10 ദിവസം രാജ്യത്ത് ചെലവിട്ടാല്‍ സൌജന്യ വാക്സിന്‍; വാക്സിന്‍ ടൂറിസവുമായി അര്‍മേനിയ

By Web TeamFirst Published Jul 21, 2021, 11:53 AM IST
Highlights

ദിവസങ്ങളോളം കാത്ത് നിന്ന് വിദേശ വിനോദ സഞ്ചാരികള്‍ സൌജന്യ വാക്സിന്‍ സ്വീകരിക്കുന്നത് വ്യാപകമായതോടെയാണ് വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വാകുന്ന നീക്കം അര്‍മേനിയ നടത്തിയത്

വാക്സിന്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനൊരുങ്ങി അര്‍മേനിയ. വാക്സിനെടുക്കാനായി രാജ്യത്ത് എത്തുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ഇത്തരമൊരു ചുവട് വയ്പിന് അര്‍മേനിയയെ പ്രോത്സാഹിപ്പിക്കുന്നത്. റഷ്യയുടെ സ്പുട്നിക്, ചൈനയുടെ കൊറോണവാക്, അസ്ട്രസെനക്കയുടെ വാക്സിന്‍ എന്നിവയാണ് നിലവില്‍ അര്‍മേനിയയില്‍ കൊവിഡ് പ്രതിരോധത്തിനായി നല്‍കുന്നത്. വിദേശത്ത് നിന്നുള്ള സഞ്ചാരികള്‍ക്ക് തുടക്കത്തില്‍ സൌജന്യമായി അര്‍മേനിയ വാക്സിന്‍ നല്‍കിയിരുന്നു.

ജൂണ്‍ മാസത്തില്‍ മാത്രം 8500 ഇറാനിയന്‍ പൌരന്മാര്‍ അര്‍മേനിയയില്‍ എത്തി വാക്സിന്‍ സ്വീകരിച്ചെന്നാണ് അര്‍മേനിയയിലെ വിനോദ സഞ്ചാര വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മെയ് മാസത്തില്‍ 5000 പേരാണ് അര്‍മേനിയയില്‍ എത്തി വാക്സിനെടുത്തത്. വാക്സിന്‍ ഫ്രീ ഷോട്ടുകള്‍ എടുക്കാനായി ഇന്ത്യയില്‍ നിന്നും ആളുകള് എത്തുന്നുണ്ടെന്നാണ് അര്‍മേനിയയിലെ കണക്കുകള്‍ വിശദമാക്കുന്നത്. വാക്സിന്‍ ടൂറിസത്തിനായ പ്രത്യേക പദ്ധതികള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും അത് സംഭവിച്ചുപോയതാണെന്നുമാണ് അര്‍മേനിയയുടെ ടൂറിസം കമ്മിറ്റി ഡെപ്യൂട്ടി ഹെഡ് അല്‍ഫ്രെഡ് കൊച്ചറിയാന്‍ വ്യക്തമാക്കുന്നത്.

വാക്സിന് വേണ്ടിയുള്ള ഡിമാന്‍ഡ് കൂടിയത് ട്രാവല്‍ ഏജന്‍സികള്‍ക്കും പ്രോത്സാഹനം നല്‍കുന്നതായി അധികൃതര്‍ വിശദമാക്കുന്നു. അര്‍മേനിയുടെ തലസ്ഥനമായ യെരെവാനിലെ മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കാനായി ദിവസങ്ങളോളമാണ് ഇറാനിയന്‍ വിനോദസഞ്ചാരികള്‍ കാത്തുനില്‍ക്കുന്നത്. ഇതോടെയാണ് വാക്സിന്‍ നയങ്ങളില്‍ ടൂറിസത്തിനുള്ള സാധ്യത അര്‍മേനിയ കണ്ടെത്തിയത്.  

ഇനിമുതല്‍ വാക്സിന്‍ ലഭിക്കണമെങ്കില്‍ പത്ത് ദിവസം രാജ്യത്ത് ചെലവിട്ടാല്‍ മാത്രമേ വിനോദസഞ്ചാരികള്‍ക്ക് വാക്സിന്‍ നല്‍കൂവെന്നാണ് അര്‍മേനിയ വിശദമാക്കുന്നത്. 83 ദശലക്ഷം ആളുകളുള്ള ഇറാനില്‍ ഇതിനോടകം 87161 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാന്‍റെ ജനസംഖ്യയുടെ 2.7 ശതമാനം ആളുകള്‍ക്ക് മാത്രമാണ് വാക്സിന്‍റെ രണ്ട് ഷോട്ടും ലഭിച്ചിട്ടുള്ളതെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!