
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ തായ്ലന്‍ഡ് തങ്ങളുടെ വിസ നയങ്ങളില്‍ വലിയ മാറ്റത്തിനൊരുങ്ങുന്നു. കോവിഡിന് ശേഷമുള്ള ടൂറിസം മേഖലയുടെ വീണ്ടെടുപ്പിനായി ഏര്‍പ്പെടുത്തിയ 60 ദിവസത്തെ സൗജന്യ വിസ ആനുകൂല്യം തായ്ലന്‍ഡ് നിര്‍ത്തലാക്കുകയാണ്. വിദേശികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും അനധികൃത ജോലികളും വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ഈ കര്‍ശന നടപടി. പുതിയ നിയമപ്രകാരം സൗജന്യ വിസ കാലാവധി 30 ദിവസമായി ചുരുങ്ങും. ഓസ്ട്രേലിയ, സിംഗപ്പൂര്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇനി 30 ദിവസം മാത്രമേ വിസയില്ലാതെ തങ്ങാനാകൂ. ചില രാജ്യക്കാര്‍ക്ക് 'വിസ ഓണ്‍ അറൈവല്‍' രീതി വീണ്ടും നിര്‍ബന്ധമാക്കിയേക്കും.
നിലവില്‍ ഇന്ത്യക്കാര്‍ക്ക് തായ്ലന്‍ഡില്‍ 60 ദിവസത്തെ സൗജന്യ വിസ ആനുകൂല്യം ലഭിക്കുന്നുണ്ട്. പുതിയ പരിഷ്‌കാരത്തില്‍ ഇന്ത്യയിലെ സഞ്ചാരികള്‍ക്കുള്ള അവസ്ഥ എന്തായിരിക്കുമെന്നതില്‍ തായ് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ സഞ്ചാരികളും ടൂറിസം മേഖലയും അതീവ ഉറ്റുനോക്കുകയാണ്.
കുറഞ്ഞ ചെലവിലുള്ള അന്താരാഷ്ട്ര യാത്രകള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍, ഗ്രൂപ്പ് ടൂറിസം, നൈറ്റ് ലൈഫ് എന്നിവ കാരണം സമീപകാലത്ത് തായ്ലന്‍ഡിന്റെ ഏറ്റവും വലിയ വിനോദസഞ്ചാര വിപണിയായി ഇന്ത്യ മാറിയിരുന്നു. ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ തുടങ്ങിയ പ്രമുഖ തായ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസുകളും വര്‍ദ്ധിച്ചിരുന്നു. 2024-ലാണ് തായ്ലന്‍ഡ് തങ്ങളുടെ സൗജന്യ വിസ സൗകര്യം 57 രാജ്യങ്ങളില്‍ നിന്ന് 93 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ സൗകര്യപ്രദമായിരുന്നു. എന്നാല്‍, ഈ ഉദാരമായ വിസ നിയമങ്ങള്‍ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരും തദ്ദേശീയര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന തൊഴില്‍ മേഖലകളില്‍ അനധികൃതമായി ജോലി ചെയ്യുന്നവരും കൂടുന്നതായി തായ് അധികൃതര്‍ വ്യക്തമാക്കുന്നു.
തായ്ലന്‍ഡ് സമ്പദ്വ്യവസ്ഥയുടെ അഞ്ചിലൊന്നും ടൂറിസം മേഖലയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് ഇവിടുത്തെ ടൂറിസം മേഖല ഇനിയും പൂര്‍ണ്ണമായി തിരിച്ചെത്തിയിട്ടില്ല. പുതിയ സാഹചര്യത്തില്‍ തായ്ലന്‍ഡിന്റെ സാമ്പത്തിക ആസൂത്രണ ഏജന്‍സി 2026-ലെ വിദേശ വിനോദസഞ്ചാരികളുടെ വരവ് സംബന്ധിച്ച പ്രവചനം 3.5 കോടിയില്‍ നിന്ന് 3.2 കോടിയായി കുറച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.