ആര്‍ട്ടിക് പോളാറിലേക്ക് മലയാളി; തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഗീതു

By Web TeamFirst Published Jan 8, 2020, 8:45 AM IST
Highlights

ആലുവ മുപ്പത്തടം സ്വദേശിനി ഗീതു മോഹന്‍ ദാസിനെ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയുള്ള വിജയിയായി ഫിയല്‍ റാവന്‍ പ്രഖ്യാപിച്ചു. നേരത്തെ ഓണ്‍ലൈന്‍ വോട്ടിംഗ് മുഖേനെയുള്ള വിജയികളുടെ പ്രഖ്യാപനം നീട്ടിയിരുന്നു. മത്സരാര്‍ത്ഥികള്‍ വലിയ രീതിയില്‍ വിദ്വേഷ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു തീരുമാനം. 

ആലുവ: സ്വീഡിഷ് കമ്പനിയായ ഫിയല്‍ റാവന്‍റെ ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനിലേക്ക് ഗീതു മോഹന്‍ ദാസിനെ തെരഞ്ഞെടുത്തു. നേരത്തെ ഓണ്‍ലൈന്‍ വോട്ടിംഗ് മുഖേനെയുള്ള വിജയികളുടെ പ്രഖ്യാപനം നീട്ടിയിരുന്നു. മത്സരാര്‍ത്ഥികള്‍ വലിയ രീതിയില്‍ വിദ്വേഷ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ആലുവ മുപ്പത്തടം സ്വദേശിനി ഗീതു മോഹന്‍ ദാസിനെ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയുള്ള വിജയിയായി ഫിയല്‍ റാവന്‍ പ്രഖ്യാപിച്ചു. 

ലോക രാജ്യങ്ങളെ പത്ത് സോണുകളായി തിരിച്ച് നടത്തിയ ഓണ്‍ലൈന്‍ വോട്ടിംഗില്‍ വേള്‍ഡ് കാറ്റഗറിയിലാണ് ഗീതുമോഹന്‍ ദാസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ബെംഗലുരുവില്‍ ഹാര്‍ഡ്‍വെയര്‍ എന്‍ജിനിയറാണ് ഗീതു. ഉത്തരവാദിത്ത ടൂറിസ കൂട്ടായ്മയായ ലെറ്റ്സ് ഗോ ഫോര്‍ ക്യാംപിന്‍റെ അമരക്കാരി കൂടിയാണ് ഗീതു. സ്വീഡന്‍, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലൂടെ കടന്നുപോവുന്ന 300 കിലോമീറ്ററാണ് പോളാര്‍ യാത്ര. അഞ്ച് ദിവസമാണ് ഫിയല്‍ റാവന്‍ പോളാര്‍ ഏക്സ്പെഡിഷന്‍. ആദ്യമായാണ് ഒരു ഇന്ത്യൻ പെൺകുട്ടി ഫിയല്‍ റാവന്‍ പോളാറിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 

എന്നാല്‍ നിയമാവലിയില്‍ നിന്ന് വ്യതിചലിച്ച് തെറ്റായ രീതിയില്‍ വന്‍ രീതിയില്‍ പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ യാത്രയുടെ മൂല്യങ്ങളെ ബഹുമാനിക്കാതെയുള്ള ഇത്തരം പ്രചാരണങ്ങളെപ്പറ്റി നിരവധിപ്പേരാണ് പരാതിപ്പെട്ടതെന്ന് ഫിയല്‍ റാവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് ഫിയല്‍ റാവന്‍ കമ്പനിക്ക് ധാരണയുണ്ട്. വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ടാണ് ഫിയല്‍ റാവന്‍ വിജയികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും സാഹസികമായ യാത്രകളില്‍ ഒന്നായ ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന്‍. ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന്‍ എന്നത് സാഹോദര്യം, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള മത്സരമാണെന്ന് ഫിയല്‍ റാവന്‍ വിശദമാക്കി. മത്സരത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വന്നവര്‍ക്ക് അഭിനന്ദനങ്ങള്‍, അവരുടെ പ്രചാരണങ്ങള്‍ ഈ യാത്രയെ വീണ്ടും ആളുകളുടെ ശ്രദ്ധയിലേക്ക് എത്തിച്ചുവെന്നും അറിയിപ്പില്‍ ഫിയല്‍ റാവന്‍ വ്യക്തമാക്കി. 
 

click me!