
ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ കൂടുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. സാങ്കേതികവിദ്യാ പരിജ്ഞാനമുള്ള ഐടി ഉദ്യോഗസ്ഥരും തട്ടിപ്പുകൾക്കിരയാകുന്നവരുടെ കൂട്ടത്തിലുണ്ട്. ഗുഡ്ഗാവിലുണ്ടായ സംഭവമാണ് ഇപ്പോൾ വാർത്തകളിലിടം പിടിച്ചിരിക്കുന്നത്. തനിക്ക് വന്ന വാട്ട്സാപ്പ് സന്ദേശം വിശ്വസിച്ച ഐടി ഉദ്യോഗസ്ഥനാണ് ഇക്കുറി പണി കിട്ടിയത്. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുള്ള മെസേജാണ് അദ്ദേഹത്തെ ചതിച്ചത്. യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്യുന്നത് വഴി അധിക വരുമാനമുണ്ടാക്കാം എന്നതായിരുന്നു മെസേജിന്റെ ഉള്ളടക്കം.
ഗുഡ്ഗാവിലെ സെക്ടർ 102 ൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നയാളാണ് ഈ തട്ടിപ്പിന് ഇരയായത്. മാർച്ച് 24 നാണ് ഈ വാട്ട്സാപ്പ് മെസെജ് ലഭിച്ചത്. വൈകാതെ ഇയാളെ ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്തു. ദിവ്യ എന്ന പേരിലുള്ള ഗ്രൂപ്പിലാണ് ആഡ് ചെയ്തത്. ഗ്രൂപ്പിൽ അംഗങ്ങളായിരുന്ന കമാൽ, അങ്കിൽ, ഭൂമി, ഹർഷ് എന്നീ പേരുകളുള്ളവർ ഇയാളുമായി ആശയവിനിമയം നടത്തി. ആകർഷകമായ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്താണ് പണം നൽകാൻ പ്രേരിപ്പിച്ചത്. ഇത് വിശ്വസിച്ച ഇയാൾ 42,31,600 രൂപ തന്റെയും ഭാര്യയുടെയും അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പ് സംഘത്തിന് കൈമാറിയത്.
ആവശ്യപ്പെട്ട തുക കൈമാറിയാൽ 62 ലക്ഷം രൂപയാണ് നൽകാമെന്നായിരുന്നു ഉറപ്പ് നൽകിയത്. പണം പിൻവലിക്കാനുള്ള ശ്രമം നടത്തിയപ്പോൾ 11000 രൂപ കൂടി നല്കാമെന്നാണ് സംഘം ആവശ്യപ്പെട്ടത്. ഇങ്ങനെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി എഞ്ചിനീയർക്ക് മനസിലായത്. വൈകാതെ പൊലീസിന് ഈ വിവരങ്ങള് ചൂണ്ടിക്കാട്ടി പരാതി നല്കുകയായിരുന്നു. വാട്ട്സാപ്പിലുടെയും ടെലഗ്രാമിലൂടെയും വരുന്ന തൊഴിൽ വാഗ്ദാനങ്ങൾ വിശ്വസിക്കാനാകില്ല. നിലവിലെ ജോലിയുടെ കൂടെ മറ്റൊരു വരുമാന മാർഗം തേടുന്നവർ നിരവധിയാണ്. ഇത് മനസിലാക്കിയാണ് തട്ടിപ്പ് സംഘം സജീവമാകുന്നത്. ഓൺലൈൻ ടാസ്‌ക് തട്ടിപ്പ് അല്ലെങ്കിൽ പാർട്ട് ടൈം ജോലി തട്ടിപ്പ് രാജ്യത്തുടനീളം വ്യാപിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Also: 'സ്വിഗ്ഗി, സൊമാറ്റോയെക്കാള്‍ വിലക്കുറവ്' : സർക്കാരിന്‍റെ ഒഎൻഡിസി പ്ലാറ്റ്ഫോം ഹിറ്റ്.!
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം