
അപ്പോൾ ഗോവയ്ക്ക് ഒരു ട്രിപ്പ് പോകാൻ തീരുമാനിച്ചു, അല്ലേ? വെറുതെ ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രം പോരാ, എപ്പോൾ പോകണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മനോഹരമായ ബീച്ചുകൾ, അടിപൊളി നൈറ്റ് ലൈഫ്, പഴയ പോർച്ചുഗീസ് സംസ്കാരത്തിന്റെ ഓർമ്മകൾ... അങ്ങനെ ലോകമെമ്പാടും പ്രശസ്തമാണ് ഗോവ. പക്ഷേ, കാലാവസ്ഥയും തിരക്കും യാത്രാച്ചെലവും നിങ്ങളുടെ ഗോവൻ അനുഭവത്തെ മൊത്തത്തിൽ മാറ്റിമറിക്കും. തെറ്റായ സമയത്താണ് പോകുന്നതെങ്കിൽ ബീച്ചുകളോ യാത്രയോ ഒന്നും ശരിക്ക് ആസ്വദിക്കാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടാണ് എപ്പോഴും സീസണുകൾ മനസ്സിലാക്കി യാത്ര പ്ലാൻ ചെയ്യേണ്ടതിന് പ്രാധാന്യമുള്ളത്.
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഗോവ സന്ദർശിക്കാൻ ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. ഈ മാസങ്ങളിൽ കാലാവസ്ഥ വളരെ സുഖകരമായിരിക്കും. താപനില 20-30 ഡിഗ്രി സെൽഷ്യസിനിടയിലായിരിക്കും. അതുകൊണ്ട് തന്നെ ബീച്ചിലെ കളികളും മറ്റ് വിനോദങ്ങളുമെല്ലാം ഇരട്ടി ആവേശത്തോടെ ആസ്വദിക്കാം. ക്രിസ്മസ്, ന്യൂ ഇയർ സമയത്ത് ആഘോഷങ്ങളുടെ ഒരു പൂരമായിരിക്കും. പക്ഷേ, ആ സമയത്ത് തിരക്കും ചെലവും ഏറ്റവും കൂടുതലായിരിക്കുമെന്ന് ഓർക്കണം. അടിച്ചുപൊളിച്ച് ആഘോഷിക്കാൻ പറ്റിയ ഒരു ഗോവയാണ് നിങ്ങളുടെ മനസ്സിലുള്ളതെങ്കിൽ ഈ സമയം തിരഞ്ഞെടുക്കാം.
മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ഗോവയിൽ ചൂട് കൂടും. താപനില 35 ഡിഗ്രി വരെ ഉയരാം. അതുകൊണ്ട് തന്നെ ഈ സമയത്ത് വിനോദസഞ്ചാരികളുടെ എണ്ണം കുറവായിരിക്കും. ഇതിൻ്റെ പ്രധാന ഗുണം ഹോട്ടലുകളും ഫ്ലൈറ്റ് ടിക്കറ്റുമെല്ലാം കുറഞ്ഞ വിലയിൽ കിട്ടുമെന്നതാണ്. തിരക്കുകളിൽ നിന്നൊഴിഞ്ഞ്, ബജറ്റിലൊതുങ്ങുന്ന ഒരു ശാന്തമായ യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഈ സമയം തിരഞ്ഞെടുക്കാം. പക്ഷേ, പകൽ സമയത്തെ കറക്കം അൽപം ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് രാവിലെയും വൈകുന്നേരവും യാത്രകൾ പ്ലാൻ ചെയ്യുന്നതാണ് നല്ലത്.
ജൂൺ മുതൽ സെപ്റ്റംബർ വരെ ഗോവയിൽ മൺസൂൺ കാലമാണ്. ഈ സമയത്ത് ഗോവയാകെ പച്ചപ്പ് നിറഞ്ഞ് റൊമാന്റിക് മൂഡിലാകും. ബീച്ചിലെ വിനോദങ്ങൾക്ക് പല പരിമിതികളും ഉണ്ടാകുമെങ്കിലും, പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഇതൊരു പ്രത്യേക അനുഭവം തന്നെയായിരിക്കും. കുറഞ്ഞ തിരക്ക്, കുറഞ്ഞ ചെലവ്, ശാന്തമായ അന്തരീക്ഷം എന്നിവയാണ് ഈ സീസണിൻ്റെ പ്രധാന ആകർഷണം. കപ്പിൾസിനും സോളോ ട്രാവലേഴ്സിനും മഴക്കാലത്തെ ഗോവ തീർത്തും വ്യത്യസ്തവും മനോഹരവുമായ ഒരനുഭവമായിരിക്കും സമ്മാനിക്കുക.
അമിത തിരക്ക് ഒഴിവാക്കുകയും എന്നാൽ നല്ല കാലാവസ്ഥ വേണമെന്നും ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ, മാർച്ച് മാസങ്ങൾ തിരഞ്ഞെടുക്കാം. 'ഷോൾഡർ സീസൺ' എന്നറിയപ്പെടുന്ന ഈ സമയത്ത് കാലാവസ്ഥ സുഖകരമായിരിക്കും, അതേസമയം ചെലവുകൾ ഒരുപാട് കൂടുകയുമില്ല. വിനോദസഞ്ചാരികളുടെ വലിയ തിരക്കില്ലാതെ ഗോവയെ ശരിക്കും ആസ്വദിച്ച് കാണാൻ ഈ സമയം നിങ്ങളെ സഹായിക്കും.
പ്രധാന സീസണിലാണ് പോകുന്നതെങ്കിൽ ഹോട്ടലുകളും ഫ്ലൈറ്റും മുൻകൂട്ടി ബുക്ക് ചെയ്യാൻ മറക്കരുത്. സൺസ്ക്രീനും കനം കുറഞ്ഞ കോട്ടൺ വസ്ത്രങ്ങളും ബീച്ചിലേക്ക് പോകുമ്പോൾ കയ്യിൽ കരുതണം. ഗോവയിൽ ചുറ്റിക്കറങ്ങാൻ സ്കൂട്ടറോ ബൈക്കോ വാടകയ്ക്ക് എടുക്കുന്നതാണ് ഏറ്റവും എളുപ്പവും ലാഭകരവും. അതുപോലെ, നോർത്ത് ഗോവയുടെ തിരക്കിൽ നിന്ന് മാറി സൗത്ത് ഗോവ കൂടി ആസ്വദിക്കാൻ ശ്രമിക്കുക. അവിടെ നിങ്ങൾക്ക് കൂടുതൽ ശാന്തവും വൃത്തിയുള്ളതുമായ ബീച്ചുകൾ കാണാം.