വേനലവധി ആഘോഷിക്കാൻ തിരക്കില്ലാത്ത ഇടങ്ങൾ വേണോ? ഇന്ത്യയിലെ ഈ 'ഹിഡൻ ജെമ്മുകൾ' പരീക്ഷിക്കാം

Published : Feb 19, 2026, 05:14 PM IST
India

Synopsis

വേനൽകാലവും വേനൽകാല അവധികളുടെയും കാലമാണ് വരാനിരിക്കുന്നത്. തിരക്കുകളിൽ നിന്ന് മാറി ഫാമിലിയായും അല്ലാതെയും യാത്ര ചെയ്യാനുള്ള സമയം കൂടിയാണ് ഇത്. അങ്ങനെയെങ്കിൽ സ്ഥിരം പോകാറുള്ള മൂന്നാ‍ർ, ഊട്ടി, കശ്മീ‍ർ മണാലിയുമൊക്കെ മാറ്റിപ്പിടിച്ചാലോ.. 

വേനൽക്കാലം എത്തിക്കഴിഞ്ഞു! അവധിക്കാലം ആഘോഷിക്കാൻ എല്ലാവരും പ്ലാൻ ചെയ്യുന്ന തിരക്കിലായിരിക്കും. എന്നാൽ സ്ഥിരം പോകാറുള്ള മൂന്നാറിലും ഊട്ടിയിലും കശ്മീരിലും പോയി ആൾക്കൂട്ടത്തിനിടയിൽ പെടാൻ ഇത്തവണ നിൽക്കണ്ട. മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ നൽകുന്ന, എന്നാൽ വിനോദസഞ്ചാരികളുടെ വലിയ തിരക്കില്ലാത്ത ചില 'അൺ എക്സ്പ്ലോർഡ്' ഡെസ്റ്റിനേഷനുകൾ ഇന്ത്യയിലുണ്ട്. പ്രകൃതിഭംഗിയും ശാന്തതയും ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഇന്ത്യയിലെ ആറ് മനോഹരമായ ഹിൽ സ്റ്റേഷനുകൾ പരിചയപ്പെടാം.

ഏർക്കാട്

തമിഴ്നാട്ടിലെ ഏർക്കാട്, ഷെവറോയ് മലനിരകളിൽ സ്ഥിതിചെയ്യുന്ന ശാന്തമായ ഹിൽ സ്റ്റേഷനാണ് ഏ‍ർക്കാട്. ബജറ്റിനുള്ളിൽ തന്നെ യാത്ര ചെയ്യാൻ കഴിയുന്ന ഇവിടെ താരതമ്യേന തിരക്ക് കുറവാണ്. വേനൽക്കാലത്ത് മനോഹരമായ കാലാവസ്ഥയുള്ളതിനാൽ 'Poor Man’s Ooty' അല്ലെങ്കിൽ 'പാവങ്ങളുടെ ഊട്ടി' എന്നാണ് ഏ‍ർക്കാടിനെ വിളിക്കാറുള്ളത്. തമിഴ്നാട്ടിലെ സേലം ജില്ലയിലുള്ള ഏ‍ർക്കാട് സമു​ദ്ര നിരപ്പിൽ നിന്ന് 4969 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സൺസെറ്റ് വ്യൂ പോയിന്റായ 'ലേഡീസ് സീറ്റ്', സൺറൈസ് സ്പോട്ടായ പഗോഡ പോയിൻ്റ്, കിളിയൂർ വെള്ളച്ചാട്ടം, അന്ന പാർക്ക്, ഷെവറോയ് ഹിൽസ് തുടങ്ങിയവയെല്ലാം പ്രധാന ഇടങ്ങളാണ്. സേലത്ത് നിന്ന് 30 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്.

യേലഗിരി

തമിഴ്‌നാട്ടിലെ വെല്ലോർ ജില്ലയിലെ ചെറിയൊരു ശാന്തമായ ഹിൽ സ്റ്റേഷനാണ് യേലഗിരി. ഊട്ടി, കൊടൈക്കനാൽ എന്നിവയ്ക്ക് ബദലായ ഒരു അപൂർവ്വ ഇടം. ശാന്തമായ വേനൽ അവധിക്കായി ഏറ്റവും അനുയോജ്യമാണ് യേലഗിരി. സ്വാമിമലൈ ഹിൽസ്, പുങ്കനൂർ തടാകം, ജലകം​പാറെ വെള്ളച്ചാട്ടം, വേലവൻ ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ആക‍ർഷണമാണ്.

സക്ലേശ്പുർ

പശ്ചിമഘട്ടത്തിലെ ഒരു 'ഹിഡൻ ജെം' എന്ന് പറയാനാകും ക‍ർണാടകയിലെ സക്ലേശ്പുരിനെ കുറിച്ച്. കാപ്പി തോട്ടങ്ങളും, പച്ചപ്പും തണുത്ത കാലാവസ്ഥയും നിറഞ്ഞ ഇവിടം ഒരു പീസ്ഫുൾ ഹിൽ സ്റ്റേഷനാണ്. കൂർ​ഗ് അല്ലേങ്കിൽ ചിക്ക്മാഗളൂറിനേക്കാൾ വാണിജ്യവൽക്കൃതമല്ലാത്തതിനാൽ പൊതുവെ ടൂറിസ്റ്റുകൾ കുറവാണ് ഇവിടെ. ബിസ്ലെ ഘട്ട്, മഞ്ജരാബാദ് കോട്ട, സക്‌ലേഷ്പൂർ കോഫി പ്ലാന്റേഷൻ, ഹേമാവതി റിസർവോയർ, പുഷ്പഗിരി വന്യജീവി സങ്കേതം എന്നിവടങ്ങളാണ് പ്രധാന ആക‍ർഷണങ്ങൾ.

ആ​ഗുംബേ

സൗത്ത് ഇന്ത്യയുടെ ചിറാപൂഞ്ചി എന്നറിയപ്പെടുന്ന ഇടമാണ് ക‍ർണാടകയിലെ ആ​ഗുംബേ. വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങുകളും കൊണ്ട് ശ്രദ്ധേയമായ ഈ കർണാടകൻ മലനാടൻ ​ഗ്രാമം ഇന്ത്യയിൽ തന്നെ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. ആർ കെ നാരായണന്റെ മാൽഗുഡി ഡേയിസിന്റെ പശ്ചാത്തലമാകുന്ന ​ഗ്രാമം എന്ന പ്രത്യേകത കൂടിയുണ്ട്. 'ദക്ഷിണേന്ത്യയിലെ ചെറുനീലഗിരി' എന്നപേരിലും ആ​ഗുംബേ അറിയപ്പെടുന്നുണ്ട്. പ്രകൃതിസ്നേഹികൾക്കും ട്രെക്കേഴ്സിനും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഇടമാണിത്.

മെച്ചുക

മഞ്ഞുമൂടിയ കിഴക്കൻ ഹിമാലയൻ കൊടുമുടികൾക്കിടയിൽ ഒതുങ്ങി നിൽക്കുന്ന താഴ്‌വരയാണ് അരുണാചൽ പ്രദേശിലെ മെച്ചുക. കുറച്ചധികം യാത്ര ചെയ്ത് പോകാൻ ആ​ഗ്രഹിക്കുന്നവ‍ർക്ക് പറ്റിയ ഇടം. മെച്ചുക അതിന്റെ പ്രകൃതി സൗന്ദര്യത്തിനും സാംസ്കാരിക പാരമ്പര്യത്തിനും പേരുകേട്ടതാണ്. മെംബ, ലിബോ ഗോത്രങ്ങൾ, അവരുടെ അതുല്യമായ ഉത്സവങ്ങളുടെ താഴ്‌വര കൂടിയായ ഇവിടം മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് പര്യവേക്ഷണം ചെയ്യപ്പെടാതെ തുടരുകയാണ്.

സിറോ വാലി

ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി നിൽക്കാൻ ആ​ഗ്രഹിക്കുന്നവ‍ർ പോന്നോളു അരുണാലിലെ സിറോ വാലിയിലേക്ക്... പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതികൾക്കും വിശാലമായ കാഴ്ചകൾക്കും പേരുകേട്ട ഈ താഴ്‌വര നമ്മേ അത്ഭുതപ്പെടുത്തും ടാരിൻ മത്സ്യക്കുളങ്ങൾ, ടാലി വാലി വന്യജീവി സങ്കേതം, കിലെ പഖോ, സീഖെ തടാകം എന്നിങ്ങനെ നീളുന്നു സിറോ വാലി. അപ്പോൾ മൂന്നാർ മുതൽ കശ്മീ‍രും, മണാലിയൊമൊക്കെ പ്ലാൻ ചെയ്യുന്നവ‍ർ വ്യത്യസ്തമായ, സഞ്ചാരികളുടെ കടന്നുകയറ്റമില്ലാത്ത ശാന്തമായ ഈ ഇടങ്ങളിലേക്കു കൂടി ഇത്തവണത്തെ വേനലവധിക്ക് പര്യവേക്ഷണം നടത്താം.

PREV
Read more Articles on
click me!

Recommended Stories

ജനുവരി മുതൽ ഡിസംബർ വരെ; ഓരോ മാസവും യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ
നീലത്തടാകം, ചുറ്റും പുൽമേടും പൈൻമരങ്ങളും; ഊട്ടിയുടെ ഹൃദയമായ അവലാഞ്ചിയിലേക്ക് ഒരു യാത്ര പോയാലോ?