ട്രെയിൻ ഒരു മിനിറ്റ് വൈകിയെത്തിയതിന് പിഴയിട്ടു; റെയിൽവേക്കെതിരെ കേസുകൊടുത്ത് ലോക്കോ പൈലറ്റ്

By Web TeamFirst Published Nov 11, 2021, 11:27 AM IST
Highlights

ട്രെയിൻ വൈകിയ ആ ഒരു മിനിട്ടു നേരം കമ്പനിക്ക് ഉപയോഗപ്രദമായിരുന്നില്ല(productive) എന്ന് ചൂണ്ടിക്കാണിച്ച് ആ ഒരു മിനിട്ടു നേരത്തെ ശമ്പളമാണ് ഏകദേശം കണക്കാക്കി കമ്പനി ലോക്കോ പൈലറ്റിന്റെ ശമ്പളത്തിൽ നിന്ന് പിടിച്ചത്.

ട്രെയിൻ ജീവനക്കാർക്കിടയിൽ ഒരു ആശയക്കുഴപ്പമുണ്ടാവുക. അതിന്റെ പിന്നാലെ, തീവണ്ടി(Train running late ) ഒരു മിനിറ്റ് വൈകി ഓടിയെത്തുക. അതിന്റെ പേരിൽ ലോക്കോ പൈലറ്റിന്(loco pilot) പിഴയിടുക. അതിൽ അഭിമാനക്ഷതം തോന്നി ലോക്കോ പൈലറ്റ് തന്റെ തൊഴിൽദാതാവായ റെയിൽവെ കമ്പനിയെ കോടതി കയറ്റുക. കേൾക്കുമ്പോൾ നമുക്കൊക്കെ അമ്പരപ്പുണ്ടാക്കാം എങ്കിലും ഇതൊക്കെ നടന്ന കാര്യങ്ങൾ മാത്രമാണ്. ഇവിടെ ഇന്ത്യയിൽ അല്ല, അങ്ങ് ജപ്പാനിൽ(Japan) ആണെന്ന് മാത്രം. ഇവിടെ നമ്മുടെ നാട്ടിൽ മണിക്കൂറുകൾ തീവണ്ടി വൈകിയോടുക എന്നത് തികച്ചും സ്വാഭാവികമായ ഒരു പതിവ് മാത്രമാണെങ്കിൽ അങ്ങ് ജപ്പാനിലെ റെയിൽവേയ്സ്(Japan Railways) അതിന്റെ സമയനിഷ്ഠയുടെ കാര്യത്തിൽ വിശ്വപ്രസിദ്ധമാണ്. ഒരു മിനിറ്റിന്റെ കാലതാമസം പോലും ട്രെയിൻ ഷെഡ്യൂളിന്റെ കാര്യത്തിൽ അവിടെ സ്വീകാര്യമല്ല. അതാണ് ഇങ്ങനെ ഒരു പിഴ ഈടാക്കൽ ഉണ്ടാവാൻ കാരണമായത്. 

2020 ജൂണിൽ ആണ് ഈ വിവാദാസ്പദമായ സംഭവം ഉണ്ടാവുന്നത്.ലോക്കോ പൈലറ്റ് ട്രെയിൻ കൊണ്ട് നിർത്തിയത് തെറ്റായ പ്ലാറ്റ്ഫോമിൽ ആയിരുന്നു. കൊണ്ട് നിർത്തി സെക്കൻഡുകൾക്കുള്ളിൽ തന്നെ തന്റെ തെറ്റുമനസ്സിലാക്കിയ പൈലറ്റ് ഒരു മിനിറ്റിനുള്ളിൽ ട്രെയിൻ ശരിയായ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുകയും, സർവീസ് പുനരാരംഭിക്കുകയും ചെയ്തു എങ്കിലും, ആ പ്ലാറ്റ്ഫോമിലെ ക്ളോക്ക് പ്രകാരം ട്രെയിൻ പുറപ്പെടാൻ ഒരു മിനിറ്റോളം വൈകിയിരുന്നു. ട്രെയിൻ വൈകിയ ആ ഒരു മിനിട്ടു നേരം കമ്പനിക്ക് ഉപയോഗപ്രദമായിരുന്നില്ല(productive) എന്ന് ചൂണ്ടിക്കാണിച്ച് ആ ഒരു മിനിട്ടു നേരത്തെ ശമ്പളമാണ് ഏകദേശം കണക്കാക്കി കമ്പനി ലോക്കോ പൈലറ്റിന്റെ ശമ്പളത്തിൽ നിന്ന് പിടിച്ചത്. "no work, no pay principle" വളരെ കർശനമായി പിന്തുടരുന്ന ജാപ്പനീസ് സ്ഥാപനങ്ങളിൽ ഒന്നാണ് അവിടത്തെ റെയിൽവേയ്സ്. ട്രെയിൻ അഞ്ചു മിനിറ്റിൽ കൂടുതൽ വൈകി ഓടുകയാണെങ്കിൽ അതിലെ സകല യാത്രക്കാർക്കും ' ഡിലെ സർട്ടിഫിക്കറ്റ്' (Delay Certificate)കൊടുക്കുന്ന പതിവും ജപ്പാനിലെ റെയിൽവേക്കുണ്ട്. ഈ സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമേ അതാത് ഓഫീസുകളിൽ തങ്ങൾ വൈകി എത്തിയതിനെ അവിടത്തെ ജീവനക്കാർക്ക് സാധൂകരിക്കാൻ കഴിയൂ എന്നതാണ് അതിനു കാരണം. 

എന്നാൽ, സമയനിഷ്ഠയ്ക്ക് എന്ന പോലെ ആത്മാഭിമാനത്തിനും ഏറെ പ്രസിദ്ധമായ ഒരു നാടാണ് ജപ്പാൻ. 'ലോക്കോപൈലറ്റിന്റെ കർമ്മശേഷിക്കുറവുകൊണ്ടാണ് ട്രെയിൻ വൈകി ഓടിയെത്തിയത്' എന്ന ആരോപണം കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായതും, അതിന്റെ പേരിൽ മാസാവസാനം ശമ്പളത്തിൽ നിന്ന് തീരെ നിസ്സാരമായതെങ്കിലും ( 0.49 ഡോളർ, അതായത് ഏകദേശം 37 ഇന്ത്യൻ രൂപ) ഒരു തുക പിഴയായി ഈടാക്കപ്പെട്ടതും ഈ റെയിൽവേ ജീവനക്കാരന് വളരെയധികം അപമാനജനകമായി തോന്നി. അയാൾക്കുണ്ടായ അഭിമാനക്ഷതമാണ്  അയാൾ ഇതിന്റെ പേരിൽ റെയിൽവേസിനെ കോടതി കയറ്റാൻ കാരണമായത്. ജീവനക്കാരനിൽ നിന്ന് പിടിച്ചത് ഒരു ഡോളറിൽ താഴെയുള്ള തുകയാണ് എങ്കിലും, ഇപ്പോൾ ജീവനക്കാരൻ നൽകിയ മാനനഷ്ടക്കേസിൽ നഷ്ടപരിഹാരമായി റെയിൽവേയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത് ഏകദേശം $19,407 ആണ്. അതായത് ഏകദേശം പതിനഞ്ചു ലക്ഷത്തോളം രൂപ. ഒരു മിനിറ്റ് വൈകിയാണ് പ്ലാറ്റ്ഫോമിലേക്ക് ഓടിയെത്തിയത് എങ്കിലും ആ ട്രെയിൻ അപ്പോൾ കാലിയായിരുന്നു എന്നതുകൊണ്ട് ആർക്കും ഒരു സമയ നഷ്ടവും ഉണ്ടായിട്ടില്ല എന്നും അയാൾ ഒക്കായാമ കോടതിയെ ബോധിപ്പിച്ചു.

click me!