Latest Videos

12.75 കിമീ നീളത്തിൽ നിലം തൊടില്ല, വാഹനങ്ങൾ പറക്കും, രാജ്യത്തെ തന്നെ വമ്പൻ കേരളത്തിന്‍റെ ഈ സൂപ്പർ ആകാശപ്പാത!

By Web TeamFirst Published Feb 26, 2024, 5:15 PM IST
Highlights

24 മീറ്റര്‍ വീതിയിലാണ് അരൂര്‍ – തുറവൂര്‍ ആകാശപ്പാത. ഈ ഭാഗത്ത് ആകെ 30 മീറ്റര്‍ വീതിയിലാണു ദേശീയപാതയ്‌ക്കു ഭൂമിയുള്ളത്. ആകെ 12.75 കിലോമീറ്റര്‍ നീളം ഉണ്ടാകും ഈ സൂപ്പർ റോഡിന്. 

ദേശീയപാത 66ന്‍റെ നിർമ്മാണം സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പുരോഗമിക്കുകയാണ്. ബൈപ്പാസുകളും ആകാശപ്പാതകളുമൊക്കെയായി സംസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റിക്കൊണ്ടാണ് സൂപ്പർ റോഡ് ഒരുങ്ങുന്നത്. പുതിയ ദേശീയ പാതയുടെ ഭാഗമായി അരൂര്‍ – തുറവൂര്‍ ഭാഗത്ത് ഉയരപ്പാത നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതാ അരൂര്‍ – തുറവൂര്‍ ആകാശപ്പാതയുടെ ചില വിശേഷങ്ങൾ.

24 മീറ്റര്‍ വീതിയിലാണ് അരൂര്‍ – തുറവൂര്‍ ആകാശപ്പാത. ഈ ഭാഗത്ത് ആകെ 30 മീറ്റര്‍ വീതിയിലാണു ദേശീയപാതയ്‌ക്കു ഭൂമിയുള്ളത്. ആകെ 12.75 കിലോമീറ്റര്‍ നീളം ഉണ്ടാകും ഈ സൂപ്പർ റോഡിന്. രാജ്യത്തെ തന്നെ ഒറ്റത്തൂണില്‍ നിര്‍മിക്കുന്ന ഏറ്റവും നീളം കൂടിയ ആറുവരി ഉയരപ്പാതയാണ് ഇവിടെ നിര്‍മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഉയരപാതയ്‌ക്കായി ആകെ അര ഏക്കറോളം സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടി വന്നത്. ആറു വരി ഉയരപാതയ്‌ക്കു പുറമേ ചേര്‍ത്തല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് വെണ്ടുരുത്തി പാലത്തിലേക്ക് ഇറങ്ങാനായി ഒരു റാംപും നിര്‍മിക്കുന്നുണ്ട്. 1,675 കോടി രൂപയുടേതാണ് നിര്‍മാണ കരാര്‍. ഉയരപ്പാതയ്‌ക്കായി ആകെ വേണ്ടത് 356 തൂണുകളാണ്. നിലവിലെ ദേശീയപാതയ്‌ക്ക് നടുവിലാണ് ഈ ഒറ്റത്തൂണുകൾ തയ്യാറാക്കുന്നത്. 

അതേസമയം ഈ ഉയരപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി നിലവിലെ പാതയ്ക്ക് കുറുകെയുള്ള വൈദ്യുതി കമ്പികൾ ഒഴിവാക്കി ഭൂമിക്ക് അടിയിലൂടെ കേബിളുകൾ സ്ഥാപിക്കുന്ന ജോലികൾ 75 ശതമാനത്തോളം പൂർത്തിയായി. പാതയ്ക്കു കുറുകെ 11 കെവി ലൈൻ പോകുന്ന കേബിളുകൾ ഭൂമി തുരന്നാണ് ഇടുന്നത്. ആകാശപ്പാത പൂർത്തിയാകുമ്പോൾ വൈദ്യുതക്കമ്പികൾ പാതയ്ക്കരികിലൂടെ പോകുന്നതിലെ സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് പാതയ്ക്കിരുവശവും കേബിളുകൾ സ്ഥാപിക്കുന്നത്.  അരൂർ മുതൽ തുറവൂർ വരെ 34 ഇടങ്ങളിലാണ് പാതയ്ക്കു കുറുകെ ഭൂഗർഭ കേബിളുകൾ ഇടുന്നത്. കുത്തിയതോട് വൈദ്യുതി സെക്ഷനു കീഴിൽ 13 ഇടത്തും അരൂർ വൈദ്യുതി സെക്ഷനു കീഴിൽ 21 ഇടത്തുമാണ് ഈ പ്രവൃത്തികൾ അവസാനഘട്ടത്തിലേക്കെത്തുന്നത്. കുത്തിയതോട് വൈദ്യുതി സെക്ഷൻ പരിധിയിൽ തുറവൂർ മുതൽ വടക്കോട്ട് പാതയോരത്തുള്ള വൈദ്യുതി കമ്പികൾ മാറ്റി പോസ്റ്റിൽത്തന്നെ കേബിളുകൾ സ്ഥാപിക്കുന്ന ജോലിയും നടക്കുന്നുണ്ട്.
 

click me!