Latest Videos

'വെറും രണ്ടേ രണ്ട് വർഷം, ഖജനാവിലേക്ക് ഒഴുകിയെത്തിയത് 10 കോടിയിലേറെ രൂപ'; വമ്പൻ ഐഡിയ, ബമ്പർ ഹിറ്റ്!

By Web TeamFirst Published Oct 31, 2023, 5:34 PM IST
Highlights

റെസ്റ്റ് ഹൗസുകൾ വികസിപ്പിക്കുന്ന പദ്ധതി രണ്ടുവർഷം ആകുമ്പോൾ വകുപ്പിന്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ വൻ വിജയമായി. രണ്ടു വർഷത്തിനിടെ പത്തുകോടിയിൽ അധികം രൂപയാണ് റസ്റ്റ് ഹൗസുകളിൽ നിന്നുണ്ടായ വരുമാനം.

കൊച്ചി: ഫോർട്ടുകൊച്ചി റസ്റ്റ് ഹൗസ് മന്ദിരങ്ങളുടെ നവീകരണ പ്രവർത്തനോദ്ഘാടനം  പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ടുകൊച്ചിയിൽ 1.45 കോടി രൂപ ചെലവിലാണ് ബീച്ചിനു സമീപത്തെ രണ്ടു മന്ദിരങ്ങൾ ഉൾപ്പെടുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസ് മന്ദിരങ്ങളുടെ തനിമ നിലനിർത്തിക്കൊണ്ടു നവീകരണം നടപ്പാക്കുന്നത്. 1962ൽ നിർമ്മിച്ച പഴയ കെട്ടിടം പുതുക്കി ഫുഡ് സെന്റർ ആക്കുന്നതും  2006ൽ പണിത കെട്ടിടത്തിലെ മുറികളുടെ പുനരുദ്ധാരണവും ഉൾപ്പെടെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നു.

കേരളപ്പിറവിദിന സമ്മാനമാണ് റസ്റ്റ് ഹൗസ് നവീകരണ പദ്ധതിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളപ്പിറവി ദിനം പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. രണ്ടുവർഷം മുമ്പ് കേരളപ്പിറവി ദിനത്തിലാണ് പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറ്റുന്നത്. ഓൺലൈൻ ബുക്കിംഗിലൂടെ റസ്ററ് ഹൗസ് മുറികൾ ജനങ്ങൾക്കും എളുപ്പത്തിൽ ലഭ്യമായി.

റെസ്റ്റ് ഹൗസുകൾ വികസിപ്പിക്കുന്ന പദ്ധതി രണ്ടുവർഷം ആകുമ്പോൾ വകുപ്പിന്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ വൻ വിജയമായി. രണ്ടു വർഷത്തിനിടെ പത്തുകോടിയിൽ അധികം രൂപയാണ് റസ്റ്റ് ഹൗസുകളിൽ നിന്നുണ്ടായ വരുമാനം. സംസ്ഥാന ടൂറിസം മേഖലയ്ക്ക് ഉൾപ്പെടെ ഇത് വലിയ ഊർജ്ജം പകർന്നു.

എട്ടു റസ്റ്റ് ഹൗസുകൾ നവീകരിക്കാൻ 20 കോടി രൂപ ഇതിനകം അനുവദിച്ചതായി മന്ത്രി റിയാസ് പറഞ്ഞു. ഫോർട്ടുകൊച്ചിയിലെ കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൊൻമുടി, പാലക്കാട്ടെ തൃത്താല, വയനാട്ടിലെ  
മേപ്പാടി, കണ്ണൂരിലെ മട്ടന്നൂർ റസ്റ്റ് ഹൗസുകൾ കൂടി നവീകരിക്കും. പുറമെ എല്ലാ റസ്റ്റ് ഹൗസുകളും ഘട്ടംഘട്ടമായി വികസിപ്പിച്ച് നിലവാരം കൂട്ടും. വിനോദ സഞ്ചാര മേഖലയ്ക്ക് പരസ്‌പര പൂരകമാമാകും വിധമാണ് റസ്റ്റ് ഹൗസ് നവീകരണം ഉദ്ദേശിക്കുന്നത്.

റോഡ്, പാലം പോലെ പ്രധാന ശ്രദ്ധ നൽകുന്ന കെട്ടിട നിർമ്മാണ മേഖലയിൽ കോമ്പോസിറ്റ് ടെണ്ടർ രീതി കൊണ്ടുവരാനായത് ഏറെ പ്രയോജനപ്രദമായി. ഇങ്ങനെ ഓരോ മേഖലയിലും മാറ്റങ്ങൾക്കു വേണ്ടിയാണ് ശ്രമം. ദേശീയ പാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, കിഫ്‌ബി പദ്ധതികൾ എന്നിങ്ങനെ പശ്ചാത്തല വികസനമേഖലയിൽ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ജന പിന്തുണയോടെ എല്ലാ പദ്ധതികളും  സമയബന്ധിതമായി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ശ്രദ്ധിക്കുന്നതെന്നും മന്ത്രി മുഹമദ് റിയാസ് പറഞ്ഞു.

ഫോർട്ടുകൊച്ചി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്ന റസ്റ്റ് ഹൗസ് നവീകരണോദ്ഘാടനത്തിൽ കെ ജെ മാക്സി എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ എം അനിൽകുമാർ മുഖ്യാതിഥിയായി. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ജെസ്സിമോൾ ജോഷ്വ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീബാ ലാൽ, പ്രിയ പ്രശാന്ത്, കൗൺസിലർമാരായ ആന്റണി കുരിത്തറ, ബെനഡിക്ട് ഫെർണാണ്ടസ്, വിവിധ കക്ഷി നേതാക്കളായ കെഎം റിയാദ്, വി എച്ച് ഷിഹാബ് , എം കെ അബ്ദുൽ ജലീൽ, എം എം ഫ്രാൻസിസ്, പി എ ഖാലിദ്, കെ വി ജോൺസൺ, സേവ്യർ കണ്ണമാലി, ടി എം ഇസ്മായിൽ, പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിങ്ങ് എൻജിനീയർ വി കെ ശ്രീമാല,  അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ ജി സന്ധ്യ എന്നിവർ സംസാരിച്ചു.

'കല്യാണവും വേണ്ട കുട്ടികളും വേണ്ട'; നാരായണ മൂർത്തിയുടെ 70 മണിക്കൂർ ജോലി നിര്‍ദേശത്തോട് പ്രതികരിച്ച് ഡോക്ടർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!