സ്റ്റാറ്റസ് പരാജയമോ; വാട്ട്സ്ആപ്പ് മാറി ചിന്തിക്കുന്നു?

By Web DeskFirst Published Mar 13, 2017, 5:57 AM IST
Highlights

തങ്ങളുടെ എട്ടാം ജന്മദിനത്തിനോട് അനുബന്ധിച്ചാണ് വാട്ട്സ്ആപ്പ് പുതിയ സ്റ്റാറ്റസ് സംവിധാനം അവതരിപ്പിച്ചത്. വലിയ മാറ്റം വാട്ട്സ്ആപ്പ് ഉപയോഗത്തില്‍ സംഭവിക്കും എന്നാണ് ഇതിനെ വാട്ട്സ്ആപ്പ് വിശേഷിപ്പിച്ചത്. എന്നാല്‍ തങ്ങളുടെ പഴയ രീതിയിലുള്ള വാട്ട്സ്ആപ്പ് സ്റ്റാറ്റസ് രീതി തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ് എന്നാണ് ഗാഡ്ജറ്റ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പഴയ ടെക്സ്റ്റ് അധിഷ്ഠിത സ്റ്റാറ്റസിലേക്ക് തിരിച്ചുപോകുവാനാണ് വാട്ട്സ്ആപ്പിന്‍റെ നീക്കം എന്നാണ് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ് പുതിയ പതിപ്പിന്‍റെ ആന്‍ഡ്രോയ്ഡ് ബീറ്റയില്‍ പഴയ തരത്തിലുള്ള സ്റ്റാറ്റസ് കാണുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേ സമയം പരിഷ്കരിച്ച രീതിയിലുള്ള സ്റ്റാറ്റസ് സംവിധാനവും ഇതിന്‍റെ കൂടെയുണ്ടാകും എന്നാണ് സൂചനകള്‍.

പുതിയ സ്റ്റാറ്റസ് സംവിധാനം വേണ്ടത്ര സ്വീകാരികത ലഭിച്ചില്ലെന്നാണ് വാട്ട്സ്ആപ്പ് വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസില്‍ ഇമേജുകളും വീഡിയോകളും താല്‍ക്കാലികമായി മാത്രമേ അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് വാട്ട്സ്ആപ്പിന്‍റെ സ്റ്റാറ്റസ്. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇമേജ്/വീഡിയോ/ജിഫ് സ്റ്റാറ്റസ് അപ്രത്യക്ഷമാകും.

സ്നാപ്പ്ചാറ്റിന്റെ സ്റ്റോറീസ് ഫീച്ചറിന് സമാനമാണ് സ്റ്റാറ്റസ് എന്ന വിമര്‍ശനവും ഉണ്ടായിരുന്നു. ചാറ്റ്‌സ്, കോള്‍സ് ടാബുകള്‍ക്കിടയില്‍ സ്റ്റാറ്റസ് എന്ന പുതിയ ടാബ് കൂടി വന്നത് ഉപയോക്താക്കളെ കുഴക്കിയെന്ന് വാട്ട്സ്ആപ്പും സംശയിക്കുന്നു. സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുക ഇനി അതിവേഗം സാധ്യമെന്നായിരുന്നു വാട്ട്സ്ആപ്പ് പ്രതീക്ഷിച്ച പ്രത്യേകതയെങ്കില്‍ ഫേസ്ബുക്കിന്‍റെ ലാളിത്വം പുതിയ സംവിധാനം നഷ്ടപ്പെടുത്തിയെന്നാണ് ഒരു വിമര്‍ശനം.
 

click me!