ആപ്പിള്‍ ഉത്പന്നങ്ങള്‍ വേണ്ടെന്ന് സുക്കര്‍ബര്‍ഗ്

By Web TeamFirst Published Nov 15, 2018, 4:44 PM IST
Highlights

ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നേരിട്ടാണ് ആപ്പിള്‍ നിരോധനം ഫേസ്ബുക്കില്‍ നടപ്പിലാക്കുന്നത് എന്നാണ് വിവരം

ഐഫോണും ഐപാഡും അടക്കം ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് വിലക്ക്. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നേരിട്ടാണ് ആപ്പിള്‍ നിരോധനം ഫേസ്ബുക്കില്‍ നടപ്പിലാക്കുന്നത് എന്നാണ് വിവരം. ഇത് സംബന്ധിച്ച് ശക്തമായ നിര്‍ദേശം  ഫേസ്ബുക്കില്‍ നടപ്പിലാക്കി വരുന്നു എന്നാണ് അന്താരാഷ്ട്ര ടെക് മാധ്യമങ്ങള്‍ പറയുന്നത്. അടുത്തിടെ ഫേസ്ബുക്ക് സ്വകാര്യത സംബന്ധിച്ച് ആപ്പിള്‍ മേധാവി ടിം കുക്കിന്‍റെ പ്രതികരണമാണ് സുക്കര്‍ബര്‍ഗിനെ ചൊടിപ്പിച്ചത് എന്നാണ് സിലിക്കണ്‍വാലിയിലെ വര്‍ത്തമാനം.

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍പ്പെട്ട  ഫേസ്ബുക്കിനെക്കുറിച്ചാണ് ഒരു അഭിമുഖത്തിനിടെ ആപ്പിള്‍ തലവന്‍ ടിം കുക്ക് പ്രതികരിച്ചത്. ഇത്തരം ഒരു വിവാദത്തിന്‍റെ സമയത്ത് താങ്കളാണ് ഫേസ്ബുക്ക് മേധാവിയായിരുന്നെങ്കില്‍ എന്ത് ചെയ്യും എന്നായിരുന്നു ചോദ്യം. ഇത്തരം ഒരു വിവാദമേ ഉണ്ടാകില്ലെന്നാണ് ഇതിന് കുക്ക് നല്‍കിയ മറുപടി. 

ഈ പ്രതികരണം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സുക്കര്‍ബര്‍ഗ് കടുത്ത തീരുമാനങ്ങളുമായി രംഗത്ത് എത്തിയത്. ഫേസ്ബുക്കിലെ മാനേജ്മെന്‍റ് തലത്തിലുള്ളവര്‍ ഇനി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍റെ നിര്‍ദേശം. എന്നാല്‍ ഫേസ്ബുക്കിനെ ലക്ഷ്യം വച്ച് ടിം കുക്ക് ഇത് ആദ്യ തവണയല്ല ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നത് എന്നതാണ് പ്രധാനകാര്യം.

മുന്‍പ് ഫേസ്ബുക്കിനെ അതിന്‍റെ സ്വകാര്യത നിയന്ത്രണത്തിന്‍റെ പേരില്‍ ടിം കുക്ക് വിമര്‍ശിച്ചിരുന്നു. 2014 ല്‍ ഫേസ്ബുക്ക് സൗജന്യമാണെന്നത് ഒരു ബാധ്യതയാണെന്ന തരത്തിലും ടിം കുക്ക് പ്രതികരിച്ചിരുന്നു. 

click me!