഹൈഡ്രജനും ഹീലിയവുമാണ് വ്യാഴത്തിന്റെ പ്രധാന നിര്‍മ്മാണവസ്തുക്കള്‍. ഒരു കുഞ്ഞ് നക്ഷത്രത്തിന്റെ അതേ ഘടന.വ്യാഴത്തിന്റെ മേഘപടലങ്ങള്‍ക്ക്  അടിയില്‍ എന്താണെന്നത് സംബന്ധിച്ച് ശാസ്ത്രലോകത്തിന് വലിയ ജിജ്ഞാസയുണ്ട്. അതൊരു തര്‍ക്കവിഷയവുമാണ്. വാതകപടലങ്ങള്‍ക്ക് കീഴെ വ്യാഴത്തിന്  കട്ടിയുള്ളൊരു ഉള്‍ക്കാമ്പുണ്ടോ? അതിന്റെ ഘടന എന്താണ്?  

അതിശക്തമായ മര്‍ദ്ദത്തില്‍ ഹൈഡ്രജന്‍ മെറ്റാലിക് ഹൈഡ്രജന്‍ എന്ന പ്രത്യേക ഘടന സ്വീകരിക്കുന്നവെന്നെല്ലാം ഉത്തരങ്ങളുണ്ട്. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നിര്‍മ്മാണവസ്തുക്കളുടെ കാര്യത്തില്‍ മാത്രമല്ല, ഉപഗ്രഹങ്ങളുടെ കാര്യത്തിലും വ്യാഴം ഒരു കുഞ്ഞു സൗരയൂഥമാണ്.

1610ല്‍ ഗലീലിയോ ഗലീലി വ്യാഴത്തിന് ചുറ്റും നാലു ഗോളങ്ങളെ കണ്ടെത്തി.അയോ, യൂറോപ്പ, ഗ്യാനിമീഡ്, കലിസ്‌റ്റോ എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ട അവ ഗലീലിയന്‍ ഉപഗ്രഹങ്ങളെന്നാണ് അറിയപ്പെടുന്നത്. ഇതില്‍ യുറോപ്പ ബഹിരാകാശ ഗവേഷകര്‍ ജീവന്‍ തെരയുന്ന ഇടമാണ്.  ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 53 അംഗീകൃത ഉപഗ്രഹങ്ങള്‍ വ്യാഴത്തിനുണ്ട്. 14 എണ്ണം ഉപഗ്രഹപദവി കാത്ത് ക്യൂവിലുമാണ്. അങ്ങനെ ആകെ 67 ഉപഗ്രഹങ്ങള്‍ വ്യാഴത്തിനുണ്ട്.   

വ്യാഴത്തില്‍ കാണുന്ന വലിയ ചുവന്ന ചുഴലിക്കാറ്റും ശാസ്ത്രജ്ഞരുടെ ശ്രദ്ധാകേന്ദ്രമാണ്. വലിയ വേഗതയില്‍ ചുറ്റുന്ന ഇതിന് രണ്ട് ഭൂമികളുടെ വിസ്താരമുണ്ട്.  ഇതിനെ സംബന്ധിച്ച പഠനവും നിര്‍ണായകമാണ്. വലിയൊരു നക്ഷത്രത്തിന്റെ തകര്‍ന്നടിയലില്‍ നിന്നാണത്രെ സൂര്യനും ഗ്രഹങ്ങളും ഉള്‍പ്പെട്ട നമ്മുടെ സൗരയൂഥം ഉണ്ടായത്. സൂര്യന്‍ ഉണ്ടായിക്കഴിഞ്ഞ് സൗരയൂഥത്തില്‍ ആദ്യം ഉണ്ടായത് വ്യാഴമാണെന്ന വാദമുണ്ട്. ഈ വാദം ഉറപ്പിക്കണമെങ്കില്‍ വ്യാഴത്തിന്റെ  ഉള്ളിലിരുപ്പുകളും അതിന്റെ ഘടനയും അറിയണം.

1973ല്‍ പയനീര്‍ 10 ആണ് വ്യാഴത്തെ ഒന്നുനോക്കി കടന്നുപോയ ആദ്യമനുഷ്യനിര്‍മ്മിത വസ്തു.  1979 ല്‍ കടന്നുപോയ വൊയേജര്‍ ഒന്നും രണ്ടും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ കൈമാറി. 1995 മുതല്‍ 2003 വരെ തുടര്‍ന്ന ഗലീലിയോ ആണ് വ്യാഴത്തെ സംബന്ധിച്ച ഒട്ടധികം തെറ്റിദ്ധാരണകള്‍ മാറ്റിയത്. പ്ലൂട്ടോയെ തേടി പോയ ന്യൂ ഹൊറൈസണും 2007 ല്‍ വ്യാഴത്തിന്റെ ചില ഫോട്ടോകളെടുത്ത് മനുഷ്യനോട് കൂറു കാട്ടി.  ഇതുവരെ കിട്ടിയതിനെക്കാളെല്ലാം കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കരുത്തുള്ള ഉപകരണങ്ങളാണ് ജൂണോയില്‍ ഉളളത്. ഇവ പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ വ്യാഴം മനുഷ്യന് മുന്നില്‍ സ്വയം അനാവൃതമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

click me!