അതിവേഗ റിപ്ലേ സംവിധാനവുമായി വാട്ട്സ്ആപ്പ്

By Web DeskFirst Published Jun 13, 2016, 11:20 AM IST
Highlights

വാട്ട്സാപ്പിൽ ലഭിക്കുന്ന ചാറ്റിനു മറുപടി അയയ്ക്കൽ കൂടുതല്‍ എളുപ്പമാകുന്നു. ഇതിനായി മെസേജ് ക്വോട്ട് ഫീച്ചർ എന്ന പുതിയ സംവിധാനമാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഈ സംവിധാനം ഉപയോഗിച്ച് റിപ്ലേ ചെയ്യുമ്പോൾ മെസേജുകൾ ക്വോട്ട് ചെയ്ത് അയയ്ക്കാം. പുതിയ അപ്ഡേഷനിലൂടെ എല്ലാവര്‍ക്കും ഈ സേവനം ലഭിക്കും. ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പ് സ്റ്റോറുകളില്‍ പുതിയ അപ്ഡേഷന്‍ ലഭ്യമാണ്. 

മറുപടി അയക്കേണ്ട സന്ദേശത്തില്‍ അമര്‍ത്തിപ്പിടിച്ചാല്‍ പുതിയ പതിപ്പില്‍ പോപ് അപ് ആയി റിപ്ലേ ഓപ്ഷൻ പ്രത്യക്ഷപ്പെടും. റിപ്ലേ ഓപ്ഷനു പുറമെ സ്റ്റാർ, ഡിലീറ്റ്, ഫോർവേഡ്, കോപി എന്നീ ഓപ്ഷനുകളും പോപ് അപിൽ ലഭ്യമാണ്. റിപ്ലേ ബട്ടണിൽ ടാപ് ചെയ്യുമ്പോൾ ആദ്യ സന്ദേശം ക്വോട്ട് ആയി മാറും. 

അതേ സമയം സന്ദേശം അയച്ചയാൾക്ക് ഇത്തരത്തിൽ ലഭിക്കുന്ന ക്വോട്ടഡ് റിപ്ലേകൾ പ്രത്യേക നിറത്തിലുള്ള ബോക്സിലായാണു കാണുക. സ്വകാര്യ ചാറ്റിങ്ങിലും ഗ്രൂപ്പ് ചാറ്റിങ്ങിലും ഒരുപോലെ പുതിയ സംവിധാനം ഉപയോഗപ്പെടുത്താം. ജിഫ് ഇമേജ് ഷെയർ ചെയ്യാനുള്ള ഓപ്ഷനാണു മറ്റൊരു അപ്ഡേറ്റ്. എന്നാല്‍ ഇത് തല്‍ക്കാലം ഐഒഎസ് ഉപയോക്താക്കൾക്കു മാത്രമാണു ലഭ്യമാക്കിയിരിക്കുന്നത്. 

ഫയൽ ഷെയറിങ് സേവനം നൽകിത്തുടങ്ങിയ വാട്ട്സാപ്പ് തങ്ങളുടെ വെബ് വേർഷന്‍റെ വിന്‍ഡോസ്, ഓഎസ് എക്സ് വേർഷനുകൾക്കായി ഡെസ്ക്ടോപ് വേർഷനും നേരത്തെ പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം ഏതാണ്ട് 10 ഒളം പുതിയ ഫീച്ചറുകള്‍ ആറു മാസത്തിനുള്ളില്‍ വാട്ട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു.

click me!